കടലിൽ മീൻ ക്ഷാമം; തീരം വറുതിയിൽ
text_fieldsഅന്ധകാരനഴിയിൽ കടൽതീരത്ത് കയറ്റിയിട്ടിരിക്കുന്ന വള്ളങ്ങൾ
അരൂർ: കടലിൽ മീൻ ലഭ്യത കുറഞ്ഞതോടെ തീരം വറുതിയിലായി. മാസങ്ങളായി കടൽ മീനുകളുടെ ലഭ്യത ഗണ്യമായി കുറഞ്ഞതാണ് കടലോരവാസികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയത്. പ്രയോജനം ഇല്ലാത്തതിനാൽ ഭൂരിഭാഗം വള്ളങ്ങളും ഇപ്പോൾ കടലിൽ പോകുന്നില്ല. കുറഞ്ഞ തോതിൽ അയലയും ചാളയും ലഭിക്കുന്നുണ്ടെങ്കിലും ഇന്ധന വിലയും തൊഴിലാളികളുടെ കൂലിയും നോക്കുമ്പോൾ മുതലാകാത്ത സ്ഥിതിയാണെന്ന് തൊഴിലാളികൾ പറയുന്നു.
രണ്ട് മുതൽ 20 പേർ വരെ പണിയെടുക്കുന്ന വള്ളങ്ങളാണ് അധികവും കടലിൽ പോകുന്നത്. മീൻ കിട്ടാതെ വരുമ്പോൾ ഇന്ധനച്ചെലവ് ഉൾപ്പെടെ ശരാശരി 10,000 രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. അമിതമായ ചൂട് മത്സ്യലഭ്യത കുറയാൻ കാരണമായതായി തൊഴിലാളികൾ പറയുന്നു. വള്ളത്തിൽ മീൻ പിടിക്കുന്നവരും അനുബന്ധ തൊഴിലാളികളുമുൾപ്പെടെ ആയിരങ്ങളാണ് പണിയില്ലാത്തതുമൂലം ദുരിതത്തിലാകുന്നത്.
അർത്തുങ്കൽ മുതൽ കൊച്ചി വരെയുള്ള നൂറുകണക്കിന് വള്ളങ്ങളാണ് ചെല്ലാനം മിനി ഫിഷിങ് ഹാർബർ, പള്ളിത്തോട് ചാപ്പക്കടവ്, അന്ധകാരനഴി എന്നിവിടങ്ങളിൽ കയറ്റിയിട്ടിരിക്കുന്നത്. ദുരിതം മൂലം നട്ടം തിരിയുന്ന തീരമേഖലകളിൽ ന്യായമായ നിരക്കിൽ മണ്ണെണ്ണ ലഭ്യമാക്കാനുള്ള സംവിധാനം വേണമെന്നും അടിയന്തര ധനസഹായം നൽകണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.