ഹാൾട്ട് ഏജന്റും ഇല്ലാതായി; നോക്കുകുത്തിയായി അരൂർ റെയിൽവേ സ്റ്റേഷൻ
text_fieldsഅരൂർ റെയിൽവേ സ്റ്റേഷൻ
അരൂർ: വികസനത്തിന്റെ അനന്തസാധ്യതകളുമായി തുറന്ന അരൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് ലഭ്യമാക്കുന്ന ഹാൾട്ട് ഏജന്റും ഇല്ലാതായി. ഇപ്പോൾ അടഞ്ഞുകിടക്കുന്ന റെയിൽവേ സ്റ്റേഷന്റെ ഫോട്ടോ മൊബൈൽ ഫോൺ കാമറയിൽ പകർത്തിയാണ് യാത്രക്കാർ ട്രെയിനിൽ കയറുന്നത്.
ടിക്കറ്റില്ലാതെ യാത്ര ചെയ്ത് ടി.ടി.ആർ പിടികൂടിയാൽ ഫോട്ടോ കാണിച്ച് രക്ഷപ്പെടാം. ഒന്നരമാസം മുമ്പുവരെ ഹാൾട്ട് ഏജന്റ് ഉണ്ടായിരുന്നു. ഒരു വർഷത്തേക്ക് ടിക്കറ്റ് വിതരണം നടത്താനുള്ള കരാർ എടുത്താണ് ഇവർ ടിക്കറ്റ് നൽകിയിരുന്നത്. ഓൺലൈൻ ടിക്കറ്റ് സംവിധാനം വ്യാപകമായതോടെ നാലോ അഞ്ചോ യാത്രക്കാർ മാത്രമാണ് ഇവിടെ ടിക്കറ്റെടുക്കാൻ എത്തുന്നത്.
വിൽക്കുന്ന ടിക്കറ്റിന്റെ 15 ശതമാനമാണ് ഹാൾട്ട് ഏജന്റുമാർക്ക് ലഭിക്കുന്നത്. ആളില്ലെങ്കിലും രാവിലെ എട്ട്, 10, വൈകീട്ട് നാല്, എട്ട് സമയക്രമങ്ങളിൽ ഹാൾട്ട് ഏജന്റ് റെയിൽവേ സ്റ്റേഷനിൽ എത്തണം. മുൻകൂറായി പണം അടച്ച് ഓരോ ദിവസവും മുടങ്ങാതെ ജോലി ചെയ്തിട്ടും വരുമാനമില്ലാത്തതാണ് ഹാൾട്ട് ഏജന്റുമാരില്ലാതെ സ്റ്റേഷൻ അടച്ചുപൂട്ടാനിടയാക്കിയത്.
കൊച്ചി നഗരത്തിന്റെ ഉപഗ്രഹനഗരമായി വളരുന്ന അരൂർ, ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള വ്യവസായ കേന്ദ്രമാണ്. പൊതുമേഖല സ്ഥാപനമായ കെൽട്രോൺ ഫാക്ടറി, നൂറുകണക്കിന് വലുതും ചെറുതുമായ സമുദ്രോൽപന്ന സംസ്കരണ കയറ്റുമതി സ്ഥാപനങ്ങൾ ഇവിടെയുണ്ട്. 25,000 അന്തർ സംസ്ഥാന തൊഴിലാളികൾ അരൂരിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഇവരെല്ലാം എറണാകുളം, തുറവൂർ റെയിൽവേ സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്. അരൂർ റെയിൽവേ സ്റ്റേഷനിൽ സൗകര്യങ്ങൾ വികസിപ്പിച്ച് കൂടുതൽ ട്രെയിനുകൾ നിർത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
നിലവിൽ പാസഞ്ചർ ട്രെയിനിനുമാത്രം സ്‌റ്റോപ്പുള്ള വ്യവസായ മേഖലകൂടിയായ അരൂരിന് റെയിൽവേ അർഹമായ പ്രാധാന്യം നൽകാത്തതിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്. രാവിലെ 8.10ന് ആലപ്പുഴക്ക് പോകുന്ന ഒരു ട്രെയിനും 8.30ന് എറണാകുളത്തേക്ക് പോകുന്ന ട്രെയിനും സ്‌റ്റേഷനിൽ നിർത്തും. പിന്നെ ഈ ട്രെയിനുകൾ വൈകീട്ട് മടങ്ങിപ്പോകുമ്പോഴും അരൂരിൽ നിർത്തും. എന്നാൽ, ഇതിനിടയിൽ ഒട്ടേറെ ട്രെയിനുകൾ ഇതുവഴി കടന്നുപോകുമെങ്കിലും അരൂരിൽ ഒന്നിനും സ്‌റ്റോപ്പില്ല.
ദേശീയപാതയുമായി അധികദൂരം ഇല്ലാത്തതിനാൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചാൽ യാത്രികർക്ക് ഏറെ ഗുണം ലഭിക്കും. കൂടാതെ സമീപ പഞ്ചായത്തുകളായ അരൂക്കുറ്റി, കുമ്പളങ്ങി, പാണാവള്ളി, പെരുമ്പളം എന്നിവിടങ്ങളിലെ ജനങ്ങൾക്കും അരൂർ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിൻ നിർത്തിയാൽ വലിയ ആശ്വാസമാകും. റെയിൽപാതയുടെ ഇരട്ടിപ്പ് ജോലികൾ നടക്കുന്ന ഈ സമയത്ത് റെയിൽവേ സ്റ്റേഷന്റെ വികസനം സാധ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

