അരൂർ ഗവ. സ്കൂളിലെ ക്ലാസ് മുറികൾ കോളജിന് വിട്ടുനൽകാൻ നീക്കം; എതിർപ്പുമായി പി.ടി.എ
text_fieldsഅരൂർ ഗവ. സ്കൂൾ മുറികൾ കോളജിന് നൽകണമെന്ന നിർദേശത്തിൽ പ്രതിഷേധിക്കുന്ന രക്ഷിതാക്കളോട് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു സംസാരിക്കുന്നു
അരൂർ: അരൂർ ഗവ. സ്കൂളിലെ ക്ലാസ് മുറികൾ കോളജിന് വിട്ടുനൽകണമെന്ന നിർദേശത്തിൽ പ്രതിഷേധവുമായി പി.ടി.എ. സ്കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന കേരള യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള യൂനിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് മുറികൾ വിട്ടുനൽകാൻ ജില്ല പഞ്ചായത്താണ് നിർദേശം നൽകിയത്.
കെട്ടിടം കൈമാറ്റം സംബന്ധിച്ച തീരുമാനം എടുക്കാൻ ചർച്ചക്കെത്തിയ ദലീമ ജോജോ എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗം അനന്തുരമേശ്, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു എന്നിവർ പി.ടി.എ ഭാരവാഹികളോട് കാര്യങ്ങൾ വിശദീകരിച്ചു.
മുറികൾ ഏറ്റെടുക്കുമ്പോൾ സ്കൂൾ നടത്തിപ്പിന് വിഷമതയുണ്ടാകില്ലെന്നും ഭാവിയിൽ സ്കൂൾ വികസനത്തിന് സർക്കാർ തലത്തിൽ ഇടപെട്ട് അനുകൂല നടപടി എടുക്കുമെന്നും ഇവർ ഉറപ്പുനൽകി. ഇപ്പോഴത്തെ ആശങ്ക അനാവശ്യമാണെന്ന് എം.എൽ.എ പറഞ്ഞു. ഇവിടെ പ്രവർത്തിക്കുന്ന യു.ഐ.ടി സ്ഥാപനത്തിന് സർവകലാശാലയുടെ അനുമതി ലഭിക്കാൻ ഭൂമി ഏറ്റെടുക്കൽ അത്യന്താപേക്ഷിതമായതിനാലാണ് നടപടിയെന്നും അവർ വിശദീകരിച്ചു.
എന്നാൽ, സ്കൂളിന്റെ സൗകര്യങ്ങൾ കോളജിന് നൽകില്ലെന്നാണ് പി.ടി.എ ഭാരവാഹികളുടെ നിലപാട്. നിലവിൽ പരിമിതികൾക്കിടയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സാധാരണക്കാരുടെ മക്കളാണ് കൂടുതലും പഠിക്കുന്നത്. 2000 രൂപ ദിവസവാടക നൽകിയാണ് സ്കൂൾ ബസ് ഏർപ്പെടുത്തിയത്. കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കാൻ കഠിന പരിശ്രമം നടത്തുന്നതിനിടെ സ്കൂൾ കെട്ടിടം തന്നെ കോളജിന് വിട്ടുകൊടുക്കുന്ന നടപടി പ്രതിഷേധാർഹമാണെന്ന് പി.ടി.എ ഭാരവാഹികൾ പറഞ്ഞു.
ഒന്നു മുതൽ നാലുവരെ പഠിക്കുന്ന കുട്ടികൾ ചോരുന്ന ക്ലാസ് മുറികളിൽ ഇരുന്നാണ് പഠിക്കുന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു. കോളജിനുവേണ്ടി ആവശ്യപ്പെടുന്ന കെട്ടിടത്തിൽ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഐ.ടി ലാബ്, സയൻസ് ലാബ്, കോൺഫറൻസ് ഹാൾ എന്നിവയാണ് പ്രവർത്തിക്കുന്നത്. അതിനാൽ സ്കൂളിന്റെ സൗകര്യങ്ങൾ കോളജിന് വിട്ടുനൽകില്ലെന്ന് പി.ടി.എ പ്രസിഡന്റ് അനിത മൂതാറ്റുനികർത്തിൽ, വൈസ് പ്രസിഡന്റ് കെ.സി. സുധീഷ് എന്നിവർ പറഞ്ഞു.
പി.ടി.എയോട് ആലോചിക്കാതെ ക്ലാസ് മുറികൾ വിട്ടുനൽകാൻ ആവശ്യപ്പെടുന്നതിനെതിരെ വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് പി.ടി.എ പരാതി നൽകും. ഹെഡ്മിസ്ട്രസിന് ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വിദ്യാഭ്യാസ മന്ത്രിക്കും കലക്ടർക്കും കുട്ടികൾ പരാതി നൽകുമെന്നും പി.ടി.എ ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

