ആരെങ്കിലും ഒന്നു വിശ്രമിക്കൂ, പ്ലീസ്...
text_fieldsപുതുക്കിപ്പണിത അരൂർ ഗ്രാമപ്പഞ്ചായത്തിലെ വിശ്രമകേന്ദ്രം
അരൂർ: ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾക്കായി പുതുക്കിപ്പണിത വിശ്രമ കേന്ദ്രത്തിൽ വിശ്രമിക്കാൻ പഞ്ചായത്ത് അംഗങ്ങൾ കൂട്ടാക്കുന്നില്ല. പഞ്ചായത്ത് ഓഫിസിന് മുൻവശം കുടുംബശ്രീ അംഗങ്ങൾക്ക് ന്യായ വില ഹോട്ടൽ തുടങ്ങാനാണ് ഈ കെട്ടിടം പണിതത്.
കുടുംബശ്രീക്കാർ ഇടക്കുവെച്ച് ഹോട്ടൽ നിർത്തി. പിന്നീട് അനാഥമായ കെട്ടിടത്തിൽ ആഴ്ചയിലൊരിക്കൽ അരൂരിലെ ജൈവ കൃഷിക്കാർക്ക് പച്ചക്കറികൾ പ്രദർശിപ്പിക്കാനും വിൽക്കാനും അനുവദിക്കണമെന്ന് ആവശ്യമുയർന്നു.
കൃഷി ഓഫിസറും പ്രദേശത്തെ സാമൂഹ്യ പ്രവർത്തകരും ഈ ആവശ്യമുന്നയിച്ച് പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനങ്ങൾ നൽകി. എന്നാൽ ആവശ്യം അംഗീകരിക്കാതിരുന്ന ഭരണസമിതി, കെട്ടിടം പഞ്ചായത്ത് അംഗങ്ങളുടെ വിശ്രമ കേന്ദ്രമാക്കാൻ തീരുമാനിക്കുകയായിരുന്നു. പതിനായിരങ്ങൾ ചെലവിട്ട് കെട്ടിടത്തിന്റെ മുഖം മിനുക്കിയെങ്കിലും പുതുക്കിപ്പണിഞ്ഞ കെട്ടിടത്തിൽ മാസങ്ങൾ കഴിഞ്ഞിട്ടും പഞ്ചായത്ത് അംഗങ്ങളൊന്നും വിശ്രമിച്ചിട്ടില്ല.

