അരൂരിൽ ബസ് കേടായി; മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചു
text_fieldsഅരൂർ ദേശീയപാതയിലെ ഗതാഗത സ്തംഭനം.
അരൂർ: ചേർത്തലയിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി വോൾവോ ബസ് ബ്രേക്ക്ഡൗൺ ആയതോടെ അരൂരിൽ ദേശീയപാതയിൽ ഗതാഗത സ്തംഭനം. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ അരൂർ ബൈപാസ് കവലക്ക് സമീപമാണ് സംഭവം.ദേശീയപാതയിൽ ഗതാഗത തിരക്ക് ഏറ്റവും കൂടിയ രാവിലെയുള്ള സമയത്തായിരുന്നു തടസ്സം .
ഗതാഗതം തടസ്സപ്പെട്ട് ഒന്നേകാൽ മണിക്കൂറിനു ശേഷമാണ് ക്രെയിൻ കൊണ്ടുവന്ന് കേടായ ബസ് ദേശീയപാതയിൽ നിന്ന് നീക്കാൻ കഴിഞ്ഞത്. ഈ സമയമായപ്പോഴേക്കും വാഹനനിര എരമല്ലൂർ വരെ നീണ്ടു. ചേർത്തല ഭാഗത്തേക്കുള്ള ഗതാഗതവും ഉയരപ്പാത നിർമാണ ഫലമായി സ്തംഭനാവസ്ഥയിലായത് കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കി. ഉച്ചക്ക് 12 ഓടെ മാത്രമാണ് ഗതാഗതം സാധാരണഗതിയിലായത്.
അരൂർ - തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്നതിനാൽ അരൂർ ബൈപാസ് കവല മുതൽ തുറവൂർ വരെ ദേശീയപാതയിൽ നാലുവരിപ്പാതയുടെ മീഡിയൻ ഉൾപ്പെടെ ഇരുഭാഗങ്ങളിലുമുള്ള റോഡിന്റെ പകുതിയോളം നിർമാണ ആവശ്യത്തിന് വേണ്ടി കൊട്ടിയടച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ബസ് ബ്രേക്ക് ഡൗണായി വാഹനഗതാഗതം പൂർണമായി സ്തംഭിച്ചത്.
പ്രധാന കേന്ദ്രങ്ങളിലെങ്കിലും രാവിലെയുള്ള സമയങ്ങളിൽ പൊലീസിനെ ഡ്യൂട്ടിക്കിടണമെന്ന ആവശ്യം ദേശീയപാത അധികൃതരും ജില്ല ഭരണകൂടവും, പൊലീസും അംഗീകരിക്കാത്തതിന്റെ ഫലമാണിതെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

