മോഷണക്കേസ് പ്രതി 23 വർഷത്തിനു ശേഷം പിടിയിൽ
text_fieldsനജീബ്
ആലപ്പുഴ: മോഷണക്കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി 23 വർഷത്തിനുശേഷം പിടിയിൽ. ആലപ്പുഴ പാലസ് വാർഡ് പുതുച്ചിറയിൽ നജീബിനെയാണ് (43) പിടികൂടിയത്. ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിെൻറ നേതൃത്വത്തിെല 'ഓപറേഷൻ അബ്സ്കോൻഡേഴ്്സ്' പ്രത്യേക അന്വേഷണസംഘം കോഴിക്കോട് കാപ്പാടുനിന്ന് സാഹസികമായാണ് പിടികൂടിയത്.
ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ മോഷണം, അടിപിടി ഉൾപ്പെടെ ആറുകേസിൽ പ്രതിയാണ്. സംഭവത്തിനുശേഷം നാടുവിടുകയും പിന്നീട് വിദേശത്ത് പോവുകയുമാണ് പതിവ്. തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച വിവരം കിട്ടിയിരുന്നില്ല.
തുടർന്ന് പ്രതിയുമായി ബന്ധമുള്ളവരെ മാസങ്ങളായി നിരീക്ഷിച്ചശേഷമാണ് നജീബ് ഗൾഫിൽനിന്ന് ജോലി ഉപേക്ഷിച്ച് കോഴിക്കോട് ഒളിവിൽ കഴിയുന്നെന്ന രഹസ്യവിവരം ലഭിച്ചു. അന്വേഷണസംഘം കോഴിക്കോടെത്തി ദിവസങ്ങളോളം താമസിച്ച് കോഴിക്കോട് കാപ്പാട് മീൻ കച്ചവടം നടത്തിയ ഇയാളെ കോഴിക്കോട് സിറ്റി ക്രൈം ടീമിെൻറ സഹായത്തോടെയാണ് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആലപ്പുഴ സൗത്ത് എസ്.ഐ എസ്. സനൽ, എ.എസ്.ഐമാരായ കെ.എക്സ്. തോമസ്, ടി.ഡി. നെവിൻ, ഷാഹുൽ ഹമീദ്, മോഹൻകുമാർ, എ. സുധീർ, സി.പി.ഒമാരായ പ്രതീഷ്, മനേഷ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.