ഷോപ്പിങ് കോംപ്ലക്സിന്റെ മുന്നിലെ മാലിന്യക്കൂമ്പാരം നീക്കി
text_fieldsഅരൂർ: പഞ്ചായത്ത് പൊതുമാർക്കറ്റിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്സിനുമുന്നിൽ കൂട്ടിയിട്ടിരുന്ന മാലിന്യം പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തു. മാലിന്യം കച്ചവടക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നെന്ന് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അരൂർ-തോപ്പുംപടി സംസ്ഥാനപാതക്ക് സമീപം തിരക്കേറിയ സ്ഥലത്താണ് മാലിന്യം കൂട്ടിയിട്ടിരുന്നത്.
ഓണക്കാലത്ത് പോലും മാലിന്യം നീക്കാൻ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ആക്ഷേപമുയർന്നത്. മൂന്നുനിലകളിലുള്ള ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ ബാക്കിയായ സാധനങ്ങളാണ് കൂട്ടിയിട്ടിരുന്നത്. മാസങ്ങളോളമായി കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുകയായിരുന്നു. കക്കൂസിലും കുളിമുറിയിലുമുണ്ടായിരുന്ന സാനിറ്ററി ഉപകരണങ്ങൾ മാറ്റി സ്ഥാപിച്ചപ്പോൾ ബാക്കിയായ സാധനങ്ങളാണ് കൂട്ടിയിട്ടിരുന്നത്. ദുർഗന്ധം വമിക്കുന്ന ക്ലോസറ്റും, പൈപ്പുകളും കൂട്ടിയിട്ടിരുന്നു. ടിപ്പർ ലോറിയിൽ ആറോളം ലോഡ് മാലിന്യം നീക്കിയതായി സമീപവാസികൾ പറയുന്നു. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് മാലിന്യം നീക്കംചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

