അംഗൻവാടിയിൽ ശുചിമുറിയില്ല; പരാതിയുമായി നാട്ടുകാർ
text_fieldsഅരൂർ ആഞ്ഞിലിക്കാട് ക്ഷേത്രത്തിന് അരികിലുള്ള
അംഗൻവാടി
അരൂർ: അരൂർ ഗ്രാമപഞ്ചായത്തിലെ 16ാം വാർഡിൽ ആഞ്ഞിലിക്കാടുള്ള അംഗൻവാടിയിൽ 22 വർഷമായി ശുചിമുറിയില്ല. 2002ൽ ഉദ്ഘാടനം നടത്തിയ അംഗനവാടിയാണിത്. സമീപത്തുള്ള ആഞ്ഞിലിക്കാട് ക്ഷേത്രം സൗജന്യമായി നൽകിയ രണ്ട് സെൻറ് സ്ഥലത്താണ് അംഗൻവാടിയുള്ളത്. ആദ്യ നാളുകളിൽ ബേബി ടോയ്ലറ്റ് ഇവിടെ ഉണ്ടായിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ അപകടസ്ഥിതിയിലായ ഇതിലേക്ക് കുട്ടികളെ പ്രവേശിപ്പിക്കാതെയായി. ഇപ്പോൾ വഴിയിലാണ് കുട്ടികളുടെ ആവശ്യം നിറവേറ്റുന്നത്. ശുചിത്വവും സുരക്ഷിതത്വവും ശീലിപ്പിക്കേണ്ട അംഗനവാടിയിലെ ദുഃസ്ഥിതി രണ്ടുപതിറ്റാണ്ടായി തുടരുകയാണ്. ഐ.സി.ഡി.എസ് മേലാധികാരികളോടും അരൂർ ഗ്രാമപഞ്ചായത്ത് അധികൃതരോടും വികസന സെമിനാറിലും ഗ്രാമസഭയിലും ആവശ്യമുന്നയിച്ചിട്ടും പ്രയോജനമുണ്ടായിട്ടില്ലെന്ന് സമീപവാസികൾ പറഞ്ഞു.
ക്ഷേത്രം തന്നെ കുറച്ചുകൂടി സ്ഥലം ശുചിമുറി പണിയുന്നതിനു വേണ്ടി നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. ടോയ്ലറ്റ് പണിയുന്നതിന് പദ്ധതി തയാറാക്കാൻ ഇനിയും കാലതാമസം ഉണ്ടാകരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.
അരൂർ ഗ്രാമപഞ്ചായത്തിൽ 36 അംഗനവാടികളാണ് ആകെയുള്ളത്. ഇതിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് 18 എണ്ണമാണ്. സ്വന്തം കെട്ടിടം ഉണ്ടായിട്ടും ടോയ്ലറ്റില്ലാത്ത ഏക അംഗനവാടി ആഞ്ഞിലിക്കാട് അംഗനവാടി മാത്രമാണ്. മൂന്ന് കിലോമീറ്റർ അകലെനിന്നും പോലും കുട്ടികൾ ഇവിടെ എത്തുന്നുണ്ട്. ഇരുപതോളം കുട്ടികൾ ദിവസേന വന്നുപോകുന്ന സ്ഥലമാണിത്. അരൂർ ആഞ്ഞിലക്കാട് അംഗനവാടിയിൽ ടോയ്ലറ്റ് സൗകര്യമില്ലെന്നറിഞ്ഞ ചിലർ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

