അരൂരിൽ പൊതുശ്മശാനം വീണ്ടും അടച്ചു
text_fieldsശാന്തിഭൂമി പൊതുശ്മശാനം
അരൂർ: അരൂർ പഞ്ചായത്തിന്റെ പൊതുശ്മശാനം ശാന്തിഭൂമി പ്രവർത്തിക്കാതായിട്ട് മാസങ്ങളായി. ക്രിമറ്റോറിയം തകരാറിലായതിനെത്തുടർന്ന് പ്രവർത്തിക്കാതായ പൊതുശ്മശാനം തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും അധിക നാളാകുംമുമ്പ് വീണ്ടും പൂട്ടുകയായിരുന്നു. മാസം നൽകുന്ന തുക കുറവായത് മൂലം ഓപറേറ്റർ ഒഴിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. ഗ്രാമപ്രദേശങ്ങളിലെ പൊതുശ്മശാനത്തിലെ ഓപറേറ്റർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന പരമാവധി തുക ഒരു മാസം 20025 രൂപയാണെന്ന് പഞ്ചായത്ത് അധികാരികൾ പറയുന്നു. ഈ തുക കൃത്യമായി കൊടുത്തിട്ടും ഓപറേറ്റർ ജോലി ഉപേക്ഷിച്ചു പോകുകയായിരുന്നു.
അരൂരിൽ വർഷങ്ങൾക്കുമുമ്പ് ലക്ഷങ്ങൾ മുടക്കി അത്യാധുനിക സൗകര്യങ്ങളോടുകൂടി ഒരേസമയം രണ്ട് മൃതശരീരങ്ങൾ സംസ്കരിക്കാൻ കഴിയും വിധമുള്ള സംവിധാനത്തോടെ ആരംഭിച്ചതാണ് പൊതുശ്മശാനം. എന്നാൽ, തകരാറില്ലാതെ വളരെ കുറച്ചുനാൾ മാത്രമാണ് ഇത് പ്രവർത്തിക്കാൻ കഴിഞ്ഞത്. സംസ്കരിക്കാൻ സ്വന്തമായി സ്ഥലമില്ലാത്ത നിരവധി കോളനികളും വീടുകളും അധികമുള്ള പഞ്ചായത്താണ് അരൂർ. സമീപങ്ങളിലുള്ള പഞ്ചായത്തുകളിൽനിന്നും സംസ്കരിക്കാൻ മൃതശരീരങ്ങളും ഇവിടെ എത്തിക്കാറുണ്ട്. കഴിഞ്ഞ കുറെനാളായി നെട്ടൂർ പൊതുശ്മശാനത്തിനെയാണ് ഇവിടെയുള്ളവർ ആശ്രയിക്കുന്നത്. തീരമേഖലകളിൽ വെള്ളക്കെട്ട് ആരംഭിച്ചാൽ പൊതുശ്മശാനമാണ് നാട്ടുകാരുടെ ആശ്രയം. പുതിയ ഓപറേറ്ററെ ക്ഷണിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

