മനസ്സുണ്ടെങ്കിൽ ഇത്തിരിയിടത്തുനിന്ന് ലക്ഷങ്ങൾ കൊയ്യാമെന്ന് അനുഭവപാഠം
text_fieldsഹരിഹരെൻറ കൃഷിയിടം, ഹരിഹരൻ (ഇൻസെറ്റിൽ)
അരൂർ: അതിജീവനത്തിനു പുതിയ കൃഷിപാഠങ്ങൾ പറഞ്ഞുതരുകയാണ് അരൂക്കുറ്റി ചന്ദ്രലഗ്നത്തിൽ ഹരിഹരൻ. കൃഷിയുടെ പരമ്പരാഗത വഴികൾ വിട്ട് ലക്ഷങ്ങൾ നേടാനുള്ള വ്യവസായമായി മാറ്റാമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ഈ യുവാവ് ഇത്തിരി മുറ്റത്ത് എങ്ങനെ ജീവിക്കാമെന്ന് പറഞ്ഞുതരുകയാണ്.
വെയിൽ കിട്ടുന്ന ഒരു സെൻറിൽ മുട്ടക്കോഴിയെ വളർത്തിയും മീൻ വളർത്തിയും പച്ചക്കറി കൃഷി ചെയ്തും ജീവിക്കാമെന്ന് ഹരിഹരൻ കാട്ടിത്തരുന്നു. കൃഷിയിലൂടെ ലക്ഷങ്ങൾ നേടാം, കൃഷിവിജയത്തിന് ഒരു ഫോർമുല എന്നീ പേരുകളിൽ ഹരിയുടെ രണ്ടു പുസ്തകം വിപണിയിലുണ്ട്.
ചെറിയ കുളം, അതിൽ നൈലോൺ ഷീറ്റ് വിരിച്ച് മത്സ്യകൃഷി, കോഴിക്കൂട്, ബാക്കി സ്ഥലത്ത് ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി ഇങ്ങനെ ശാസ്ത്രീയമായ കൃഷിരീതികൾ ഹരിഹരൻ പറഞ്ഞുതരും.
മുടക്കുമുതൽ ഒരു വർഷത്തിനുള്ളിൽ തിരിച്ചുപിടിക്കാം. 10 വർഷം വരുമാനം തേടി തരാൻ ഈ ഒരുക്കങ്ങൾക്ക് കഴിയും. വീട്ടിലെ ആഹാരാവശിഷ്ടങ്ങൾ വളർത്തുമത്സ്യങ്ങൾക്കും കോഴികൾക്കും തീറ്റയാകുമ്പോൾ കോഴിക്കാഷ്ഠവും മത്സ്യങ്ങളുടെ മാലിന്യങ്ങളും പച്ചക്കറികൃഷിക്ക് വളമാകും.
കീടനാശിനികൾപോലും വീട്ടുമുറ്റത്തുണ്ടാക്കി ഗുണമേന്മയുള്ള ആഹാരം അവിടെ ഉണ്ടാക്കുകയും ചെയ്യാം. ചെലവഴിക്കാൻ ദിവസേന അരമണിക്കൂറും കൃഷിചെയ്യാൻ മനസ്സുമുണ്ടെങ്കിൽ നല്ല ആഹാരം കഴിക്കാൻ ആരെയും ആശ്രയിക്കേണ്ടി വരില്ലെന്ന് ഹരിഹരൻ പഠിപ്പിക്കുകയാണ്.