വൈദ്യുതി കണക്ഷൻ പൊരുതി നേടി; വർഷങ്ങൾക്കിപ്പുറം 80 ലക്ഷത്തിന്റെ ഭാഗ്യം തേടിയെത്തി
text_fieldsഷണ്മുഖന്റെ വീട്
അരൂർ (ആലപ്പുഴ): വൈദ്യുതി കണക്ഷനുവേണ്ടി പഞ്ചായത്ത് അധികാരികളുടെ മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച റീത്തയുടെ തകരവീടിന് 80 ലക്ഷത്തിന്റെ ഭാഗ്യകടാക്ഷം. അരൂർ പുത്തൻവീട്ടിൽ ഷണ്മുഖന്റെ ഭാര്യയാണ് റീത്ത. കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം ഷണ്മുഖൻ എടുത്ത ലോട്ടറിക്കാണ്.
ഇവർക്ക് രണ്ട് മക്കളുണ്ട് വൈശാഖും വൈഷ്ണവും. 13 വർഷം മുമ്പ്, വൈശാഖ് 10ാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിൽ വൈദ്യുതിയില്ല. വെളിച്ചമില്ലാതെ പരീക്ഷക്ക് പഠിക്കില്ലെന്ന് വൈശാഖ് വാശിപിടിച്ചു.
സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് പഞ്ചായത്ത് വീട്ടുനമ്പർ ഇട്ടുനൽകാത്തതിനാൽ വൈദ്യുതി കണക്ഷൻ ലഭിച്ചില്ല. ഇതോടെയാണ് അരൂർ പഞ്ചായത്ത് അധികാരികളുടെ മുന്നിൽ റീത്ത മണ്ണെണ്ണയുമായെത്തി ആത്മഹത്യക്ക് ഒരുങ്ങിയത്. സംഭവം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്തയറിഞ്ഞ കലക്ടർ ഷണ്മുഖന്റെ വീട്ടിൽ ഉടൻ വൈദ്യുതി കണക്ഷൻ നൽകാൻ ചേർത്തല തഹസിൽദാർക്ക് നിർദേശം നൽകി. വൈശാഖ് വൈദ്യുതി വെളിച്ചത്തിൽ പഠിച്ചതും എസ്.എസ്.എൽ.സി ജയിച്ചതും വാർത്തയായി.
വിദ്യാഭ്യാസം കഴിഞ്ഞ് വൈശാഖിനൊപ്പം വൈഷ്ണവും ജോലിക്ക് കാത്തിരിക്കുമ്പോഴാണ് ഭാഗ്യം വീട്ടിലേക്ക് വന്നത്. ഒരു നല്ല വീട് വെക്കണമെന്നാണ് ഷണ്മുഖന്റെ ആഗ്രഹം. വീട്ടിൽ കട തുടങ്ങുന്നതിന് സൊസൈറ്റിയിൽനിന്ന് എടുത്ത കടവും അടച്ചുതീർക്കണം.