അരൂരിന്റെ സ്വപ്ന പദ്ധതി മൂന്നിന് നാടിന് സമർപ്പിക്കും
text_fieldsഅരൂർ പഞ്ചായത്ത് കോമ്പൗണ്ടിലെ പൊതുകുളവും മറ്റ് നിർമിതികളും
അരൂർ: തിരക്കിൽനിന്ന് ഒഴിഞ്ഞ് വിശ്രമിക്കാൻ മിനി പാർക്ക്, പരിപാടികൾ നടത്താനും ആസ്വദിക്കാനും തുറന്ന ഓഡിറ്റോറിയം, വിശാലമായ പൊതുകുളം, ലഘു ഭക്ഷണശാല, ടേക്ക് എ ബ്രേക്ക് കേന്ദ്രം. മുഖം മിനുക്കുകയാണ് അരൂർ ഗ്രാമപഞ്ചായത്ത്.ദേശീയപാതക്കരികിലെ ഗ്രാമപഞ്ചായത്ത് ഓഫിസിനോട് ചേർന്ന എരിയകുളം എന്ന പൊതുകുളം കേന്ദ്രീകരിച്ചാണ് പൊതു ഇടത്തിന് ആവശ്യമായ സൗന്ദര്യവത്കരണ പ്രവർത്തനങ്ങളെല്ലാം നടക്കുന്നത്.
രാജഭരണ കാലത്തോളം പഴക്കമുള്ള കുളം ഒരുകാലത്ത് പഞ്ചായത്തിലെ പ്രധാന ശുദ്ധജല സ്രോതസ്സായിരുന്നു. ജപ്പാൻ കുടിവെള്ള ടാങ്കിനുവേണ്ടി കുളത്തിന്റെ പകുതിയും നികത്തിയിരുന്നു. ശേഷിച്ച ഭാഗം നികത്തി അരൂർ പൊലീസ് സ്റ്റേഷൻ നിർമിക്കാനുള്ള ശ്രമം പ്രകൃതിസ്നേഹികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് അധികൃതർ ഉപേക്ഷിക്കുകയായിരുന്നു. ശോച്യാവസ്ഥയിലായിരുന്ന കുളം ജില്ല പഞ്ചായത്ത് അനുവദിച്ച 18.69 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ വിഹിതവും ഉൾപ്പെടെ 50 ലക്ഷം രൂപ ചെലവഴിച്ചാണ് ശുചീകരിച്ചത്. കൽക്കെട്ടുകൾ നിർമിച്ച് സംരക്ഷിച്ച ശേഷമാണ് കുളത്തിനോട് ചേർന്ന സ്ഥലത്ത് ഓപൺ എയർ ഓഡിറ്റോറിയം, മിനി പാർക്ക്, ടേക്ക് എ ബ്രേക്ക് കേന്ദ്രം ഉൾപ്പെടെ സജ്ജമാക്കിയത്.
ആയിരത്തോളം പേർക്ക് ഇരിക്കാവുന്നതാണ് വിശാലമായ ഓപൺ എയർ ഓഡിറ്റോറിയം. ഇതിനോട് ചേർന്നുള്ള മിനി പാർക്കിൽ കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ, ഇരിപ്പിടങ്ങൾ, വാക് വേ എന്നിവയും ഒരുക്കിയിട്ടുണ്ട്. ദീപാലങ്കാരങ്ങളും സുരക്ഷ ഉറപ്പാക്കാൻ എല്ലാ ഭാഗത്തും നിരീക്ഷണ കാമറയും സ്ഥാപിച്ചിട്ടുണ്ട്. പൊതുഇടം എന്ന പഞ്ചായത്ത് നിവാസികളുടെ ദീര്ഘകാല സ്വപ്നപദ്ധതി മൂന്നിന് വൈകീട്ട് അഞ്ചിന് പഞ്ചായത്ത് വളപ്പിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി എം.ബി. രാജേഷ് നാടിനു സമർപ്പിക്കും. ദലീമ ജോജോ എം.എൽ.എ, എ.എം ആരിഫ് എം.പി തുടങ്ങിയവർ സംബന്ധിക്കും. കലാപരിപാടികളും ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

