ഉയരപ്പാത നിർമാണം; മഴ മാറിയിട്ടും ദേശീയപാതയിൽ കാൽനട പോലും സാധ്യമല്ല
text_fieldsഅരൂർ: അരൂർ - തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയുടെ പല സ്ഥലങ്ങളിലും കാൽനട അസാധ്യം. മഴ മാറി നിന്നിട്ടും ദേശീയ പാതയോരം ചെളിക്കുഴമ്പായി കിടക്കുകയാണ്. ഇതിനിടെ കാന നിർമാണത്തിന് കുഴിക്കുന്നതും കാൽനടക്കാർക്ക് തടസ്സമാകുന്നു. പ്രായമായവരും സ്കൂളിൽ പോകുന്ന കുട്ടികളുമാണ് ഏറെ ക്ലേശിക്കുന്നത്. വാഹന യാത്രികരുടെ സൗകര്യങ്ങൾക്ക് ഉന്നതതല കൂടിയാലോചന നടക്കുമ്പോഴും കാൽനടക്കാരെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യുന്നില്ലെന്നാണു പരാതി. ആശുപത്രികളിലേക്ക് പോകുന്ന പ്രായമായവർ വഴികളിലെ തടസ്സങ്ങളിൽ ബുദ്ധിമുട്ടുന്ന കാഴ്ച ദയനീയമാണ്.
വാഹന സൗകര്യം ഇല്ലാതെ വിദ്യാലയങ്ങളിൽ എത്താൻ ശ്രമിക്കുന്ന കുട്ടികളുടെ കാര്യവും കഷ്ടമാണ്. ഇവരെ സഹായിക്കാൻ മാര്‍ഷൽമാരുടെ സേവനം ലഭ്യമാക്കണമെന്നാണ് ആവശ്യം. ദേശീയപാതയിൽ കഴിഞ്ഞദിവസം ഗർഡര്‍ നിലംപൊത്തി ഹരിപ്പാട് സ്വദേശി പിക്കപ്പ് വാൻ ഡ്രൈവർ രാജേഷ് മരിക്കാനിടയായ സാഹചര്യത്തിൽ എല്ലാ വകുപ്പുകളോടും ജാഗ്രത പാലിക്കാൻ സർക്കാർ കർശന നിർദേശം നൽകിയപ്പോഴും കാൽനടക്കാരുടെ ബുദ്ധിമുട്ടുകൾ കണക്കാക്കിയില്ലെന്നാണ് ആക്ഷേപം. കാൽനടക്കാർ ദേശീയപാതയിൽനിന്ന് ഒഴിഞ്ഞതോടെ കടകളിലെ കച്ചവടവും നിലച്ചു.
നിരവധി കടകളാണ് അരൂരിനും തുറവൂരിനും ഇടയിൽ പൂട്ടിയത്. നിർമാണ സാമഗ്രികളും അവശിഷ്ടങ്ങളും വേഗം നീക്കം ചെയ്യണമെന്ന് നിർദേശമുണ്ടെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല. 25 പൊലീസ് ഉദ്യോഗസ്ഥരെയും 86 മാർഷൽമാരെയും നിയോഗിച്ചിട്ടിട്ടുണ്ടെന്ന് പറയുന്നതല്ലാതെ സേവനം ദൃശ്യമായിട്ടില്ല. ഉയരപ്പാത നിർമാണ കമ്പനിക്ക് വീഴ്ച പറ്റിയതായി വിലയിരുത്തിയെങ്കിലും ശിക്ഷാനടപടി ഉണ്ടാകാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. നിർമാണ പ്രവർത്തനങ്ങളുടെ കൃത്യത കാര്യക്ഷമമാക്കാൻ മേൽനോട്ടമുണ്ടാകുമെന്ന് പറയുമ്പോഴും കാന നിർമാണത്തിൽ അപാകത ഏറെയാണ്.
വെട്ടി മാറ്റിയ മരത്തിന്റെ വേരുകളും മറ്റും നീക്കം ചെയ്യാൻ ശ്രമിക്കാതെ കാന വഴിതിരിച്ചുവിടുന്നത് പല സ്ഥലങ്ങളിലും കാണാം. കാനയിലെ ഒഴുക്ക് നിലയ്ക്കാനും വെള്ളക്കെട്ടിനും കാരണമാകുന്ന നിർമാണ പിഴവുകൾ പരിശോധിക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർ എത്തിയിട്ടില്ല. ഉപയോഗശൂന്യമായ നിർമാണ അവശിഷ്ടങ്ങളും ആക്രി സാധനങ്ങളും കാൽനടയാത്രയ്ക്ക് തടസ്സമായി കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

