പുതിയ വ്യാപാര കരാറുകൾ; ജില്ലയിലെ സമുദ്രാൽപന്ന കയറ്റുമതി മേഖലയിൽ ഉണർവ്
text_fieldsഅരൂർ മേഖലയിലെ കയറ്റുമതി ശാലയിൽ കയറ്റുമതിക്കുള്ള സമുദ്രങ്ങൾ ഒരുക്കുന്നു.
അരൂർ: യൂറോപ്യൻ യൂനിയനുമായി വ്യാപാരക്കരാറിനു പിന്നാലെ യു.എസുമായും ഉടമ്പടിയിലെത്തിയത് ജില്ലയിലെ സമുദ്രോല്പന്ന കയറ്റുമതി മേഖലയിൽ പുതിയ പ്രതീക്ഷകൾക്ക് വഴിവയ്ക്കുന്നു. ജില്ലയിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നത് നിരവധി കമ്പനികളാണ്. നൂറുകണക്കിന് തൊഴിലാളികളാണ് ഇത്തരം കമ്പനികളിൽ പണിയെടുക്കുന്നത്. 2024-25 സാമ്പത്തികവർഷം ഇന്ത്യയുടെ മൊത്തം സമുദ്രോത്പന്നകയറ്റുമതി 745 കോടി ഡോളറിലെത്തി റെക്കോഡിട്ടിരുന്നു. അന്നത്തെ വിനിമയമൂല്യമനുസരിച്ച് 62,408.45 കോടി രൂപയാണ് നേടിയത്. 16,98,170 ടണ്ണിന്റെ കയറ്റുമതിയിലൂടെയാണ് ഇത്. ഇന്ത്യൻ സമുദ്രോൽപന്ന കയറ്റുമതിയുടെ 35-38 ശതമാനവും അമേരിക്കയിലേക്കാണ്. അതായത്, 278 കോടി ഡോളർ. സമുദ്രോൽപന്നങ്ങൾക്ക് വിയറ്റ്നാമിനു മേൽ 20 ശതമാനവും തായ്ലൻഡിനുമേൽ 19 ശതമാനവുമാണ് യു.എസ് ചുങ്കം ചുമത്തുന്നത്.
ഇന്ത്യയുടെ മൊത്തം സമുദ്രോത്പന്ന കയറ്റുമതിയിൽ 11-14 ശതമാനം വരെ കേരളത്തിൽനിന്നാണ്. അതിൽ ഭൂരിഭാഗം കമ്പനികളും അരൂർ മേഖലയിലാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽനിന്നുള്ള കയറ്റുമതിയിൽ 34.5 ശതമാനവും ശീതീകരിച്ച ചെമ്മീനാണ്. 21.6 ശതമാനം ശീതീകരിച്ച മറ്റുമത്സ്യങ്ങളും. യു.എസുമായുള്ള വ്യാപാരക്കരാർ ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതി ഉയരാൻ സഹായിക്കുമെന്ന് ഈ മേഖലയിലെ വ്യാപാരികൾ പറയുന്നു.
അരൂരിലെ വ്യവസായ കേന്ദ്രത്തിൽ 75 ശതമാനം സ്ഥാപനങ്ങളും സമുദ്രോല്പന്ന കയറ്റുമതിശാലകളായി മാറിയിരിക്കുകയാണ്. അരൂർ മണ്ഡലത്തിലെ തന്നെ പള്ളിപ്പുറത്തെ ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് ഏരിയയിൽ അധികവും സമുദ്രോല്പന്ന കയറ്റുമതി ശാലകളാണ്. യൂറോപ്യൻ യൂനിയൻ കുറെ നാളുകളായി ഏർപ്പെടുത്തിയിരുന്ന ഉപരോധം കയറ്റുമതി പ്രതിസന്ധിയിലാക്കിയിരുന്നു. മത്സ്യവിഭവങ്ങളുടെ ക്ഷാമം കയറ്റുമതി മേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു. മത്സ്യപ്പാടങ്ങളിൽ നിന്ന് ലഭിക്കുന്ന വെനാമി ചെമ്മീനാണ് കേരളത്തിൽനിന്ന് അധികവും കയറ്റുമതി ചെയ്തിരുന്നത്.
