ചളിവെള്ളം തെറിച്ചു; ബസിന്റെ ചില്ലുടച്ച് ഡ്രൈവറുടെ തലയിൽ പെട്രോളൊഴിച്ച യുവാവ് അറസ്റ്റിൽ
text_fieldsപ്രതി സോമേഷ്
അരൂർ: ദേശീയപാതയിലൂടെ പോയ സ്വകാര്യ ബസ് ചളിതെറിപ്പിച്ചതില് ക്ഷുഭിതനായ യുവാവ് പിന്നാലെയെത്തി ബസിന്റെ ഗ്ലാസ് കല്ലെറിഞ്ഞു. കാര്യം ചോദിക്കാന്‍ ഇറങ്ങിയ ബസ് ഡ്രൈവറുടെ തലയിൽ കൈയിലുണ്ടായിരുന്ന കാനിലെ പെട്രോള്‍ ഒഴിച്ച് വധഭീഷണി മുഴക്കി. ബുധനാഴ്ച രാവിലെ ഒമ്പതോടെ എരമല്ലൂര്‍ ജങ്ഷന് സമീപമാണ് പരാക്രമം നടന്നത്. സംഭവം അറിഞ്ഞ പൊലീസെത്തി ബൈക്ക് യാത്രികനായ കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് എഴുപുന്ന തെക്ക് കറുകപ്പറമ്പില്‍ സോമേഷിനെ (40) കസ്റ്റഡിയിലെടുത്തു.
പെട്രോള്‍ കണ്ണില്‍ വീണ ബസ് ഡ്രൈവര്‍ വയലാര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് കൈതത്തറ കെ.ജി. മാത്യുവിനെ (38) ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ എരമല്ലൂര്‍ ജങ്ഷന് സമീപം ഉയരപ്പാതയുടെ വെല്‍ഡിങ് നടക്കുന്നതിന് സമീപമാണ് പെട്രോളില്‍ നനഞ്ഞ് ഡ്രൈവര്‍ നിന്നത്. ഇതോടെ ബസിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ള യാത്രികര്‍ അലമുറയിടുകയായിരുന്നു. ബസിന്റെ ഗ്ലാസിന് പൊട്ടലുണ്ട്. ആക്രമണത്തില്‍ പ്രതിഷേധിച്ച് ചേര്‍ത്തലയില്‍നിന്ന് വയലാര്വഴി ചേര്‍ത്തലക്ക് സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ പണിമുടക്കി.
ഇതേതുടര്‍ന്ന് ഒതുക്കിയ 13 ബസുകൾക്ക് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്കി. എറണാകുളത്തുനിന്ന് ചേര്‍ത്തലക്ക് വരുകയായിരുന്ന മലയാളീസ് പേരുള്ള സ്വകാര്യബസ് എരമല്ലൂരില്‍ ദേശീയപാതയില്‍നിന്ന് എഴുപുന്നയിലേക്ക് തിരിയുമ്പോഴായിരുന്നു അതിക്രമം. സോമേഷിനെതിരെ വധശ്രമത്തിനാണ് കേസെടുത്തതെന്ന് അരൂര്‍ സി.ഐ പി.എസ്. ഷിജു പറഞ്ഞു. ഇയാള്‍ ട്രെയിലര്‍ ലോറി ഡ്രൈവറാണ്.

