വാഗ്ദാനങ്ങൾക്കും പ്രഖ്യാപനങ്ങൾക്കും കുറവില്ല; അരൂരിലെ പൊതുശുദ്ധീകരണ പ്ലാന്റ് കടലാസിൽ തന്നെ
text_fieldsപ്ലാൻറ് നിർമാണ പ്രദേശം
അരൂർ: അരൂർ പഞ്ചായത്തിലെ ചന്തിരൂർ പുത്തൻതോടിന്റെ കരയിൽ പൊതുശുദ്ധീകരണ പ്ലാൻറ് പണിയാനുള്ള 73 സെൻറ് സ്ഥലം മതിലുകെട്ടി ഗേറ്റും സ്ഥാപിച്ചിട്ട് വർഷങ്ങൾ കഴിയുന്നു. കഴിഞ്ഞ ബജറ്റിൽ പത്തുകോടി രൂപ അനുവദിച്ചിട്ടും പ്രവൃത്തികളൊന്നും ആരംഭിച്ചില്ല. ഇത്തവണ വെള്ളക്കെട്ട് തടയാൻ അനുവദിച്ച തുകയും ഇതുപോലെ ആയിരിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. സമുദ്രോൽപന്ന സംസ്കരണ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിൽ പഞ്ചായത്തിന് ഒരു നയം തന്നെയില്ലെന്ന ആക്ഷേപം ശക്തമായപ്പോഴാണ് മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി ശുദ്ധീകരണ പ്ലാന്റ് നിർമാണം നിർദേശിക്കപ്പെട്ടത്.
അരൂർ മേഖലയിൽ ജനങ്ങളുടെ ആരോഗ്യപ്രശ്നമായി മാലിന്യം മാറിയിട്ട് മൂന്നര പതിറ്റാണ്ട് കഴിയുന്നു. രാജ്യത്തുതന്നെ ഏറ്റവും മലിനീകരിക്കപ്പെട്ട ഗ്രാമമെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ പഞ്ചായത്താണ് അരൂർ. മാലിന്യപ്രശ്നം പരിഹരിക്കാൻ ഒട്ടേറെ പദ്ധതികൾ അരൂർ പഞ്ചായത്ത് ആവിഷ്കരിച്ചെങ്കിലും നടപ്പാക്കിയില്ല. എല്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മാലിന്യം മുഖ്യവിഷയമായി ഉയർന്നുവരാറുണ്ടെങ്കിലും സമഗ്ര പദ്ധതികളൊന്നും യാഥാർഥ്യമായില്ല. മാലിന്യപ്രശ്നം വിജയകരമായി പരിഹരിച്ച പഞ്ചായത്തുകളും മറ്റ് തദ്ദേശ സ്ഥാപനങ്ങളും പലതുണ്ടെങ്കിലും പ്രശ്നം പഠിക്കാനും, പകർത്താനും അരൂർ പഞ്ചായത്ത് അധികൃതരിൽനിന്ന് ശ്രമമുണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്.
ശുദ്ധീകരണ പ്ലാൻറ് നിർമാണ സ്ഥലത്തേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ
കടുത്ത ശുദ്ധജല ക്ഷാമത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും അന്തരീക്ഷ മലിനീകരണത്തിനും മുഖ്യകാരണം സമുദ്രോൽപന്ന സംസ്കരണ കയറ്റുമതി വ്യവസായംതന്നെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ മേഖലയിൽ സംസ്ഥാനത്ത് ഏറ്റവുമധികം കയറ്റുമതി വികസിച്ചത് ഇവിടെയാണ്. പുറന്തള്ളുന്ന മാലിന്യം ഫലപ്രദമായി ഒഴിവാക്കുന്നതിൽ ആദ്യംമുതലേ അരൂർ പഞ്ചായത്ത് പരാജയപ്പെട്ടുവെന്ന കുറ്റപ്പെടുത്തൽ വ്യാപകമാണ്. മാലിന്യ പ്രശ്നം അരൂരിന്റെ ആരോഗ്യപ്രശ്നമായി വളർന്നപ്പോൾ, ചന്തിരൂർ പുത്തൻ തോട്ടിലെ മാലിന്യത്തിനെതിരെ ഹൈകോടതി കയറാൻ വരെ ജനങ്ങൾ തയ്യാറായി. തുടർന്നാണ് ചന്തിരൂർ പുത്തൻതോട് കേന്ദ്രീകരിച്ച് മാലിന്യ ശുദ്ധീകരണ പ്ലാന്റ് എന്ന ആശയം ഉദിച്ചത്.
73 സെൻറ് സ്ഥലം ചന്തിരൂർ പുത്തൻ തോട്ടിൻകരയിൽ വാങ്ങുകയും കലക്ടർ ചെയർമാനായി സൊസൈറ്റി രൂപവത്കരിച്ച് കേന്ദ്രഫണ്ടുകൂടി പ്രയോജനപ്പെടുത്തി പ്ലാൻറിന് രൂപരേഖയും തയാറാക്കി. എന്നാൽ, ഇപ്പോഴും സകലമാന മാലിന്യവും ഒഴുകുന്നിടമാണ് ചന്തിരൂർ പുത്തൻതോട്. കഴിഞ്ഞവർഷം അരൂർ നിയോജകമണ്ഡലത്തിന് ബജറ്റ് വിഹിതമായി വളരെ കുറച്ചുതുകയാണ് അനുവദിച്ചത്.
അതിൽ പത്തുകോടി രൂപ പൊതുശുദ്ധീകരണ പാൻറ് നിർമിക്കാൻ വേണ്ടിയായിരുന്നു. പ്ലാൻറ് പണിയുന്നതിന് പ്രാദേശിക എതിർപ്പുകൾ ഉണ്ടായിരുന്നു. സമീപവാസികളെ വിളിച്ചു കൂട്ടി ബോധവത്കരണം നടത്താൻ പോലും അധികൃതർ മുന്നോട്ടുവന്നില്ല. പുത്തൻതോടിന്റെ കരയിൽ ശുദ്ധീകരണ പ്ലാൻറ് നിർമിക്കുന്നതിന് വേണ്ടി വാങ്ങിയിരിക്കുന്ന സ്ഥലത്തേക്ക് എത്തണമെങ്കിൽ റോഡ് സഞ്ചാരയോഗ്യമാക്കണം. ഇക്കാര്യത്തിലെങ്കിലും ത്രിതല പഞ്ചായത്തുകൾ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