കടൽ ചെമ്മീൻ സംസ്കരണം വർധിക്കും
മറ്റു സംസ്ഥാനങ്ങളിലെ മത്സ്യപാടങ്ങളിൽ നിന്നാണ് ചെമ്മീനുകൾ കേരളത്തിൽ എത്തിച്ച് കയറ്റുമതി നടത്തിയിരുന്നത്. ഇതിനും മാറ്റമുണ്ടാകും. ചെമ്മീൻ വലകളിൽ കുടുങ്ങി കടലാമകൾ ചത്തൊടുങ്ങുന്നു
എന്നാരോപിച്ച് 2024 ആഗസ്റ്റിൽ അമേരിക്ക ഇന്ത്യയിൽ നിന്നുള്ള കടൽ ചെമ്മീൻ ഇറക്കുമതി നിരോധിച്ചിരുന്നു. നിരോധനം ഇപ്പോഴും നിലനിൽകുകയാണ്. കടലാമ നിരീക്ഷണ കേന്ദ്രം വരുന്നതോടെ ഇത്തരം കാര്യങ്ങളിൽ നിരീക്ഷണം ഉണ്ടാകും. മീൻ വലകളിൽ നിന്ന് കടലാമകളെ രക്ഷപെടാൻ സഹായിക്കുന്ന ടർട്ടിൽ എക്സ്ക്ലൂഡഡ് ഡിവൈസ് (റ്റെഡ്) ഘടിപ്പിക്കണം.
അത് ഘടിപ്പിച്ച ട്രോളറുകൾക്ക് റ്റെഡ് സർട്ടിഫിക്കറ്റ് ലഭ്യമാകും. സർട്ടിഫിക്കറ്റ് ഉള്ളവരിൽ നിന്നേ അമേരിക്ക കടൽ ചെമ്മീനടക്കം ഇറക്കുമതി അനുവദിക്കുകയുള്ളൂ. കേരളത്തിൽ നിരീക്ഷണ കേന്ദ്രം വരുന്നതോടെ ഡിവൈസിന്റെയും സർട്ടിഫിക്കറ്റിന്റെയും ലഭ്യത സുഗമമാകും. വിദേശത്തേക്ക് മത്സ്യ കയറ്റുമതി നടത്തുന്ന വ്യവസായികൾക്ക് റ്റെഡ് സർട്ടിഫിക്കറ്റ് ലഭിക്കൽ എളുപ്പമാകും. ഇതോടെ ഇവിടെ കടൽ ചെമ്മീൻ സംസ്കരണം വർധിക്കും.
കയറ്റുമതിശാലകൾ നാടുകടത്താനുള്ള നീക്കം നിലക്കും
ട്രാൻസ്പോർട്ടിങ് ചാർജ് അധികമാകുന്നത് തടയുന്നതിന് കയറ്റുമതിശാലകൾ തന്നെ മറ്റ് സംസ്ഥാനങ്ങളിലേക്ക് നാടുകടത്തുന്നതിനും ആലോചിക്കുന്നതിനിടയിലാണ്, കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്ന നീക്കങ്ങൾ ആഗോളതലത്തിൽ ഉയരുന്നത്. അരൂരിലെ പ്രധാന വരുമാന മാർഗമായ ചെമ്മീൻ തൊഴിലിടങ്ങളിലെ പ്രതിസന്ധി സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിച്ചിരുന്നു. കടലാമയുടെ പേരിലും അമേരിക്കയുടെ ഉപരോധം നിലനിന്നിരുന്നു. പുതിയവാണിജ്യ കരാർ കയറ്റുമതി മേഖലയിൽ പുത്തനുണർവ് നൽകിയിട്ടുണ്ട്. എന്നിരുന്നാലും, ആഗോള വിപണിയിലെ ചലനങ്ങള്‍ മൂലം നടപ്പുസാമ്പത്തിക വര്‍ഷം ഇതില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2025 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ കണക്കുകള്‍ പ്രകാരം കയറ്റുമതിയില്‍ 6.5 ശതമാനം കുറവുണ്ടായി. എന്നാല്‍, പുതിയ വ്യാപാര ഉടമ്പടിയുടെ പശ്ചാത്തലത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം കയറ്റുമതി കുതിച്ചുയരുമെന്നും 300 കോടി ഡോളര്‍ കടക്കുമെന്നുമാണ് സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

