എരമല്ലൂരിൽ കാർ കത്തിയ സംഭവം; ഇലക്ട്രിക് തകരാറെന്ന് നിഗമനം
text_fieldsകത്തിനശിച്ച കാര്‍, അപകടം വിവരിക്കുന്ന സി.ബി. ചന്ദ്രബാബു
അരൂർ: ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂരിലെ ദേശീയപാതയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ച കാര്‍ കത്തിയ സംഭവത്തില്‍ അരൂര്‍ പൊലീസ് പരിശോധന നടത്തി.
വാഹനത്തിന്റെ ഇലക്ട്രിക് തകരാറുകളാകാം അപകടത്തിനു കാരണമെന്നാണ് പൊലീസിന്റെയും അഗ്നിശമനസേനയുടെയും പ്രാഥമിക വിലയിരുത്തല്‍. ബോണറ്റില്‍ എലി കയറിയുണ്ടാകുന്ന ഇലക്ട്രിക് വയറുകളുടെ നാശം കത്തലിന് കാരണമാകാമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ കെ.ജി. ബിജു പറഞ്ഞു. പൊലീസ് അറിയിപ്പ് കിട്ടിയാല്‍ ശാസ്ത്രീയ പരിശോധന നടത്തും.
വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് കണ്ണുകുളങ്ങരയില്‍ കാര്‍ കത്തിനശിച്ചത്. കാറിലുണ്ടായിരുന്ന ചന്ദ്രബാബുവും കുടുംബാംഗങ്ങളും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അരൂരിൽനിന്ന് രണ്ടു യൂനിറ്റ് അഗ്നിരക്ഷാസേന തീയണക്കാന്‍ എത്തിയിരുന്നു. പൊലീസിനും അഗ്നിശമനസേനക്കും പുറമെ ഇന്‍ഷുറന്‍സ് അധികൃതരും വെള്ളിയാഴ്ച വാഹനം പരിശോധിച്ചു.
കമ്പനിയുടെ ഔദ്യോഗിക സർവിസ് സെന്ററുകളില്‍ കൃത്യമായ സർവിസുകള്‍ നടത്തിവന്നിരുന്നതാണ് പത്തുവര്‍ഷം പഴക്കമുള്ള കാറെന്ന് സി.ബി. ചന്ദ്രബാബു പറഞ്ഞു. അടുത്തിടെയും സർവിസ് നടത്തിയിരുന്നതാണ്.
ആളുന്ന ഓർമകൾ മറക്കാനാകുന്നില്ല-ചന്ദ്രബാബു
അരൂർ: ആളിക്കത്തിയ കാറിൽനിന്ന് ജീവനോടെ രക്ഷപ്പെട്ടത് ഇപ്പോഴും ചന്ദ്രബാബുവിന് ഉള്ളാന്തുന്ന ഓർമയാണ്. കൺമുന്നിൽ കാറ് കത്തിയമരുമ്പോൾ കാറിലുണ്ടായിരുന്ന ഞങ്ങളെല്ലാവരും ഞെട്ടലോടെ നോക്കി നിൽക്കുകയായിരുന്നു. ഭയപ്പെടുത്തുന്ന കാഴ്ച ചന്ദ്രബാബുവിന്റെ മുന്നില്‍നിന്നു മായുന്നില്ല.
വ്യാഴാഴ്ച രാത്രി 10.30ഓടെ ദേശീയപാതയില്‍ എരമല്ലൂര്‍ കണ്ണുകുളങ്ങരക്കു സമീപം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കെ.എസ്.ഡി.പി ചെയര്‍മാനുമായ സി.ബി. ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ച കാറാണ് കത്തിയമര്‍ന്നത്. ബോണറ്റിൽ തീ കണ്ടപ്പോൾ ആദ്യം പതറി. മനോധൈര്യം വീണ്ടെടുത്ത് കാറിലുള്ളവരുമായി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. കാർ അപ്പോഴേക്കും ആളിപ്പടർന്നു കഴിഞ്ഞിരുന്നു.
കുത്തിയതോട് തിരുമലഭാഗത്ത് അമ്മയുടെ സഹോദരിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം. സഹോദരിയുടെ മകന്‍ അരുണാണ് കാറോടിച്ചിരുന്നത്. ഭാര്യ അജിതയെ കൂടാതെ അനന്തരവള്‍ ആതിരയും അവളുടെ മകന്‍ മൂന്നുവയസ്സുകാരന്‍ ദക്ഷിത്തുമാണ് കാറിലുണ്ടായിരുന്നത്. സഹോദരനും കുടുംബവും പിന്നാലെ മറ്റൊരു കാറിലുമുണ്ടായിരുന്നു.
കോടംതുരുത്ത് പിന്നിട്ടപ്പോള്‍ മുതല്‍ അയ്യപ്പഭക്തരുടെ വാഹനം പിന്നാലെ ഹോണടിച്ചും ബഹളംവെച്ചും കൊണ്ടിരുന്നു. എന്നാല്‍, വണ്ടിയൊതുക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ മുന്നോട്ടുനീങ്ങി. കണ്ണുകുളങ്ങരയില്‍ കാറിന്‍റെ വേഗം കുറച്ചപ്പോഴാണ് ബസിലുള്ളവര്‍ ഗ്ലാസില്‍ തട്ടിയത്. അപ്പോഴേക്കും ബോണറ്റിൽനിന്ന് തീ ഉയർന്നിരുന്നു. അരുണ്‍ ഉടൻ ഡോറുകളുടെ ലോക്കുമാറ്റി. പതറിയെങ്കിലും എല്ലാവരും ചാടിയിറങ്ങി. പിന്നിലെ സീറ്റില്‍നിന്നു കുഞ്ഞിനെയും എടുത്തു മറ്റെല്ലാവരുമായി ഓടിമാറുകയായിരുന്നു. തീയണക്കാന്‍ ആളുകളെത്തുമ്പോഴേക്കും എല്ലാം കത്തിയമര്‍ന്നിരുന്നു. അടുത്തിടെ അംഗീകൃത ഷോറൂമില്‍ പണികള്‍ നടത്തിയിരുന്നുവെന്നും ചന്ദ്രബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

