യാത്രക്കാർ ആശങ്കയിൽ; ഉയരപ്പാത നിർമാണസ്ഥലത്ത് അറുതിയില്ലാതെ അപകടങ്ങൾ
text_fields1. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ കോൺക്രീറ്റ് കട്ട വീണ് ചില്ല് തകർന്ന നിലയിൽ
2. അരൂരിൽ അപകടത്തിൽപെട്ട ബൈക്ക്
അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ പതിവുതെറ്റാതെ ബുധനാഴ്ചയും അപകടം. ഒരാൾ മരിച്ചു. ഒരാഴ്ചക്കിടെ ഇവിടെ നടക്കുന്ന രണ്ടാമത്തെ അപകടമരണമാണിത്. കുമ്പളങ്ങി സ്വദേശി ആനന്ദനാണ് മരിച്ചത്.
ബൈക്കിൽ ജോലിക്കു പോകുമ്പോൾ അരൂർ കെൽട്രോൺ കവലയിൽ കണ്ടെയ്നർ ലോറി തട്ടിയാണ് അപകടം. ഉയരപ്പാത നിർമാണത്തിന്റെ ലോഞ്ചിങ് ഗ്യാൻട്രി സ്ഥാപിക്കാൻ റെയിലുകൾ ഇവിടെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഗതാഗതം ദുഷ്കരമായിരുന്നു.
അരൂർ അബാദ് കോൾഡ് സ്റ്റോറേജിന് സമീപം ചൊവ്വാഴ്ച വൈകീട്ടുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടിരുന്നു. ചന്തിരൂർ കോന്നുതറ ഷാജിയുടെ മകൻ അക്കു അക്ബറാണ് (23) മരിച്ചത്. അക്ബർ വീട്ടിലേക്ക് വരുന്നതിനിടയിൽ ഉയരപ്പാത നിർമാണം നടക്കുന്ന റോഡിൽ വെള്ളം തളിക്കുന്ന ടാങ്കർ ലോറി ഇടിച്ചാണ് മരിച്ചത്. ഒരാഴ്ചയിൽ രണ്ടു മരണമെങ്കിലും സംഭവിക്കുന്ന സ്ഥിതിയാണ് ഇവിടെ നിലവിലുള്ളത്. അപകടങ്ങളിൽ പരിക്കേൽക്കുന്നവരും നിരവധിയാണ്.
ഇവിടെ ഗതാഗത സ്തംഭനവും നിയന്ത്രണം ഇല്ലായ്മയും വർധിക്കുകയാണ്. വലിയ വാഹനങ്ങൾ, ചരക്ക് ലോറികൾ കണ്ടെയ്നറുകൾ, കാപ്സൂൾ ആകൃതിയിലുള്ള ഗ്യാസ് വണ്ടികൾ ഇവയൊന്നും നിർമാണം നടക്കുന്ന ദേശീയപാതയിലേക്ക് കടക്കരുതെന്ന് കർശന നിർദേശം ഉണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. നിർദേശം പാലിക്കാത്ത വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് ഇടപെടൽ ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണം.
അപകടത്തിൽപെടുന്നതിൽ അധികവും ഇരുചക്ര വാഹനങ്ങളാണ്. ജങ്ഷനുകളിൽ പൊലീസിനെ നിയോഗിച്ചതല്ലാതെ മറ്റു സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് സംവിധാനങ്ങൾ ഇല്ലാത്തത് അപകടങ്ങൾ കൂടാൻ കാരണമാകുന്നുണ്ട്. ഒരാഴ്ചയിൽ രണ്ടുപേർ എന്ന നിലയിൽ അപകടത്തിൽ മരിക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. കുട്ടനാട്, കടക്കരപ്പള്ളി, ചന്തിരൂർ, കുമ്പളങ്ങി എന്നിവിടങ്ങളിലെ യാത്രക്കാർ മരിച്ചത് ഒരുമാസത്തിനിടയിലാണ്.
ഇതിനു മുമ്പ് പാട്ടുകുളങ്ങര ഒരു സ്കൂട്ടർ യാത്രികയും പഴയ ഇന്ത്യൻ കോഫി ഹൗസിനടുത്ത് ഒരു സ്കൂട്ടർ യാത്രികനും മരിച്ചിട്ട് അധിക നാളായില്ല. ഇതിനു പുറമെയാണ് ഉയരപ്പാത നിർമാണ സ്ഥലത്തുനിന്ന് നിർമാണ സാമഗ്രികൾ താഴേക്ക് പതിച്ചുണ്ടാകുന്ന അപകടങ്ങൾ.
ബുധനാഴ്ചയും ഓടിക്കൊണ്ടിരുന്ന കാറിന്റെ മുന്നിലെ ചില്ലിൽ കോൺക്രീറ്റ് കട്ട വീണ് അപകടമുണ്ടായി. എരമല്ലൂർ സ്വപ്ന ടെക്സ്റ്റൈൽസിന് മുന്നിൽ രാവിലെയായിരുന്നു സംഭവം. അരൂർ മുതൽ തുറവൂർ വരെ ദേശീയപാതയിൽ ജീവൻ വാരിപ്പിടിച്ച് പോകേണ്ട ഗതികേടിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

