ഹരിത കർമസേനയുടെ ട്രോളികൾ പകുതിയും പണിമുടക്കി
text_fieldsആഞ്ഞിലിക്കാട് പരിസരത്ത് ഉപയോഗശൂന്യമായ ട്രോളി പ്ലാസ്റ്റിക് മാലിന്യവുമായി
അരൂർ: ഹരിതകർമസേനക്കുവേണ്ടി അരൂർ ഗ്രാമപഞ്ചായത്ത് വാങ്ങിയ ട്രോളികൾ പകുതിയും തകരാറിൽ. പുതിയത് വാങ്ങണമെന്ന് ഒരുവർഷത്തിലേറെ കാലമായി സേനാംഗങ്ങൾ ആവശ്യപ്പെട്ടിട്ടും വാങ്ങാൻ നടപടിയില്ല. മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റിയിൽ പ്ലാസ്റ്റിക് മാലിന്യം എത്തിച്ച് ശുചീകരിച്ച് പാക്ക് ചെയ്തു കയറ്റിഅയച്ചാണ് അരൂരിൽ ഇപ്പോൾ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നത്. വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമസേനാംഗങ്ങൾ ശേഖരിക്കും. ഇതിനുവേണ്ടി 22 വാർഡുകളിലേക്കും ട്രോളികൾ വാങ്ങിയിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ ട്രോളികൾ പലതും കേടായി.
സേനാംഗങ്ങൾ തന്നെ സ്വന്തം ചെലവിൽ നന്നാക്കി. നന്നാക്കാൻ കഴിയാത്ത തരത്തിൽ തകരാറിലായവ ഉപേക്ഷിച്ചു. തലയിൽ ചുമന്നാണ് ഇപ്പോൾ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത്. ട്രോളികൾ അടിയന്തരമായി വാങ്ങണമെന്ന് കഴിഞ്ഞ ഭരണസമിതിയിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പഞ്ചായത്ത് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും വാങ്ങുന്നതിന് നടപടി ഉണ്ടായില്ലെന്ന് പറയുന്നു. പുതിയ ഭരണസമിതി സേനാംഗങ്ങളുടെ ആവശ്യങ്ങൾ തിരക്കാൻ പോലും തയാറായിട്ടില്ലെന്ന് പരാതിയുണ്ട്.
എം.സി.എഫ് പ്രവർത്തനം കാര്യക്ഷമമാക്കണമെങ്കിൽ ത്രീ ഫേസ് വൈദ്യുതി കണക്ഷൻ ലഭിക്കണം. നാളിതുവരെ അത് ലഭിച്ചിട്ടില്ലെന്ന് പറയുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്ര സാമഗ്രികൾ വൈദ്യുതി ലഭിക്കാത്തതുമൂലം തുരുമ്പെടുത്ത് നശിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

