അരൂരിൽ രണ്ടു മുന്നണികൾക്കും വ്യക്തമായ മുന്നേറ്റമില്ല
text_fieldsഅരൂർ: നിയോജകമണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ ഏഴിടത്തും എൽ.ഡി.എഫിന് ഭരണം നിലനിർത്താൻ കഴിഞ്ഞെങ്കിലും സീറ്റുകളുടെ എണ്ണംകുറഞ്ഞു. ബി.ജെ.പിയുടെ കടന്നുകയറ്റം പല പഞ്ചായത്തുകളുടെയും തലവര മാറ്റിമറിച്ചു.
എൽ.ഡി.എഫിന്റെ കൈയിൽ ഉണ്ടായിരുന്ന അരൂർ, എഴുപുന്ന, കുത്തിയതോട്, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, പാണവള്ളി, പെരുമ്പളം എന്നീ ഏഴ് പഞ്ചായത്തുകളിൽ അരൂരും എഴുപുന്നയും നഷ്ടമായി. കോൺഗ്രസ് ഭരിച്ചിരുന്ന കോടംതുരുത്ത്, തുറവൂറും എൽ.ഡി.എഫ് പടിച്ചെടുത്തു. അരൂക്കുറ്റി, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളിൽ വ്യക്തമായ ഭൂരിപക്ഷം ആർക്കുമില്ല.
തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ 14 സീറ്റുകളിൽ ഏഴ് സീറ്റുകൾ എൽ.ഡി.എഫിന് ഉണ്ടെങ്കിലും ഭരണം ആർക്കെന്നുള്ള അനിശ്ചിതത്വം നിലനിൽക്കുകയാണ്.എൻ.ഡി.എയുടെ ഒരു സീറ്റ് ഇവിടെ നിർണായകമാകും. ആറ് സീറ്റ് ഉള്ള യു.ഡി.എഫ് പ്രതിപക്ഷത്തിരിക്കും. അരൂക്കുറ്റി ഗ്രാമപഞ്ചായത്തിൽ ആകെയുള്ള 15 സീറ്റിൽ ഏഴു സീറ്റ് നേടി എൽ.ഡി.എഫ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും ഭൂരിപക്ഷത്തിന് ഒരു സീറ്റ് കൂടി വേണ്ടിവരും. ആറ് സീറ്റ് യു.ഡി.എഫിന് ഉണ്ട്. ഓരോ സീറ്റുള്ള ബി.ജെ.പിയും എസ്.ഡി.പി.ഐയും നിർണായകമാകും. പള്ളിപ്പുറം പഞ്ചായത്തിലെ സ്ഥിതിയും സങ്കീർണമാണ്.
ആകെയുള്ള പത്തൊമ്പത് സീറ്റിൽ യു.ഡി.എഫിനും ബി.ജെ.പിക്കും ഏഴ് സീറ്റ് വീതമാണ് ലഭിച്ചിട്ടുള്ളത്.എൽ.ഡി.എഫിന് അഞ്ചു സീറ്റും ലഭിച്ച ഇവിടെ അനിശ്ചിതത്വം തുടരുകയാണ്. കോടംതുരുത്തിലും തുറവൂരിലും ആധിപത്യം ഉറപ്പിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞത് നേട്ടമായി കണക്കാക്കുമ്പോഴും കൈയിലിരുന്ന അരൂർ, എഴുപുന്ന, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളുടെ നഷ്ടം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതു മുന്നണി ഗൗരവമായി ചർച്ച ചെയ്യേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

