കാക്കത്തുരുത്ത്; നാട്ടുകാർക്ക് ശരണം വള്ളംതന്നെ
text_fieldsഅരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്തിലെ കാക്കത്തുരുത്ത് ദ്വീപുകാരുടെ പാലത്തിനായുള്ള കാത്തിരിപ്പിന് അറുതിയാകുന്നില്ല. തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ മാത്രമാണ് പാലത്തെക്കുറിച്ച് അധികൃതർ ആലോചിക്കുന്നത്. ആഗോള വിനോദസഞ്ചാര കേന്ദ്രമായി ശ്രദ്ധ നേടിയിട്ടും കാക്കത്തുരുത്തിലെ ജനങ്ങള്‍ പാലത്തിനായി തറച്ച തൂണുകള്‍ക്കിടയിലൂടെ ചെറുവള്ളങ്ങളിലാണ് മറുകര കടക്കുന്നത്. പാലം എന്നത് നടക്കാത്ത മനോഹര സ്വപ്നമായി അവശേഷിക്കുകയാണ്.
എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്തെന്ന കായൽ ദ്വീപ് ലോകടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ചിട്ട് വർഷങ്ങളേറെ കഴിഞ്ഞു. നാഷനല്‍ ജ്യോഗ്രഫിക് മാസിക നടത്തിയ സര്‍വേയില്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സുന്ദര സ്ഥലങ്ങളില്‍ ഒന്നായി കാക്കത്തുരുത്തിനെ ഉള്‍പ്പെടുത്തിയതോടെയാണ് ഈ മനോഹര തീരങ്ങള്‍ ലോക ശ്രദ്ധ നേടുന്നത്.
നാനൂറോളം കുടുംബങ്ങളുള്ള കാക്കത്തുരുത്ത് അതിനും മുമ്പേ തന്നെ ഒരു പാലത്തിനുവേണ്ടി മുട്ടാത്ത വാതിലുകളില്ല. നടത്താത്ത സമരങ്ങളുമില്ല. എന്നാല്‍ ചെറുവള്ളങ്ങളില്‍ എരമല്ലൂര്‍ ഫെറിയിലെത്തി ദേശീയപാത വരെ സഞ്ചരിച്ച് ആവശ്യമുള്ളതെല്ലാം വാങ്ങുകയാണ് പതിവ്. വീട് പുലർത്താനും, വിദ്യാഭ്യാസത്തിനും കായൽ കടക്കണം. സർക്കാറിന്‍റേതായി ഒരു ആയുർവേദ ആശുപത്രി മാത്രമാണ് ദ്വീപിലുള്ളത്. വോട്ടു ചെയ്യാൻ പോലും തുരുത്തുനിവാസികള്‍ പണം മുടക്കി ദേശീയപാതയോരത്തെ പോളിങ് ബൂത്തുകളില്‍ എത്തണം.
ഓരോ തെരഞ്ഞെടുപ്പ് കാലത്തും പാലമെന്ന സുന്ദര സ്വപ്നം ദ്വീപ് നിവാസികള്‍ക്ക് മുമ്പാകെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും ഉയര്‍ത്തിക്കാട്ടും. മൂന്ന് കിലോമീറ്റര്‍ നീളവും ഒന്നര കിലോമീറ്റര്‍ വീതിയുമുള്ള കാക്കത്തുരുത്ത് ദ്വീപിലെ ജനസംഖ്യ ആയിരത്തോളം വരും. എന്തിനുമേതിനും ചെറുവള്ളങ്ങളെ ആശ്രയിക്കുന്ന തുരുത്തിലെ ജനത മഴക്കാലമായാല്‍ വീട്ടില്‍ അടച്ചിരിക്കാറാണ് പതിവ്. കായലില്‍ പായല്‍ നിറഞ്ഞാലും അക്കരെ കടക്കാൻ കഷ്ടപ്പെടേണ്ടി വരും. 2006ല്‍ ഒരു കാര്‍ട്ടബിള്‍ പാലത്തിനായി എട്ട് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.
അന്നത്തെ എം.എല്‍.എ എ.എം. ആരിഫിന്റെ ശ്രമഫലമായിരുന്നു അത്. അതിവേഗം ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കി. എന്നാല്‍, പലവിധ തടസ്സങ്ങളിൽ കുടുങ്ങി പാലം ജലരേഖയായി. തുടര്‍ന്ന് കേസും നിയമനടപടികളുമായി. ഇപ്പോൾ പ്രശ്നങ്ങളെല്ലാം അകന്നെന്നു പറയുന്നു. പാലം നിർമാണത്തിനു വേണ്ടി ഇരുകരകളിലും സ്ഥലം വിട്ടുനൽകുന്നവർക്കുള്ള നഷ്ടപരിഹാരത്തുക അനുവദിച്ച് ഉത്തരവായെന്നു എഴുപുന്ന പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടും നാളേറെയായി. 22 കോടി 83 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. ഇനിയും എന്താണ് പാലം വരാത്തത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

