തുറവൂർ-അരൂർ ഉയരപ്പാത നിർമാണം പുരോഗമിക്കുന്നു
text_fieldsതുറവൂർ-അരൂർ ഉയരപ്പാതയുടെ നിർമാണം നടക്കുന്നു
അരൂർ: തുറവൂർ-അരൂർ ഉയരപ്പാതയുടെ തൂണുകൾ നിർമിക്കുന്നതിന് ഭൂമിക്കടിയിൽ സ്ഥാപിക്കുന്ന 250 പില്ലറുകളുടെ ജോലി പൂർത്തിയായി.
ഒരുതൂണ് സ്ഥാപിക്കുന്നതിനായി 1.20മീറ്റർ അകലത്തിൽ എട്ട് പില്ലറാണ് വേണ്ടത്. 55 മുതൽ 65 വരെ മീറ്റർ താഴ്ചയിൽ ഭൂമി തുരന്നശേഷമാണ് കോൺക്രീറ്റ് പില്ലറുകൾ സ്ഥാപിക്കുന്നത്.
ഇതിനു മുകളിലാണ് പ്രധാന തൂണുകൾ നിർമിക്കുന്നത്. 9.5മീറ്റർ ഉയരത്തിലുള്ള തൂണിന്റെ മുകളിൽ ഗർഡറുകൾ സ്ഥാപിക്കും. ഇതിനുമുകളിൽ 24 മീറ്റർ വീതിയിൽ ഇരുവശങ്ങളിലുമായി പാത നിർമിക്കും. ഉയരപ്പാതയുടെ തൂണുകൾ കോൺക്രീറ്റ് ചെയ്യുന്ന ജോലി തുറവൂരിൽ തുടങ്ങി.
രാജ്യത്തെ തന്നെ ഒറ്റത്തൂണിലുള്ള വലിയ ആറുവരിപ്പാതയാണിത്. 12.75 കിലോമീറ്റർ ദൂരത്തിൽ 373 തൂണുകളിലായിട്ടാണ് പാത നിർമിക്കുന്നത്. ആദ്യ ഘട്ടമെന്നോണം തുറവൂരിൽ അഞ്ച് തൂണുകളാണ് കോൺക്രീറ്റ് ചെയ്യുന്നത്. ഇതിൽ ഒന്നിന്റെ കോൺക്രീറ്റ് പണികൾ പൂർത്തിയായി. ബാക്കിയുള്ളവയുടെ ജോലി നടക്കുന്നുണ്ട്. ഭൂമി തുരന്ന് സ്ഥാപിച്ച പില്ലറുകൾക്കുമുകളിലാണ് തൂണുകൾ കോൺക്രീറ്റ് ചെയ്യുന്നത്. ആകെ 2984 പില്ലറുകളാണ് തയാറാക്കുന്നത്. ഭൂമി കുഴിക്കുന്നതിനായി 10 അത്യാധുനിക യന്ത്രങ്ങളെത്തിച്ചിട്ടുണ്ട്. രാത്രിയും പകലും നിർമാണ ജോലി പുരോഗമിക്കുന്നുണ്ട്. നിർമാണം നടക്കുന്നതിനാൽ പലയിടത്തും ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനം നിയന്ത്രിച്ചാണ് കടത്തിവിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

