നെൽകൃഷിയും മത്സ്യകൃഷിയുമില്ല; കാടുകയറി ഇളയപാടം പാടശേഖരം
text_fieldsകാടുകയറിയ ചന്തിരൂർ ഇളയപാടം പാടശേഖരം
അരൂർ: നെല്ലിന് പിറകെ മത്സ്യകൃഷിയും ഇല്ലാതാകുന്നു. നെൽപ്പാടങ്ങൾ മത്സ്യകൃഷിക്ക് വഴിമാറിയെങ്കിലും ഇപ്പോൾ രണ്ടുമില്ലാത്ത അവസ്ഥയിലേക്ക് മാറുകയാണ് അരൂരിലെ പല നെൽപാടങ്ങളും. 100 ഏക്കറോളമുള്ള ഇളയപാടം പാടശേഖരത്തിലെ കുറേ ഭാഗം നെൽകൃഷി ചെയ്യാതെ കാടുകയറിയ നിലയിലാണ്.
കാടുകയറിയ പാടങ്ങളിൽ മത്സ്യകൃഷി പോലും അസാധ്യമാണെന്ന് കർഷകർ പറയുന്നു. ഇവയെല്ലാം വെട്ടി മാറ്റി കൃഷിയോഗ്യമാക്കാൻ മൂന്നു കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കർഷകസംഘം പ്രസിഡൻറ് രാജശേഖരൻ പിള്ള പറയുന്നത്. സർക്കാറിന്റെ നയപ്രകാരം ഒരു മീനും ഒരു നെല്ലും പദ്ധതി അനുസരിച്ച് മത്സ്യകൃഷിക്ക് ശേഷം നെൽകൃഷി നടത്താൻ ലക്ഷങ്ങൾ മുടക്കി ഒരുക്കങ്ങൾ പൂർത്തിയാക്കിയെങ്കിലും സമയത്ത് നെൽവിത്തുകൾ നൽകാൻ കൃഷിവകുപ്പിന് കഴിയാത്തതിനാൽ കൃഷി മുടങ്ങിയിരിക്കുകയാണ്. മത്സ്യകൃഷി ലേലം ഏറ്റെടുത്തവരും വേലിയേറ്റത്തിൽ വലയുന്നു.
ഇളയപാടം പാടശേഖരത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുന്നത് പരാതിക്കിടയാക്കിയിട്ടുണ്ട്. വേലിയേറ്റം തടയാൻ തോടുകളിൽ ബണ്ട് കെട്ടണം എന്നാണ് ആവശ്യം. തൊട്ടടുത്തുള്ള കുമ്പഞ്ഞി പാടശേഖരത്തിൽ നിന്ന് വെള്ളംകയറുന്നുണ്ടെന്നും പരാതിയുണ്ട്. നെൽകൃഷിയും മത്സ്യകൃഷിയും ലാഭകരമായി നടത്താൻ കഴിയാതെ കർഷകർ വിഷമിക്കുകയാണ്. കർഷകരുടെ പ്രതീക്ഷ കേന്ദ്ര സംഘത്തിൽ
ഇതിനിടെ അരൂർ മേഖലയിൽ ആയിരം ഏക്കർ കൃഷി സ്ഥലം ഒന്നിച്ചു കിട്ടുമോ എന്നറിയാൻ കേന്ദ്ര കൃഷിമന്ത്രാലയത്തിൽ നിന്ന് ഉദ്യോഗസ്ഥരെത്തിയത് ആശ്വാസമായി കാണുകയാണ് കർഷകർ. ബണ്ടുകൾ ബലപ്പെടുത്തി, നെൽകൃഷിക്കൊപ്പം മത്സ്യകൃഷിയും വിപുലപ്പെടുത്താനാണ് കേന്ദ്ര പദ്ധതി എന്നറിയുന്നു.
പാടശേഖരം പൂർണമായും കേന്ദ്ര കൃഷിവകുപ്പിന്റെ കീഴിലായിരിക്കും. മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആയിരം ഏക്കറിലാണ് പദ്ധതി ആരംഭിക്കുന്നത്. പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോൾ നടന്നത്. ഉദ്യോഗസ്ഥർ കർഷകസംഘം പ്രതിനിധികളുമായി ഒരു മണിക്കൂറോളം സംസാരിച്ചു. കൂടുതൽ വിവരങ്ങളുമായി കൂടിയാലോചന നടത്താമെന്ന ഉറപ്പിൽ പിരിയുകയായിരുന്നെന്ന് ഇളയപാടം കർഷകസംഘം ഭാരവാഹികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

