മാലിന്യക്കുഴിയായി എഴുപുന്ന പഞ്ചായത്തിലെ പൊതുകുളം
text_fieldsമാലിന്യം നിറഞ്ഞ എരമല്ലൂർ കാട്ടിശ്ശേരി കുളം
അരൂർ: എരമല്ലൂരിലെ കാട്ടിശ്ശേരി കുളം മാലിന്യം തള്ളാനുള്ള ഇടമായി മാറിയിട്ട് വർഷങ്ങൾ ഏറെയായി. എഴുപുന്ന ഗ്രാമപഞ്ചായത്തിന്റെ പൊതുസ്വത്തായ കുളം ശുചിയാക്കി സംരക്ഷിക്കേണ്ടവരുടെ കെടുകാര്യസ്ഥതയാണ് കുളത്തിന്റെ ദുരവസ്ഥക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. സമീപത്തെ കടകളിൽ നിന്ന് മാലിന്യം തള്ളുന്നത് കുളത്തിലേക്കാണ്. പഞ്ചായത്തിൽ ജല വിതരണത്തിന് ഉപയോഗിച്ചിരുന്ന കുളം ഇപ്പോൾ അവഗണനയിലാണ്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി കുളം സൗന്ദര്യവത്കരണത്തിന് പദ്ധതി തയാറാക്കിയിരുന്നു. പായൽ അടിഞ്ഞും കാടുകയറിയും മാലിന്യം നിറഞ്ഞും ആളുകൾ ഇറങ്ങാൻ പോലും മടിക്കുന്ന പൊതുകുളവും പരിസരവും നവീകരിക്കാൻ 65 ലക്ഷം രൂപയാണ് എഴുപുന്ന ഗ്രാമപഞ്ചായത്ത് വകയിരുത്തിയിരുന്നത്. സൗന്ദര്യവത്കരണത്തിന് കലാകാരന്മാരുടെ യോഗം വിളിച്ചുചേർത്താണ് അന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്. കുളത്തിന്ചുറ്റും നടപ്പാതയും ലഘുവ്യായാമ ഉപകരണങ്ങൾ ഘടിപ്പിച്ച പാർക്കും ഓപൺ എയർ ഓഡിറ്റോറിയവും ഇരിപ്പിടങ്ങളും ലഘുഭക്ഷണശാലയും ഒരുക്കാൻ പദ്ധതിയിട്ടു. കുളത്തിന്റെ തെക്കുഭാഗത്ത് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമിച്ച അനാവശ്യ കെട്ടിടങ്ങൾ പൊളിച്ചുനീക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, കരാറുകാരൻ പണികൾ പൂർത്തിയാക്കാതെ കരാർ ഉപേക്ഷിച്ചു. വ്യവസ്ഥകൾ പാലിക്കാൻ പഞ്ചായത്ത് തയാറായില്ലെന്നാണ് കരാറുകാരൻ പറഞ്ഞിരുന്നത്. ശുചീകരണത്തിന്റെ പണികൾ തുടങ്ങിയെങ്കിലും പൂർത്തിയാക്കാതെ പദ്ധതി അവതാളത്തിലായി. കുളം പൂർവാധികം വൃത്തിഹീനവുമായി. പുതിയ ഭരണസമിതി പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായി കുളം നവീകരണം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

