അരൂർ-തുറവൂർ ഉയരപ്പാത; നിർമാണത്തിന് വേഗതയേറി ഗതാഗതക്കുരുക്കിലമർന്ന് ദേശീയപാത
text_fieldsഅരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന
അരൂർ ദേശീയപാതയിലെ ഗതാഗതസ്തംഭനം
അരൂർ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുമ്പ് അരൂർ - തുറവൂർ ഉയരപ്പാതയുടെ നിർമാണം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് പണികൾ തകൃതിയാക്കി. ഇതോടെ ഗതാഗതക്കുരുക്കിൽ നട്ടംതിരിഞ്ഞ് ദേശീയപാത. തിങ്കളാഴ്ച മുതൽ അരൂർ മേഖലയിൽ ദേശീയപാത രാവിലെ മുതൽ ഗതാഗത തടസ്സത്തിൽ വീർപ്പുമുട്ടുകയാണ്. ഉച്ചയോടെ മാത്രമാണ് കുറച്ച് ആശ്വാസം ലഭിക്കുന്നത്.
അരൂർ ബൈപാസിന് സമീപം നിർമാണജോലികൾ വേഗത്തിലാക്കി. ഇതോടെ, തിരക്കേറിയ രാവിലെ ആലപ്പുഴ ഭാഗത്തുനിന്ന് കൊച്ചി ഭാഗത്തേക്ക് വലിയ കുരുക്കാണ് രൂപപ്പെടുന്നത്. ഇവിടെ ഗതാഗതം തടസ്സപ്പെടുന്നതോടെ വാഹനനിര കിലോമീറ്ററുകൾ നീളും. ഇതിനുപുറമെ അരൂക്കുറ്റി ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് കയറാനാകാതെ അരൂക്കുറ്റി റോഡും ഗതാഗത തടസ്സത്തിലാകും. അരൂക്കുറ്റി പാലംവരെ വാഹനനിര നീളുന്നത് പതിവാണ്. ഇതിനൊപ്പം അരൂരിലെ ഇടറോഡുകളെല്ലാം രാവിലെ മുതൽ തടസ്സത്തിലാകുന്നതോടെ സ്കൂൾകുട്ടികൾക്ക് കാൽനടയായി പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
അരൂർ-അരൂക്കുറ്റി റോഡിലെ ഗതാഗത തടസ്സം
ദിവസങ്ങളായി ഇത് തന്നെയാണ് സ്ഥിതി. രാവിലെ തുടങ്ങുന്ന ഗതാഗത തടസ്സം ഉച്ചക്ക് രണ്ടിനാണ് നീങ്ങുന്നത്. നാല് മണിയോടെ വീണ്ടും എറണാകുളം ഭാഗത്തുനിന്ന് വാഹനങ്ങൾ അരൂർ ഭാഗത്തേക്ക് എത്താൻ തുടങ്ങും. അരൂർ ബൈപാസ് ജങ്ഷനിൽ വാഹനങ്ങൾ തടസ്സപ്പെടുന്നതോടെ, വീണ്ടും ഗതാഗതം സ്തംഭിക്കും. ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ച പൊലീസ് സേനയെ പിൻവലിച്ചതോടെ പകരം ഏർപ്പെടുത്തിയ ഗാർഡുകൾക്ക് ഫലപ്രദമായി ഗതാഗത നിയന്ത്രണം സാധ്യമാകുന്നില്ല.
വൈകീട്ട് തുടങ്ങുന്ന ഗതാഗതതടസ്സം രാത്രി ഏറെ വൈകിയാണ് അവസാനിക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ ഗതാഗതം തടസ്സപ്പെടുത്തി നിർമാണപ്രവർത്തനങ്ങൾ നടത്തരുതെന്ന് നിർദ്ദേശമുണ്ടെങ്കിലും പണികൾ പൂർത്തീകരിക്കാനുള്ള തത്രപ്പാടിൽ കരാർ ഏറ്റെടുത്ത കമ്പനി ഇതുപാലിക്കുന്നില്ലെന്ന് പരാതിയുണ്ട്. അരൂർ-തുറവൂർ ഉയരപ്പാതയുടെ അവസാന റീച്ചായ തുറവൂർ മുതൽ കുത്തിയതോട് വരെ 3.5 കിലോമീറ്റർ പാതയിൽ തുറവൂർ ജങ്ഷൻ മുതൽ പാട്ടുകുളങ്ങര വരെ ഭാഗത്ത് നിർമാണം പൂർത്തിയായി.ഉയരപ്പാത നിർമാണഭാഗമായി കാന നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ സൈക്കിൾ പാതയുടെ നിർമാണം ഏതാണ്ട് അവസാനഘട്ടത്തിലാണ്. കാനയോട് ചേർന്നാണ് കോൺക്രീറ്റ് ഇന്റർലോക്ക് കട്ട ഉപയോഗിച്ച് സൈക്കിൾ പാതയൊരുക്കുന്നത്.
അരൂർ ബൈപാസ് ജങ്ഷനിൽ ഉയരപ്പാതയുടെ നിർമാണം അതിവേഗത്തിലാണ്. ഇവിടം കേന്ദ്രീകരിച്ചുള്ള നിർമാണമാണ് ഗതാഗത തടസ്സത്തിനിടയാക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

