കെൽട്രോൺ റോഡ് പറ്റിക്കൽ അറ്റകുറ്റപ്പണി; ടാർ കുറഞ്ഞതുമൂലം ഒറ്റ ദിവസംകൊണ്ട് മെറ്റൽ ഇളകി
text_fieldsപുനർനിർമാണം നടത്തിയ അരൂർ കെൽട്രോൺ റോഡ്
അരൂർ: നിറയെ കുഴികളായി തകർന്നു കിടന്ന അരൂർ കെൽട്രോൺ റോഡിൽ തട്ടിപ്പ് അറ്റകുറ്റ പണി. വ്യാഴാഴ്ച ടാറിങ് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും ടാർ കുറഞ്ഞത് മൂലം ഒറ്റ ദിവസം കൊണ്ട് മെറ്റൽ ഇളകിത്തുടങ്ങി. റോഡ് നിർമാണത്തിലെ അപാകതകൾക്കെതിരെ പ്രതിഷേധം ഉയർന്നു. ടാർ ചെയ്ത റോഡിൽ നിന്ന് അടർന്നു പോകുന്ന മെറ്റൽ റോഡിൽ ചിതറി കിടക്കുന്നത് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അരൂർ ഗ്രാമപഞ്ചായത്തിലെ കെൽട്രോൺ കവലയിൽ നിന്ന് കുമ്പളങ്ങി ഫെറി വരെ ഒരു കിലോമീറ്ററോളം നീളുന്ന റോഡ് നിറയെ കുഴികളായി തകർന്ന് കിടന്നതിനെതിരെ നിരവധി സംഘടനകൾ പ്രതിഷേധവുമായി എത്തിയപ്പോഴാണ് റോഡിന്റെ കുറെ ഭാഗം അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്ത് വിഭവഗം തയാറായത്. ബാക്കി ഭാഗത്തെ തകർച്ച മാറ്റാൻ ഒരു വർഷത്തേക്ക് സ്വകാര്യ വ്യക്തിക്ക് റണ്ണിങ് കോൺട്രാക്ട് ഏൽപിച്ച് പൊതുമരാമത്ത് കെൽട്രോൺ കവലയിൽ ബോർഡ് സ്ഥാപിച്ചു.
റോഡ് തകർന്നാൽ ഉടൻ പരിഹരിക്കാൻ റണ്ണിങ് കോൺട്രാക്ട് നൽകിയ വ്യക്തിയെയോ, ഡിപ്പാർട്ട്മെന്റിനെയോ പൊതുജനങ്ങൾ വിളിച്ചറിയിക്കണമെന്നായിരുന്നു ബോർഡിലെ അറിയിപ്പ്. ഒക്ടോബർ മാസം റോഡിന്റെ തകരാർ പൊതുമരാമത്ത് വകുപ്പിനെ നാട്ടുകാർ അറിയിച്ചെങ്കിലും കരാറുകാരൻ റോഡ് പണിക്ക് എത്തിയത് കഴിഞ്ഞ ദിവസമാണ്.
റോഡിലെ ഗതാഗതം തടഞ്ഞ് വ്യാഴാഴ്ച അറ്റകുറ്റപ്പണി നടത്തിയെങ്കിലും കുറ്റമറ്റ രീതിയിൽ റോഡ് പണി നടത്തിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കെൽട്രോൺ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങളിലേക്കും കയറ്റുമതി സ്ഥാപനങ്ങളിലേക്ക് കണ്ടെയ്നർ ലോറി ഉൾപ്പെടെ യാത്ര ചെയ്യുന്ന റോഡാണിത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ റോഡ് പണി നടത്താൻ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

