അരൂക്കുറ്റിയിലെ ആളൊഴിഞ്ഞ ചെറുദ്വീപുകൾ പ്രതീക്ഷയുടെ തുരുത്തിൽപ്രതീക്ഷയുടെ തുരുത്തിൽ
text_fieldsഅരൂക്കുറ്റി കായലിലെ ചെറുദീപ്
അരൂർ: അരൂക്കുറ്റി കായലിലെ ആളൊഴിഞ്ഞ ചെറുദ്വീപുകൾ ഇപ്പോൾ നിശബ്ദമാണ്. ആളനക്കമില്ലാതെ കിടക്കുന്ന കായൽ ദ്വീപുകളിൽ ഇനി വിനോദസഞ്ചാരികളുടെ ആഹ്ലാദമേളം ഉയരും. അരൂരിലെ സമുദ്ര ഷിപ്പ്യാർഡ് വികസിപ്പിക്കുന്ന ഫ്ലോട്ടിങ് കോട്ടേജുകൾ തീരപരിപാലന നിയമത്തിന്റെ നിബന്ധനകളിൽ വട്ടം തിരിയുന്ന കായൽ ടൂറിസത്തിന് പുതിയ വഴി വെട്ടിത്തുറക്കുകയാണ്. കാശ്മീർ സ്വദേശിയായ ഐ.ഐ.ടി വിദ്യാർഥി നമൻ ശർമയുടെ പ്രൊജക്ട് ആശയമാണ് കായൽ വിനോദസഞ്ചാര മേഖലയിൽ വിപ്ലവമാകുന്നത്.
കായൽ തുരുത്തുകളിലെ സ്വച്ഛ ജീവിതം വിട്ടെറിഞ്ഞ് ദ്വീപ് നിവാസികൾ കരകയറിയിട്ട് പതിറ്റാണ്ടുകൾ കഴിയുന്നു. 50ഓളം കുടുംബങ്ങളാണ് ഇവിടെ നിന്ന് ഒഴിപ്പിക്കപ്പെട്ടത്. കായൽ ടൂറിസത്തിന്റെ മേനി തിളക്കത്തിൽ അക്കാലത്ത് വേമ്പനാട്ടുകായലിന്റെ ഓരങ്ങളും ചെറുദ്വീപുകളും വ്യാപകമായി വിൽക്കപ്പെട്ടിരുന്നു. വിനോദസഞ്ചാര സാധ്യതകൾ മുന്നിൽ കണ്ട് കായൽ ദ്വീപുകൾ വാങ്ങിയവരുടെ മോഹങ്ങൾക്ക് തീരദേശ പരിപാലന നിയമം ഇരുട്ടടിയായി. കായൽ ടൂറിസത്തിനായി കെട്ടിപ്പൊക്കിയ വൻകിട പദ്ധതികൾ പോലും നിലം പൊത്തി. അരൂക്കുറ്റി കായലിലും മൂന്ന് ചെറുദ്വീപുകൾ സ്വകാര്യ കമ്പനികൾ വാങ്ങിയെങ്കിലും കായൽ വിനോദ സഞ്ചാരം എത്തിയില്ല. ആരവങ്ങളില്ലാതെ, ആൾതാമസമില്ലാതെ, ദ്വീപുകൾ വെറുതെ കിടക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ കഴിയുന്നു. ദ്വീപുകൾക്ക് ചുറ്റും ഒഴുകുന്ന വാസയോഗ്യമായ കോട്ടേജുകൾ നിർമിച്ചാൽ നിയമം തടസ്സമാകില്ല എന്ന ആശയമാണ് കായൽ ടൂറിസത്തിന് വീണ്ടും ഉണർവ് പകരുന്നത്. തീരപരിപാലന നിയമത്തിന്റെ തടസ്സങ്ങളെ നിയമപരമായി മറികടക്കാൻ കഴിയുമെന്നതാണ് സവിശേഷത. കേരള മാരിടൈം ബോർഡ് അനുമതി നൽകുന്നതോടെ ദ്വീപുകൾക്ക് ചുറ്റും കോട്ടേജുകൾ വിന്യസിക്കുന്നതിനുള്ള തയാറെടുപ്പിലാണ് വിനോദ സഞ്ചാര രംഗത്തുള്ള കമ്പനികൾ.
എല്ലാ നിയമങ്ങളും അനുസരിച്ച് രൂപകല്പന ചെയ്ത കോട്ടേജുകൾ ഇപ്പോൾ അംഗീകൃത സ്ഥാപനങ്ങളിൽ നിർമിക്കപ്പെടുന്നുണ്ട്. അരൂക്കുറ്റി കായൽക്കരയിൽ ഇപ്പോൾ ഹൗസ് ബോട്ട് ടെർമിനൽ സജീവമാണ്. വൈക്കം സത്യഗ്രഹത്തിന്റെ സമരനായകൻ പെരിയാർ സ്മാരകത്തിന്റെ പണികൾ ഇവിടെ പുരോഗമിക്കുന്നു. തമിഴ്നാട് സർക്കാർ നിർമാണത്തിന് നേതൃത്വം നൽകുന്നുണ്ട്.
സ്മാരകം പൂർത്തിയാകുന്നതോടെ, ദേശീയപ്രാധാന്യമുള്ള സ്ഥലമായി അരൂക്കുറ്റി മാറും. ചരിത്രപരമായ അരൂക്കുറ്റിയുടെ നഷ്ടപ്രതാപം പൂർവാധികം ശക്തിയോടെ തിരിച്ചെത്തുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

