കായലിന്റെ ആഴക്കുറവും എക്കലും ജലയാനങ്ങൾക്ക് ഭീഷണി
text_fieldsഅരൂർ-കുമ്പളം റെയിൽവേ പാലത്തിന്റെ തൂണുകൾക്കിടയിൽ കുടുങ്ങിയ ജങ്കാർ
അരൂർ: കൈതപ്പുഴ കായലോരങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയിൽ തീരവാസികൾ നരകയാതന അനുഭവിക്കുമ്പോൾ കായലിലെ ജലയാനങ്ങളും കഷ്ടതയിൽ. വെള്ളിയാഴ്ച രാവിലെ അറ്റകുറ്റപ്പണികൾക്കായി കൈതപ്പുഴ കായലിലൂടെ എറണാകുളം ഭാഗത്തേക്ക് കൊണ്ടുപോയ ജങ്കാർ അരൂർ-കുമ്പളം റെയിൽവേ പാലത്തിന്റെ തൂണുകൾക്കിടയിലെ മൺതിട്ടയിൽ കുടുങ്ങി കുറേ നേരം നിശ്ചലമായത് ജീവനക്കാരെ കഷ്ടത്തിലാക്കി. വിനോദസഞ്ചാരത്തിനായി ആലപ്പുഴയിൽ നിന്ന് കൊച്ചി ഭാഗത്തേക്ക് പോകുന്ന ചെറുതും വലുതുമായ നിരവധി ജലയാനങ്ങൾ രാത്രികാലങ്ങളിൽ പോലും എക്കലും മണലും അടിഞ്ഞ ചെറു ദ്വീപിൽ കുടുങ്ങുന്നത് പതിവാകുകയാണ്. മാസങ്ങൾക്കു മുമ്പ് ആലപ്പുഴയിൽ നിന്ന് കൊച്ചിയിലേക്ക് പോയ സ്പീഡ് ബോട്ട് രാത്രിയിൽ കായലിന് നടുവിൽ മണൽതിട്ടയിൽ കുടുങ്ങിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഇതേ തുടർന്ന് കൈതപ്പുഴ കായലിൽ അടിഞ്ഞു കൂടിയ എക്കലും മണ്ണും ഉടൻ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് അധികാരികൾ ഉറപ്പു നൽകിയിരുന്നു. കൈതപ്പുഴ കായലിൽ പണിഞ്ഞ പാലങ്ങളുടെ കാലുകൾ താഴ്ത്തിയപ്പോൾ പുറത്തേക്ക് വന്ന എക്കലും മണ്ണും കായലിൽ തന്നെ നിക്ഷേപിച്ചതാണ് കായലിന്റെ ആഴം കുറയാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇപ്പോൾ പണി നടക്കുന്ന അരൂർ-കുമ്പളം റെയിൽവേ രണ്ടാം പാലത്തിന്റെ കാല് കായലിൽ താഴ്ത്തുമ്പോൾ പുറന്തള്ളുന്ന എക്കലും മണ്ണും കായലിൽ തന്നെ നിക്ഷേപിക്കരുതെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭം നടത്തിയിരുന്നു. അധികാരികൾ ഇതിന് അനുകൂലമായ തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

