അരൂരിലെ ശ്മശാനം പ്രവർത്തനസജ്ജമാക്കുന്നില്ല; പ്രതിഷേധം വ്യാപകം
text_fieldsഅരൂർ ഗ്രാമപഞ്ചായത്തിന്റെ പൊതുശ്മശാനം ശാന്തിഭൂമി
അരൂർ: അരൂർ ഗ്രാമപഞ്ചായത്തിന്റെ ശ്മശാനം പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ കഴിഞ്ഞു. പ്രതിഷേധവുമായി പഞ്ചായത്തിലും ശ്മശാനത്തിലും എത്താത്ത സംഘടനകളില്ല. വ്യവസായ കേന്ദ്രം അരൂരിൽ സ്ഥാപിച്ചപ്പോൾ ഒട്ടേറെ വീടുകൾ ഒഴിപ്പിച്ചിരുന്നു. അക്കാലത്ത് അനുവദിക്കപ്പെട്ടതാണ് ശ്മശാനത്തിനുള്ള സ്ഥലം.
വിറകുകൂട്ടി മൃതദേഹം കത്തിക്കുന്ന പൊതുശ്മാശാനമായിരുന്നു ആദ്യമൊക്കെ. പിന്നീട് അടുത്തകാലത്ത് ആധുനിക സൗകര്യങ്ങളോടെ കോടികൾ ചെലവ് ചെയ്തു ക്രിമറ്റോറിയം സ്ഥാപിച്ചു. രണ്ട് മൃതദേഹം ഒരേസമയത്ത് സംസ്കരിക്കാൻ കഴിയുമെന്നും ഗ്യാസിൽ പ്രവർത്തിക്കുന്ന ക്രിമറ്റോറിയം തകരാറു സംഭവിക്കാത്ത നിലയിലാണ് പണിതെന്നും അധികാരികൾ അവകാശപ്പെട്ടു. ആദ്യമൊക്കെ തകരാറില്ലാതെ പ്രവർത്തിച്ചു. കോവിഡ് വ്യാപനത്തിനുശേഷം തകരാർ പതിവായി. കോവിഡ് ബാധിച്ച് മരിച്ചവരെ പ്ലാസ്റ്റിക്കുകളോടെ സംസ്കരിച്ചതാണ് ക്രിമറ്റോറിയത്തിന്റെ തകരാറിനിടയാക്കിയതെന്ന് അധികൃതർ പറഞ്ഞു.
തകരാർ പരിഹരിക്കാൻ മികച്ച കമ്പനിയെ ഏൽപിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികാരികൾ പറയുന്നത്. 15 ലക്ഷം രൂപ ഇതിനായി വക കൊള്ളിച്ചിട്ടുണ്ട്. മരണപ്പെടുന്ന അരൂർ നിവാസികളെ നെട്ടൂർ, അരൂക്കുറ്റി, പള്ളുരുത്തി തുടങ്ങി കിലോമീറ്ററുകൾ അകലെയുള്ള സ്ഥലങ്ങളിലാണ് ഇപ്പോൾ സംസ്കരിക്കുന്നത്. അരൂർ നിവാസികളെ അരൂരിലെ ശ്മശാനത്തിൽ സംസ്കരിക്കാൻ അരൂർ പഞ്ചായത്ത് 3500 രൂപ ഫീസായി വാങ്ങുന്നുണ്ട്.
മറ്റു പഞ്ചായത്തുകളിൽനിന്ന് എത്തുന്നവർക്ക് 5,000 രൂപയാണ് ഫീസ്. അരൂരിലെ തകരാറുകൾ പരിഹരിക്കുന്നതുവരെ മറ്റു സ്ഥലങ്ങളിൽ സംസ്കാരത്തിന് കൊണ്ടുപോകുന്നവർക്ക് സാംസ്കരിക്കാനുള്ള തുകയും ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അരൂർ പഞ്ചായത്തിൽ പൊതുശ്മശാനം സൗജന്യമായി അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

