വയോധികയുടെ മാല പൊട്ടിച്ച സംഭവം; പ്രതികളെ മണിക്കൂറുകൾക്കകം വലയിലാക്കി അരൂർ പൊലീസ്
text_fieldsനിഷാദ്,നീതു
അരൂർ: അരൂർ സ്വദേശിനി സരസ്വതിയമ്മയുടെ (71) മാല പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതികളെ മണിക്കുറുകൾക്കകം പിടികൂടി അരൂർ പൊലീസ്. പള്ളുരുത്തി സ്വദേശികളായ മൂന്നാം ചേരിപ്പറമ്പിൽ നിഷാദ് (25), നടുവിലവീട്ടിൽ നീതു (30) എന്നിവരെയാണ് മണിക്കൂറുകൾക്കുള്ളിൽ അരൂർ പൊലീസ് പിടികൂടിയത്.
തിങ്കളാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ അരൂർ കോട്ടപ്പുറത്തിനു സമീപത്തെ ഇടവഴിയിൽ വെച്ച് സ്കൂട്ടറിൽ എത്തിയാണ് പ്രതികൾ മാല പൊട്ടിച്ചത്. നിഷാദിനെ പിന്നിലിരുത്തി നീതുവാണ് സ്കൂട്ടർ ഓടിച്ചത്. സ്കൂട്ടർ റോഡിൽ നിർത്തി നിഷാദ് ഇടവഴിയിലൂടെ ഇറങ്ങിച്ചെന്ന് വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം മാല പൊട്ടിച്ച് സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു.
അരൂർ സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതാപ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാടകക്ക് എടുത്ത ഇലക്ട്രിക് സ്കൂട്ടറാണ് പ്രതികൾ മോഷണത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തി. മാല സ്വർണ്ണമല്ലെന്ന് മനസ്സിലാക്കിയ പ്രതികൾ അത് വഴിയിൽ ഉപേക്ഷിച്ചെങ്കിലും പൊലീസ് കണ്ടെടുത്തു. പ്രതികൾ സമാന സ്വഭാവമുള്ള കൂടുതല്‍ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

