കൈതപ്പുഴക്കായലിൽ മത്സ്യക്ഷാമം; അരൂർ മാർക്കറ്റിൽ തിരക്കൊഴിയുന്നു
text_fieldsഅരൂർ: കൈതപ്പുഴക്കായലിൽ മത്സ്യക്ഷാമത്തെ തുടർന്ന് അരൂർ മാർക്കറ്റിൽ തിരക്കൊഴിയുന്നു. ലക്ഷങ്ങളുടെ മത്‌സ്യക്കച്ചവടം തകൃതിയായി നടന്നിരുന്ന തിരക്കേറിയ കച്ചവടക്കാലം മാറിപ്പോയിരിക്കുന്നു. കോവിഡ് രോഗ വ്യാപനവും ലോക്ഡൗണും മത്സ്യക്കച്ചവടത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
മൂന്നു വശവും കായലാൽ ചുറ്റപ്പെട്ട ഗ്രാമമാണ് അരൂർ. മത്സ്യബന്ധനവും വിപണനവും മാത്രം ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളുണ്ടിവിടെ. ഊന്നുവലകളും ചീനവലകളുമാണ് മുഖ്യമായി കൈതപ്പുഴ കായലോര നിവാസികളുടെ മത്സ്യബന്ധന മാർഗ്ഗങ്ങൾ.
കൊയ്ത്ത് കഴിഞ്ഞ കുട്ടനാടൻ പാടശേഖരങ്ങളിൽ നിന്ന് പുറംതള്ളുന്ന പോളപ്പായൽ കായൽ നിറയുകയാണ്. കാറ്റും കടുത്ത മഴയും മത്സ്യബന്ധനത്തിന് മറ്റൊരു തടസ്സമായി മാറുന്നു. മീൻ കുഞ്ഞുങ്ങളെയും ചെമ്മീൻ കുഞ്ഞുങ്ങളെയും മത്സ്യഫെഡ് കായലുകളിൽ നിക്ഷേപിക്കാറുണ്ടായിരുന്നത് രണ്ടു വർഷമായി നടക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
മാലിന്യം കായലുകളിൽ തള്ളുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ ത്രിതല പഞ്ചായത്തുകൾക്കോ സർക്കാരിനോ കഴിയുന്നില്ല. അരൂർ മത്സ്യമാർക്കറ്റ് രണ്ടു വർഷങ്ങൾക്കു മുമ്പാണ് ഹൈടെക് മാതൃകയിൽ നിർമിച്ചത്. മൂന്ന് മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങൾക്ക് മത്സ്യലേലം ചെയ്യാനും വിപണനം നടത്തുവാനും സൗകര്യമുണ്ട്. പൊതു ജനങ്ങൾക്ക് മത്സ്യലേലങ്ങളിൽ പങ്കെടുക്കുവാൻ കഴിയും. മത്‌സ്യം വാങ്ങാനും വിൽക്കാനുമായി നൂറുകണക്കിനു ആളുകളാണ് ഇവിടെ എത്തിയിരുന്നത്. നിന്നു തിരിയാൻ പോലും ഇടമില്ലാത്ത മത്സ്യമാർക്കറ്റ് ഇപ്പോൾ ആളൊഴിഞ്ഞ സ്ഥലമായി മാറിപ്പോയിരിക്കുന്നു.
ലക്ഷങ്ങൾ വരുമാനമുണ്ടായിരുന്ന മാർക്കറ്റിൽ, ഇപ്പോൾ പതിനായിരങ്ങൾ പോലും കഷ്ടിയാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു. വാക്സിനേഷൻ വ്യാപകമാക്കി മത്സ്യത്തൊഴിലാളി മേഖലയെ ഉണർത്തിയെടുക്കാൻ അധികൃതർ പരിശ്രമം നടത്തണമെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

