അരൂർ-തുറവൂർ ഉയരപ്പാത നിർമാണം; പൂർത്തീകരണത്തിന് വൈദ്യുതി വകുപ്പ് കനിയണം
text_fieldsഉയരപ്പാതയുടെ പൂർത്തിയാകാത്ത വിടവ്; അരൂർ റസിഡൻസി ഹോട്ടലിന്റെ മുൻവശം
അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം പൂർത്തീകരിക്കാൻ 14 ഗർഡർകൂടി സ്ഥാപിക്കണം. ഇതിനുള്ള ജോലികൾ വൈകാൻ സാധ്യത. അരൂർ ക്ഷേത്രത്തിനും ബൈപാസ് കവലക്കും ഇടയിൽ, റെസിഡൻസി ഹോട്ടലിന്റെ മുന്നിലുള്ള ഒരു പില്ലറിന്റെ ഇരുഭാഗത്തും കൂടി 14 ഗാർഡർ സ്ഥാപിക്കാനുള്ള ജോലികളാണ് പൂർത്തിയാകാനുള്ളത്. ഒന്നാമത്തെ റീച്ചിൽ 25, 26, 27 എന്നീ പില്ലറുകളുടെ മുകളിലൂടെ പോകുന്ന 110 കെ.വി വൈദ്യുതി ലൈൻ ടവർ ഉയർത്തുന്നതിന് കാലതാമസം നേരിടുന്നത് പണിക്ക് തടസ്സമാകുകയാണ്. മൂന്ന് പില്ലറുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് 14 കോൺക്രീറ്റ് ഗർഡറുകളാണ് ഇനി സ്ഥാപിക്കാനുള്ളത്. ഈ ഭാഗത്ത് പില്ലറുകൾക്ക് ആറ് മീറ്റർ ഉയരമാണുള്ളത്. ഇതിന് മുകളിൽ ഗർഡറുകൾ സ്ഥാപിക്കുമ്പോൾ 8.5 മീറ്ററായി ഉയരും.
നിലവിൽ അരൂർ റെസിഡൻസിക്ക് സമീപം ഉണ്ടായിരുന്ന വൈദ്യുതി ടവറിന്റെ ഉയരപ്പാതയുടെ മുകളിൽനിന്നും 7.5 മീറ്റർ ഉയരത്തിൽ 110 കെ.വി ലൈൻ സ്ഥാപിക്കണമെന്നാണ് വൈദ്യുതി വകുപ്പിന്റെ നിർദേശം. ഇതേതുടർന്ന് പാതയുടെ ഇരുവശത്തും വൈദ്യുതി ടവറുകൾ ഉയരം കൂട്ടി സ്ഥാപിച്ചു. എന്നാൽ, പുതിയ വൈദ്യുതി ടവറുകളുമായി ബന്ധിക്കുന്ന മറ്റ് രണ്ട് വൈദ്യുതി ടവറുകളുടെ കൂടി ഉയരം കൂട്ടണം. നാല് ടവറും നിർമിച്ച് കോൺക്രീറ്റ് ഉറയ്ക്കുന്നതിനായി കാത്തിരുന്നാൽ ഉയരപ്പാത പൂർത്തിയാകാൻ സമയം ഏറെ വേണ്ടിവരും. പുതിയ വൈദ്യുതി ടവറുകളുടെ നിർമാണം പൂർത്തിയായി വൈദ്യുതി ലൈൻ വലിക്കണമെങ്കിൽ താൽക്കാലികമായി സംവിധാനം ഒരുക്കണം. ഇതിനായുള്ള പദ്ധതി തയാറായി വരുന്നതേയുള്ളൂ.
ഇത്തരം ജോലികൾക്കായി കരാർ കമ്പനി നേരത്തേ തന്നെ പണം അടച്ചിരുന്നുവെങ്കിലും കെ.എസ്.ഇ.ബി അധികൃതർ ഇക്കാര്യത്തിൽ വേണ്ടത്ര ഗൗരവം കാട്ടിയില്ലെന്ന് ആക്ഷേപം ഉയരുന്നു. ലൈൻ ഉയർത്തുന്നതിനായി പാതയുടെ ഇരുവശത്തും ഓരോ ടവറുകൾ വീതം സ്ഥാപിച്ചിട്ടുണ്ട്. ഇതിനോട് ചേർന്ന് രണ്ടുവശത്തും ഓരോ ടവർ കൂടി സ്ഥാപിക്കണം. ഇതിന്റെ നിർമാണം ഇനിയും തുടങ്ങിയിട്ടില്ല. ഇത് പൂർത്തീകരിക്കാതെ ലൈൻ ഉയർത്താനും കഴിയില്ല.
പുന്നപ്രയിലുള്ള 220 കെ.വി സബ് സ്റ്റേഷനിൽനിന്ന് പള്ളിപ്പുറം ഇൻഫോ പാർക്ക്, എരമല്ലൂർ, കുത്തിയതോട്, അരൂർ 110 കെ.വി സബ്സ്റ്റേഷൻവഴി മട്ടാഞ്ചേരിവരെ പോകുന്ന ലൈനാണ് ദേശീയപാതക്ക് കുറുകെ പോകുന്നത്. ഉയരപ്പാതക്ക് ആകെ വേണ്ട 2566 ഗർഡറുകൾ സ്ഥാപിക്കാനുള്ളതിൽ 2552 ഗർഡറുകൾ സ്ഥാപിച്ചിട്ടുണ്ട്. അരൂർ റസിഡൻസി ഹോട്ടലിന്റെ മുന്നിലുള്ള ഉയരപ്പാതയുടെ വിടവ് വൈദ്യുതി വകുപ്പിന്റെ അനുവാദത്തിനായി കാത്തുകിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

