വീട്ടിൽ വൈദ്യുതിയില്ല; കെ.എസ്.ഇ.ബി ഓഫിസിൽ പ്രതിഷേധവുമായി പട്ടാളക്കാരെൻറ കുടുംബം
text_fieldsകെ.എസ്.ഇ.ബി അരൂർ സെക്ഷൻ ഓഫിസിൽ അസം റൈഫിൾസിലെ പട്ടാളക്കാരൻ വി.ജെ. ജെയുടെ ഭാര്യയും മക്കളും പ്രതിഷേധിക്കുന്നു
അരൂർ: വീട്ടിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ കെ.എസ്.ഇ.ബി ഓഫിസിൽ പ്രതിഷേധവുമായി അസം റൈഫിൾസിൽ ജോലി ചെയ്യുന്ന പട്ടാളക്കാരെൻറ കുടുംബം. കഴിഞ്ഞ ദിവസം രാത്രി അരൂർ മുക്കംകോളനിയിലെ താമസക്കാരായ വി.ജെ. ജെയുടെ ഭാര്യയും മകളുമാണ് അരൂർ സെക്ഷൻ ഓഫിസിൽ പ്രതിഷേധം അറിയിച്ചത്.
ഇലക്ട്രിക് പോസ്റ്റിൽ ലൂസ് കോണ്ടാക്ട് ഉണ്ടായതിനെ തുടർന്ന് വൈദ്യുതി നിലച്ച വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ വിവരം ഓഫിസിൽ വിളിച്ച് പറയാൻ ശ്രമിച്ചെങ്കിലും ആരും ഫോൺ എടുത്തില്ലെന്ന് പറയുന്നു.
പിറ്റേന്ന് രാവിലെ ഭാര്യാ സഹോദരൻ നേരിട്ടെത്തി പരാതി രേഖാമൂലം എഴുതി നൽകിയെന്ന ജെയ് ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. വൈകീട്ടായിട്ടും വൈദ്യുതി വരാത്തതിനാൽ വിളിച്ച് ചോദിച്ചപ്പോൾ പരാതികൾ പരിഹരിച്ച് വരുന്ന മുറക്ക് ജീവനക്കാരെ അയക്കുമെന്ന മറുപടിയാണ് ലഭിച്ചത്.
രാത്രിയായിട്ടും കാര്യം നടക്കാതെയായപ്പോൾ മക്കളുമായി ഓഫിസിലെത്തിയ ഭാര്യയോട് രാത്രിയായതിനാൽ പോസ്റ്റിൽ കയറാൻ സാധിക്കില്ലെന്ന മറുപടിയാണ് കിട്ടിയതെന്ന് ജയ്പറയുന്നു.
തുടർന്ന് വി.കെ. സുനീഷ്, കെ.കെ. വാസവൻ എന്നിവരുടെ നേതൃത്വത്തിൽ െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളെത്തി ആവശ്യപ്പെട്ടപ്പോൾ സംഭവം കൈവിട്ടുപോകുമെന്ന് മനസ്സിലാക്കി ജീവനക്കാർ പോസ്റ്റിൽ കയറാൻ തയാറാവുകയും ഒമ്പത് മണിയോടെ വൈദ്യുതി എത്തുകയും ചെയ്തു. എന്നാൽ, മുക്കം കോളനിയിൽ വൈദ്യുതി തകരാർ പരിഹരിക്കാൻ താമസം നേരിട്ടുവെന്ന പരാതിക്കിട വന്നത് ട്രാൻസ്ഫോർമറിെൻറ കേട് പരിഹരിക്കാൻ മുൻഗണന നൽകിയതിനാലാണെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
അഞ്ഞൂറോളം ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങിയ പരാതി പരിഹരിക്കാൻ മുൻഗണന നൽകിയതിനാലാണ് പട്ടാളക്കാരെൻറ വീട്ടിൽ താമസം നേരിട്ടത്. ജീവനക്കാർ തിരിച്ചെത്തിയ ഉടൻ രാത്രി തന്നെ വൈദ്യുതി പുനഃസ്ഥാപിച്ചെന്ന് അസി.എൻജിനീയർ വ്യക്തമാക്കി.
പ്രതികൂല കാലാവസ്ഥയിലും ജോലികൾ കൃത്യമായി നിർവഹിക്കുന്ന തങ്ങളെ കാര്യങ്ങൾ മനസ്സിലാക്കാതെ സാമൂഹിക മാധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ജീവനക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.