പശ്ചിമ കൊച്ചിയിലേക്കുള്ള വഴി അടച്ചു: അരൂർ വ്യവസായ കേന്ദ്രം സ്തംഭിച്ചു
text_fieldsകൊച്ചിയിലേക്കുള്ള റോഡ് ഇടക്കൊച്ചിയിൽ അടച്ച നിലയിൽ
അരൂർ: ലോക്ഡൗണിനെ തുടർന്ന് കൊച്ചിയിലേക്കുള്ള സംസ്ഥാന പാത അടച്ചതോടെ അരൂർ വ്യവസായ കേന്ദ്രം പൂർണമായും സ്തംഭിച്ചു. എറണാകുളം ജില്ലയിൽ ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ എറണാകുളത്തേക്കുള്ള ആലപ്പുഴ ജില്ലയിലെ എല്ലാ വഴികളും അടച്ചിരിക്കുകയാണ്.
വൈറ്റില ബൈപാസ് വരുന്നതിനു പതിറ്റാണ്ടുകൾക്കു മുമ്പ് തന്നെ കൊച്ചിയിലേക്കുള്ള ഏകമാർഗമാണ് ഇടക്കൊച്ചി പള്ളുരുത്തി തോപ്പുംപടിവഴി എറണാകുളത്തേക്കുള്ള സ്റ്റേറ്റ് ഹൈവേ.
ആലപ്പുഴ ജില്ലയിൽ ലോക്ഡൗൺ ഇല്ലാത്തതുകൊണ്ട് വ്യവസായ കേന്ദ്രത്തിൽ നിരവധി കമ്പനികൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പ്രവർത്തിച്ചിരുന്നു. എന്നാൽ, എറണാകുളത്ത് ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അരൂരിലെ വ്യവസായ കേന്ദ്രം സ്തംഭനാവസ്ഥയിലായി.
എഴുപതോളം വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന അരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ അധികവും സമുദ്രോൽപന്ന കയറ്റുമതി ശാലകളാണ്. കൊച്ചിയിലെ ഫിഷിങ് ഹാർബറിൽനിന്ന് മത്സ്യവിഭവങ്ങൾ ശേഖരിക്കുന്നത് പതിവാണ്. ട്രിപ്ൾ ലോക്ഡൗൺ ആയതിനുശേഷം സംവിധാനം മുറിഞ്ഞു.
മറ്റു വ്യവസായശാലകളിലെ വ്യവസായ ആവശ്യങ്ങൾക്കുള്ള അസംസ്കൃത സാധനങ്ങൾ കൊണ്ടുവരുന്നതും ഈ വഴിയാണ്. ആകെയുള്ള തൊഴിലാളികളിൽ അധികവും പശ്ചിമകൊച്ചിയിൽ താമസിക്കുന്നവരാണ്. ഇടക്കൊച്ചിവഴി ഉള്ള റോഡ് അടച്ചതോടെ അരൂരിലെ വ്യവസായശാലകളും അടഞ്ഞ മട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

