പക്ഷിപ്രേമികൾക്ക് നിരാശ; ദേശാടനപ്പക്ഷികളുടെ എണ്ണത്തിൽ കുറവ്
text_fieldsചങ്ങരം പാടശേഖരത്തിൽ എത്തിയ രാജഹംസങ്ങളും ദേശാടനപ്പക്ഷികളും
അരൂര്‍: 2025ല്‍ നീര്‍പക്ഷികളുടെ കണക്കെടുപ്പിൽ വെളിപ്പെട്ടത് നിരാശ. അതിഥി പക്ഷികളുടെ വരവു കുറയുന്നു. ജില്ലയിലെ 12 മേഖലകളിലായി പൂര്‍ത്തീകരിച്ച ഏഷ്യന്‍ നീര്‍പക്ഷി സെന്‍സസിലാണ് നീര്‍പക്ഷികളുടെ എണ്ണം ഗണ്യമായി കുറഞ്ഞത്. 2023നെയും 2024-നെയും അപേക്ഷിച്ച് വരി, വാലന്‍ എരണ്ടകളെ ഒന്നിനെപ്പോലും കണ്ടെത്താനായില്ലെന്നാണ് നിരീക്ഷകർ പറയുന്നത്. ഇതില്‍ ചൂളന്‍, പൂച്ച എന്നീ എരണ്ടകള്ക്കൊപ്പം നീലക്കോഴി, കുളക്കോഴി, പവിഴക്കാലി,പുള്ളിക്കാടക്കൊക്ക്, കുളക്കൊക്ക്, കാക്കമീന്‍കൊത്തി എന്നിവയുടെ കുറവാണ് കണ്ടെത്തിയത്.
എഴുപുന്ന, ചങ്ങരം, കണ്ണാട്ട്, പള്ളിത്തോട്, ചെമ്പകശ്ശേരി, കൊട്ടളപാടം, ഉളവൈപ്പ്, പെരുമ്പളം ദ്വീപ് ,തണ്ണീര്‍മുക്കം, അരീപറമ്പ്,മണ്ണഞ്ചേരി, പളളാതുരുത്തി എന്നിവടങ്ങളിലായിരുന്നു സർവേ. ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി റേഞ്ച്, വൈല്‍ഡ്ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ജില്ലയിലെ പക്ഷിനിരീക്ഷകരുടെ കൂട്ടായ്മ യായ ബേര്‍ഡ്സ് എഴുപുന്ന എന്നിവരായിരുന്നു സംഘാടകര്‍. 94 ഇനങ്ങളിലായി 12463 പക്ഷികളെ കണ്ടെത്തി. പള്ളിത്തോട് പാടശേഖരത്തില്‍ ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫിസര്‍ ടി.എസ്. സേവ്യര്‍ സർവേ ഉദ്ഘാടനം ചെയ്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം.എം. മധുസൂദനന്, ഡി. പ്രദീപ് കുമാര്‍ പക്ഷി നിരീക്ഷകരായ സുധീഷ് മുരളീധരന്, ലൈജു പള്ളിത്തോട് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

