പ്രതിഷേധം ശക്തം; കുടിവെള്ള പൈപ്പിന്റെ തകരാർ പരിഹരിച്ചു
text_fieldsഎരമല്ലൂരിൽ ജപ്പാൻ
കുടിവെള്ള ൈപപ്പ് പൊട്ടിയത് പരിഹരിക്കുന്നു
അരൂർ: എരമല്ലൂരിൽ വെള്ളിയാഴ്ച ഉച്ചക്ക് പൊട്ടിയ ജപ്പാൻ കുടിവെള്ള പദ്ധതി മെയിൻ പൈപ്പിന്റെ തകരാർ പരിഹരിക്കാൻ ആറു ദിവസം ആവശ്യമാണെന്ന് ജലഅതോറിറ്റി അറിയിച്ചത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.
അരൂർ, എഴുപുന്ന, കോടംതുരുത്ത്, തുറവൂർ, കുത്തിയതോട്, വയലാർ, പട്ടണക്കാട്, കടക്കരപ്പള്ളി പഞ്ചായത്തുകളിൽ കുടിവെള്ളം 28വരെ വരെ മുടങ്ങുമെന്നും അറിയിപ്പുണ്ടായിരുന്നു. വാട്ടർ അതോറിറ്റിയുടെ ഓഫിസിലേക്ക് മാർച്ച് ഉൾപ്പെടെ സമരപരിപാടികൾ നാട്ടുകാർ ആസൂത്രണം ചെയ്തതോടെ അധികൃതർ ജാഗ്രതയിലായി. വെള്ളിയാഴ്ച രാത്രി തന്നെ തൊഴിലാളികളും യന്ത്രസാമഗ്രികളുമായി സ്ഥലത്തെത്തി പണി ആരംഭിച്ചു.
രാത്രി മുഴുവൻ തുടർച്ചയായി പണിയെടുത്ത് ഞായറാഴ്ച പുലർച്ചയോടെ തകരാറിലായ പൈപ്പ് യോജിപ്പിക്കാൻ കഴിഞ്ഞു. ആറോളം തൊഴിലാളികളും ഫൈബർ ഗ്ലാസ് വിദഗ്ധരായ രണ്ടുപേരും പൈപ്പിന്റെ തകരാറുമാറ്റാൻ ഉണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയോടെ പമ്പിങ് ആരംഭിക്കാൻ കഴിയുമെന്നും കുടിവെള്ളം വൈകുന്നേരം മുതൽ ലഭിച്ചുതുടങ്ങുമെന്നും അധികൃതർ അറിയിച്ചു.
വെള്ളം എത്തിക്കാൻ കലക്ടറുടെ നിർദേശം; ഒരിടത്തും ലഭിച്ചില്ലെന്ന് നാട്ടുകാർ
അരൂര്‍: തുടർച്ചയായി പൈപ്പ് തകരാറിലായപ്പോൾ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കണമെന്ന് കലക്ടർ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. എന്നാൽ, ആസൂത്രണത്തിലെ അപാകത മൂലം ഒരിടത്തും വെള്ളം എത്തിക്കാൻ കഴിഞ്ഞില്ല. ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ വഴിയോ പഞ്ചായത്ത് സെക്രട്ടറിമാര്‍ വഴിയോ ശുദ്ധജലം ലഭ്യമാക്കണമെന്നായിരുന്നു കലക്ടറുടെ നിർദേശം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇത്തരമൊരു നിർദേശം കരാര്‍ കമ്പനിക്ക് നല്കിയതും അടിയന്തര ഘട്ടത്തില്‍ ബന്ധപ്പെടാനുള്ള നമ്പര്‍ നല്കിയതും. വെള്ളിയാഴ്ച എരമല്ലൂരില്‍ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ഇവരെ ബന്ധപ്പെടാന്‍ നിരന്തരം ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്ന് ജനപ്രതിനിധികള്‍ പറയുന്നു. വെള്ളം ആവശ്യപ്പെട്ട കടക്കരപ്പള്ളി, തുറവൂര്‍ പോലുള്ള പഞ്ചായത്തുകളില്‍ നല്‍കിയെന്ന് ഉയരപ്പാതയുടെ കരാര്‍ കമ്പനി പറയുന്നു. പൂര്‍ണമായും വെള്ളം മുടങ്ങിയ അരൂര്‍, എഴുപുന്ന പഞ്ചായത്തുകളില്‍ ഇതേവരെ വെള്ളം എത്തിച്ചിട്ടില്ല. റോഡിന്റെ വീതിയനുസരിച്ച് 1000 മുതല്‍ 14,000 ലിറ്റര്‍വരെ ശേഷിയുള്ള വാഹനങ്ങളിലാണ് വെള്ളം എത്തിക്കുന്നതെന്നാണ് കമ്പനി വിശദീകരിക്കുന്നത്. ഒപ്പം എഴുപുന്ന പഞ്ചായത്തില്‍ ഇവരുടെ പ്രതിനിധി നേരിട്ടെത്തി സെക്രട്ടറിയോട് ചോദിച്ചപ്പോള്‍ വെള്ളം വേണമെന്ന മറുപടി ലഭിച്ചില്ലെന്നും പറയുന്നു. ഇക്കാര്യത്തില്‍ എം.എല്‍.എ വഴി ഇടപെട്ട് കലക്ടറുടെ ശ്രദ്ധയില്‍ വിവരം ധരിപ്പിച്ചെന്നും ശനിയാഴ്ച വൈകീട്ട് ഇത് സംബന്ധിച്ച് ഇ-മെയില്‍ സന്ദേശം അയച്ചതായും പ്രസിഡന്റ് ബിന്ദുഷാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

