കുഴുവേലി പട്ടികജാതി കോളനിയിൽ ഇല്ലായ്മകളുടെ 'സമൃദ്ധി'
text_fieldsകോടംതുരുത്ത് കുഴുവേലി പട്ടികജാതി കോളനിയിലേക്കുള്ള വഴി
അരൂർ: കുഴുവേലി പട്ടികജാതി കോളനിയിൽ ഇല്ലായ്മകൾ മാത്രം. കോടംതുരുത്ത് പഞ്ചായത്തിലെ രണ്ടാം വാർഡിലെ കുഴുവേലി കോളനിയിൽ പട്ടികജാതി കുടുംബങ്ങളുൾപ്പെടെ മുപ്പതോളം കുടുംബങ്ങളാണുള്ളത്. പതിറ്റാണ്ടുകളായി കോളനിവാസികൾ പഞ്ചായത്ത് മെംബർ മുതൽ എം.എൽ.എ വരെയുള്ള അധികാരികളോട് ആവശ്യപ്പെടുന്നത് തുറവൂർ-എഴുപുന്ന റോഡിലേക്ക് എത്താൻ ഒരു പാതയാണ്.
കേവലം അര കി.മീ. നീളംപോലുമില്ലാത്ത ഒരു റോഡിനുവേണ്ടി മുട്ടാത്ത വാതിലുകളില്ലെന്ന് കോളനിവാസികൾ പറയുന്നു. ജപ്പാൻ കുടിവെള്ള പൈപ്പ് എത്തുന്നതിനുമുമ്പ് കുടിവെള്ളത്തിനും കിലോമീറ്ററുകൾ സഞ്ചരിക്കണമായിരുന്നു.
ഉപ്പുവെള്ളം കെട്ടിക്കിടക്കുന്ന മത്സ്യപാടങ്ങൾക്കരികിലെ കോളനിയിലേക്ക് ഒരുവികസനവും എത്തി നോക്കാത്തത് നടന്നുപോലും വരാനുള്ള വഴിയില്ലാത്തതുകൊണ്ടാണ്. ഒറ്റമഴയിൽതന്നെ വഴിയാകെ ചളിയാകും. പല വീടുകളും കാലപ്പഴക്കത്തിൽ തകർച്ചയിലാണ്. പഞ്ചായത്തിെൻറ സഹായം കിട്ടിയാലും നിർമാണസാമഗ്രികൾ എത്തിക്കാൻ കഴിയില്ല. ഇക്കാരണത്താൽ സഹായങ്ങൾ സ്വീകരിക്കാൻപോലും കോളനിവാസികൾക്ക് കഴിയുന്നില്ല.
കോളനിയിലെ ഒരാൾക്ക് സുഖമില്ലാതെ വന്നാൽ കസേരയിൽ എടുത്തുകൊണ്ടുപോയിവേണം വാഹനത്തിൽ കയറ്റാൻ. ഇടുങ്ങിയ വഴിയാണ് പ്രശ്നം. 15 വർഷമായി റോഡിനുവേണ്ടി ഇവിടെയുള്ളവർ കഠിനമായി പരിശ്രമിക്കാൻ തുടങ്ങിയിട്ട്. മൂന്ന് വികലാംഗരും ഒരു കിഡ്നി രോഗിയും ഒരു അർബുദബാധിതനും ഈ കോളനിയിലുണ്ട്. വീൽചെയറിൽ മാത്രം ആശുപത്രിയിലേക്ക് പോകാൻ കഴിയുന്ന രോഗികൾ കടുത്ത ദാരിദ്ര്യത്തിനിടയിലും പുറത്ത് വാടകക്ക് വീടെടുത്ത് താമസിക്കേണ്ട ഗതികേടിലാണ്.
ചെറിയൊരു മഴ വന്നാൽ വെള്ളക്കെട്ടിലാകുന്ന പ്രദേശമാണിത്. വരുന്ന കാലവർഷംകൂടി താങ്ങാനുള്ള കരുത്തില്ലാത്തതിനാൽ കോളനിവാസികൾ കടുത്ത പ്രതിഷേധത്തിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

