പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ ചികിത്സ ചെലവിന്റെ ബാധ്യത താങ്ങാനാവാതെ കുടുംബം
text_fieldsപാമ്പുകടിയേറ്റ് മരിച്ച നിയയുടെ വെള്ളക്കെട്ടിലായ വീട്
അരൂർ: പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ ചികിത്സ ബാധ്യതയിൽ വട്ടംകറങ്ങി കുടുംബം. അരൂർ പഞ്ചായത്ത് ചീതുപറമ്പ് ലെനിൻ, രാജി ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയ മകൾ നിയയാണ് (13) കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റ് ചികിൽസക്കിടയിൽ മരിച്ചത്. നിയയുടെ 24 ദിവസത്തെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവുകൾക്ക് എട്ടുലക്ഷത്തോളം നാട്ടുകാർ പിരിച്ചുനൽകി. മരണത്തെ തുർന്ന് 2.57 ലക്ഷം കൂടി അടയ്ക്കേണ്ടിവന്നു. ഇതേത്തുടർന്ന് ഞായറാഴ്ച രാവിലെ 7.28ന് മരണം സ്ഥിരീകരിച്ച ആശുപത്രി അധികൃതർ എട്ടുമണിക്കൂർ മൃതദേഹം വിട്ടുനൽകിയില്ല.
ബിൽ തുക 2.57 ലക്ഷം അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒടുവിൽ കെ.സി. വേണുഗോപാൽ എം.പി, ഷാനിമോൾ ഉസ്മാൻ എം.എൽ.എ എന്നിവർ ആശുപത്രി അധികതരുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ 1.60 ലക്ഷം രുപയാക്കി ബിൽ തുക കുറച്ചുനൽകി. 25,000 രൂപ ഷാനിമോൾ ഉസ്മാനും 90,000 രൂപ ബന്ധുക്കളും നൽകി. ബാക്കി 45,000 രൂപയ്ക്ക് ജില്ല പഞ്ചായത്തംഗം പി.എസ്. ജ്യോതിലക്ഷ്മിയുടെ പാൻ കാർഡിന്റെ കോപ്പിയും സമയബന്ധിതമായി തിരിച്ചടക്കാമെന്ന അപേക്ഷയുടെയും അടിസ്ഥാനത്തിലാണ് മൃതശരീരം വിട്ടുനൽകിയത്.
പഴകിദ്രവിച്ച് അപകടാവസ്ഥയിലായ നിയയുടെ വീട് കനത്ത വെള്ളക്കെട്ടിലാണ്. സംസ്ക്കാരത്തിനുള്ള ചടങ്ങുകൾ ബന്ധുവിന്റെ വീട്ടിലാണ് നടത്തിയത്. പുതിയ വീട് എന്ന സ്വപ്നവുമായാണ് കുഞ്ഞുമകൾ കടന്നുപോയതെന്നും അതിനാലാണ് അവസാന നിമിഷം മൃതദേഹം ഇവിടെ കയറ്റിയ ശേഷം പൊതു ശ്മാശനത്തിലേക്ക് കൊണ്ടുപോയതെന്നും പിതാവ് ലെനിൻ പറഞ്ഞു. പുതിയ വീടു വെക്കാനുള്ള തയാറെടുപ്പിനിടയിലാണ് കഴിഞ്ഞ 13ന് നിയയെ പാമ്പുകടിച്ചത്. കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടത്തിൽ സമ്പാദ്യങ്ങളെല്ലാം ചികിൽസക്കുവേണ്ടി ചെലവഴിച്ചു. എന്നിട്ടും തികയാതെ വന്നപ്പോഴാണ് നാട്ടുകാർ നിയ ചികിത്സ നിധി സ്വരൂപ്പിച്ചത്. അധികാരികളുടെ കാരുണ്യമാണ് ഇനിയീ കുടുംബത്തിന്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

