കായൽ ആഴങ്ങളിൽ ദുരിതം കോരിയെടുത്ത് തൊഴിലാളികൾ
text_fields1. കക്ക വാരുന്ന സ്ത്രീ തൊഴിലാളി 2. കക്ക വീടുകളിൽ എത്തിച്ച് പുഴുങ്ങുന്നു
അരൂർ: കായലിൽ കക്കപ്രജനനം ക്രമാതീതമായി കുറയുന്നത് കക്ക വാരൽ തൊഴിലാളികളെ ആശങ്കയിലാക്കുന്നു. ജലസ്രോതസ്സുകളെ ശുചീകരിക്കുന്ന പ്രകൃതിയുടെ വരദാനമാണ് കക്ക. എന്നാൽ, കായൽ മലിനീകരണം രൂക്ഷമായതോടെ കക്ക ഇല്ലാതാകുന്ന സ്ഥിതിയിലേക്കാണ് പോകുന്നത്. മണൽവാരലും കക്ക പ്രജനനത്തിന് തടസ്സമാണ്.
കായലിന്റെ അടിത്തട്ടിലാണ് കക്ക പ്രജനനം നടക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകിടക്കുന്നതും വ്യാപക മണൽവാരലും പ്രത്യുൽപാദനത്തിന് തടസ്സമാണ്. മുമ്പ് കായലുകളിൽ എവിടെയും കക്ക സുലഭമായിരുന്നു. കക്കയില്ലാത്ത സ്ഥലങ്ങളിൽനിന്ന് ഉള്ളിടങ്ങളിൽചെന്നാൽ പ്രദേശത്തുള്ളവർ വാരാൻ തടസ്സം സൃഷ്ടിക്കുന്ന സ്ഥിതിയുമുണ്ട്.
മല്ലികക്കകളെ നിക്ഷേപിച്ച് ഉൽപാദനം കൂട്ടുന്ന പദ്ധതി സഹകരണ സംഘങ്ങൾവഴി സർക്കാർ ആരംഭിച്ചെങ്കിലും മലിനീകരണം പൂർണ ഫലപ്രാപ്തിക്ക് തടസ്സം നിൽക്കുന്നു. വേമ്പനാട്ടുകായലിന്റെയും കൈതപ്പുഴ കായലിന്റെയും തീരങ്ങളിലെ അരൂർ മണ്ഡലത്തിൽപെടുന്ന 10 പഞ്ചായത്തിലുമായി പതിനായിരത്തോളം തൊഴിലാളി കുടുംബങ്ങൾ കക്കവാരി ജീവിക്കുന്നുണ്ട്. കക്ക തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ഇല്ലാത്തതിനാൽ റേഷൻ കാർഡിൽപോലും അങ്ങനെ രേഖപ്പെടുത്താറില്ല.
കൂടുതലും സ്ത്രീതൊഴിലാളികളാണ് ഈ മേഖലയിലുള്ളത്. മത്സ്യത്തൊഴിലാളികളെപ്പോലെ ജോലി ചെയ്യുന്നവരാണെങ്കിലും അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ കക്കതൊഴിലാളികൾക്കില്ല.
കുത്തിയതോട്, തൈക്കാട്ടുശ്ശേരി എന്നിവിടങ്ങളിലാണ് സഹകരണ സംഘങ്ങൾ പ്രവര്‍ത്തിക്കുന്നത്. വയലാർ, പാണാവള്ളി, അരൂക്കുറ്റി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം പഞ്ചായത്തുകളിലെ കക്ക തൊഴിലാളികളുടെ സംഘമാണ് തൈക്കാട്ടുശ്ശേരിയിലേത്. മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലെ തൊഴിലാളികളുടെ സംഘമാണ് കുത്തിയതോട്ടിലുള്ളത്. രണ്ടു സംഘത്തിലും കൂടി മൂവായിരത്തോളം അംഗങ്ങളുണ്ട്. സംഘങ്ങളിൽപെടാത്ത ആയിരങ്ങൾ വേറെയും കക്കവാരി ജീവിക്കുന്നു.
കായലിന്റെ ആഴങ്ങളിൽനിന്ന് കക്കവാരി, പുഴുങ്ങി ഇറച്ചിയും തൊണ്ടും വേർതിരിക്കലാണ് തൊഴിൽ മേഖല. ഇറച്ചി വിറ്റും തൊണ്ട് ശേഖരിച്ച് വിറ്റുമാണ് തൊഴിലാളികളുടെ ഉപജീവനം. കക്ക തൊണ്ട് ടണ്ണിന് 2750 മുതൽ 3250 രൂപവരെ ലഭിക്കും. കക്ക ഇറച്ചിക്ക് കിലോ 100-150 രൂപയും വിലയുണ്ട്. പുലര്‍ച്ച അഞ്ചു മുതൽ വൈകീട്ടുവരെ കക്കവാരി പുഴുങ്ങി ഇറച്ചിയാക്കി വിറ്റാൽ 500 മുതൽ 1000 രൂപവരെ മാത്രമാണ് തൊഴിലാളികൾക്ക് ദിനേന കിട്ടുക.
കള്ളുഷാപ്പുകള്‍, ഹോട്ടലുകൾ എന്നിവിടങ്ങളിലേക്കാണ് കക്കയിറച്ചി കൂടുതലും വാങ്ങുന്നത്. ബാക്കിവന്നാൽ സൂക്ഷിച്ചുവെക്കാൻ മാർഗമില്ലാത്തതിനാൽ വിറ്റുതീർക്കുകയോ ബാക്കിയുള്ളത് കളയുകയോ ചെയ്യേണ്ടിവരും. വിദേശത്തേക്ക് കയറ്റി അയക്കുന്ന ചില കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കക്ക ശേഖരിച്ച് വിൽപന നടത്തുന്ന കമ്പനികൾ വ്യാപകമായിട്ടില്ല. അതുകൊണ്ട് അപൂർവമായി മാത്രമാണ് കയറ്റുമതിക്കാർ വന്ന് സംഭരിക്കുന്നത്.