ഓരുമുട്ട് നിർമാണം പാതിവഴിയിൽ; ഉപ്പുവെള്ളം കയറുന്നത് തുടരുന്നു
text_fieldsഅരൂരിൽ തുടരുന്ന ഓരുമുട്ട് നിർമാണം
അരൂർ: ഗ്രാമപഞ്ചായത്തിലെ തീരപ്രദേശത്ത് വെള്ളം കയറുന്നത് തുടരുന്നു. കായലോരവുമായി ബന്ധപ്പെടുന്ന തോടുകളിൽ ബണ്ടുകൾ നിർമിച്ചാൽ മാത്രമേ ഉപ്പുവെള്ളം കയറുന്നത് തടയാൻ കഴിയുകയുള്ളൂ. പ്രദേശത്തെ ജലാശയങ്ങളിൽ മാത്രമല്ല, വീടുകളുടെ മുറ്റങ്ങളിൽപോലും ഉപ്പുവെള്ളം നിറയുകയാണ്. ജനുവരി പകുതിയായിട്ടും ഉപ്പുവെള്ളം തടയുന്നതിന് തോടുകളിൽ ബണ്ടിടുന്ന ജോലികൾ എവിടെയും എത്തിയിട്ടില്ല.
അരൂർ പഞ്ചായത്തിൽ എത്ര ബണ്ട് നിർമിക്കണമെന്ന് പോലും പഞ്ചായത്ത് മെംബർമാർക്ക് കണക്കില്ല. ചിലർ ബണ്ടുകൾ വേണ്ടെന്നുവരെ കരാറുകാരനോട് പറഞ്ഞതായി പരാതി ഉയരുന്നു. കായലുകളിൽനിന്ന് ഉപ്പുവെള്ളം തോടുകൾ വഴി ഉൾപ്രദേശങ്ങളിലേക്ക് കയറുന്നത് തടയുന്നതിന് വേണ്ടിയാണ് ഓരുമുട്ടുകൾ നിർമിക്കുന്നത്. നവംബറിന് മുമ്പ് നിർമിച്ചാൽ മാത്രമേ പ്രയോജനം ലഭിക്കുകയുള്ളൂവെന്ന് തീരവാസികൾ പറയുന്നു. അരൂരിൽ മിക്കയിടങ്ങളിലും ഇവയുടെ നിർമാണം ആരംഭിച്ചിട്ടുപോലുമില്ല.
ഇറിഗേഷൻ വകുപ്പിന്റെ ചുമതലയിലാണ് നിർമാണം നടക്കുന്നത്. ഒരാൾ തന്നെയാണ് വർഷങ്ങളായി നിർമാണക്കരാർ എടുക്കുന്നതെന്നും പറയുന്നു. പഞ്ചായത്തിന്‍റെ ചുമതലയിൽ നേരത്തേ മുട്ട് നിർമാണം നടന്നുകൊണ്ടിരുന്നതാണ്. പിന്നീടാണ് ഇറിഗേഷൻ വകുപ്പിലേക്ക് ഇതിന്‍റെ ചുമതല മാറിയത്. മുട്ട് നിർമാണത്തിൽ സ്ഥിരം സംവിധാനം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ഇവ നിർമാണത്തിനും പൊളിച്ചു നീക്കുന്നതിനും ലക്ഷങ്ങളുടെ ചെലവ് വരുന്നത് വിമർശനത്തിന് ഇടയാക്കുന്നുണ്ട്. കോൺക്രീറ്റിന്റെ സ്ഥിരം സംവിധാനം ഉണ്ടായാൽ ആവർത്തന ചെലവ് ഒഴിവാക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
‘ഇറിഗേഷൻ വകുപ്പിൽ വ്യാപക അഴിമതി’
നവംബറിൽ ഇടേണ്ട ഓരുമുട്ടിന്റെ മറവിൽ തണ്ണീർമുക്കത്തെ ഇറിഗേഷൻ ഡിപ്പാർട്മെന്റ് നടത്തുന്നത് വ്യാപക അഴിമതിയാണെന്ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷൻ വി.കെ. ഗൗരീശൻ പറഞ്ഞു. കാലം തെറ്റിയുണ്ടാകുന്ന വേലിയേറ്റത്തിൽ അരൂരിലെ ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ്. മൂന്നുമാസം വൈകിയാണ് ഓരുമുട്ട് ഇടുന്നത്.
നൂറിന് മുകളിൽ മുട്ടുകൾ അരൂർ പഞ്ചായത്തിലുണ്ട്. ഇവകൊണ്ട് ഒരു പ്രയോജനവുമില്ല. ഇത്രയും നാൾ ഓരുമുട്ടിനുവേണ്ടി അനുവദിച്ച പണം ഉണ്ടായിരുന്നെകിൽ തീരദേശ മേഖലയിൽ കൽക്കെട്ടും സ്ലൂയിസും നിർമിച്ച് വേലിയേറ്റം തടയാമായിരുന്നു. വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ജലസേചന മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

