അരൂർ-തുറവൂർ ഉയരപ്പാത; 75 ശതമാനം ജോലികൾ പൂർത്തിയാക്കി
text_fieldsപൂർത്തിയായ അരൂർ -തുറവൂർ ഉയരപ്പാത
തുറവൂർ: രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത നിർമാണം പ്രതിസന്ധികൾക്കിടയിലും ഊർജിതമായി മുന്നോട്ട്. കരാർ പ്രകാരം നിർമാണം നടക്കേണ്ടതിനേക്കാൾ 4.5 ശതമാനം കൂടുതൽ പ്രവർത്തനം നടന്നെന്ന് കണക്കാക്കപ്പെടുന്നു. 2026 ഫെബ്രുവരിയിൽ കരാർ പ്രകാരം കാലാവധി അവസാനിക്കും. നിലവിൽ 9.65 കിലോമീറ്റർ പാതയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. അരൂർ മുതൽ തുറവൂർ വരെ ദേശീയപാതയിൽ 12.75 കിലോമീറ്റർ ഉയരപ്പാത നിർമാണം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്.
രൂപരേഖയിൽ മാറ്റം
തുറവൂർ കവലയിൽ നിന്ന് 350 മീറ്റർ അപ്രോച്ച് റോഡ് മണ്ണിട്ടുയർത്തി വാഹനങ്ങൾ ഇറങ്ങുന്നതിനും, കയറുന്നതിനുമുള്ള സൗകര്യമായിരുന്നു രൂപരേഖയിൽ നിർദേശിച്ചിരുന്നത്. എന്നാൽ തുറവൂർ കവലയിൽ ഇതുമൂലം ഗതാഗതം താറുമാറാകുമെന്നും വികസനം ഇല്ലാതാകുമെന്നും വിമർശനം ഉയർന്നതിനെ തുടർന്ന് ഉയരപ്പാതാ നിർമാണം 480 മീറ്ററായി വർധിപ്പിച്ചു. ഉയരപ്പാതയുടെ നീളം ഇതോടെ 12.75 കിലോ മീറ്ററിൽ നിന്ന് 13 കിലോമീറ്ററായി വർധിച്ചു. അരൂർ മേഖലയിലെ ദേശീയപാതയുടെ വീതിക്കുറവും കാന നിർമാണത്തിലെ തടസവും പലയിടങ്ങളിലും നിർമാണപുരോഗതിയെ പ്രതികൂലമായി ബാധിച്ചു.
തൂണുകളുടെ നിർമാണം പൂർത്തിയായി
ഒറ്റതൂണുകളിൽ 24.5 മീറ്റർ വീതിയുള്ള ആറ് വരിപ്പാതയാണ് പൂർത്തിയാകുന്നത്. ആകെ 354 തൂണുകളാണ് പാതയ്ക്കായി സ്ഥാപിച്ചത്. മുഴുവൻ തൂണുകളുടെ നിർമാണം പൂർത്തിയായി കഴിഞ്ഞു. മുന്നൊരുക്കം ഇല്ലാതെയും, സുരക്ഷാസംവിധാനം ഒരുക്കാതെയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതും സർവീസ് റോഡുകളിലൂടെയുള്ള സാഹസിക യാത്രയും ഒട്ടേറെയാളുകളുടെ ജീവൻ നഷ്ടമായത് ജനരോഷം ഉയർത്തി. അഞ്ചു റീച്ചുകളായാണ് പണികൾ പുരോഗമിക്കുന്നത്.
പ്രതിസന്ധികൾ
മഴക്കെടുതികളും പ്രാദേശിക നിസ്സഹകരണവും കാന നിർമാണം അനിശ്ചിതത്വത്തിലാക്കി. ഉയരപ്പാതയുടെ ഇരുഭാഗത്തുമായി നിർമിക്കുന്ന കാന യാഥാർഥ്യമായാൽ വെള്ളം ഇടതോടുകളിലേക്ക് ഒഴുക്കാനാണ് തീരുമാനം.
ഉയരപ്പാതയുടെ മുകളിൽ വീഴുന്ന മഴവെള്ളം തൂണുകളിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾ വഴി കാനയിലേക്ക് ഒഴുക്കിവിടും. ഇതുവരെ 7.5 കി ലോമീറ്റർ ഭാഗത്ത് കാന നിർമാണം മാത്രമാണ് പൂർത്തിയായത്. അരൂർ മുതൽ തുറവൂർ വരെ പാതയിൽ കുത്തിയതോട്, ചന്തിരൂർ എന്നിവിടങ്ങളിലുള്ള പ്രധാനപ്പെട്ട രണ്ട് തോടുകളിലേക്കും അരൂർ ബൈപാസിനു സമീപമുള്ള കൈതപ്പുഴക്കായലിലേക്കുമാണ് കാനയെത്തുന്നത്. തകർന്ന് കുണ്ടും കുഴിയും വെള്ളക്കെട്ടുമായി സഞ്ചരിക്കാൻ കഴിയാത്ത വിധത്തിൽ ചളിപുതഞ്ഞ സർവീസ് റോഡ് ഒട്ടേറെ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ മൂന്ന് ടവർ ലൈനുകൾ അഴിച്ചുമാറ്റിയാലേ അരൂർ ബൈപ്പാസ്, അരൂർ റസിഡൻസി ഹോട്ടൽ, കുത്തിയതോട് എൻ.സി കവല എന്നിവിടങ്ങളിലെ ഉയരപ്പാതാ നിർമാണം പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ.
ദേശീയപാത അതോറിറ്റിയാണ് പണികൾ നടത്തേണ്ടത്. ദേശീയപാത അധികൃതരും സർക്കാർ സംവിധാനങ്ങളും യഥാസമയം ചെയ്യേണ്ടിയിരുന്ന ഉത്തരവാദിത്വം നിർവഹിക്കാത്തതാണ് റോഡിൽ നിലവിൽ ജനങ്ങൾ ഇപ്പോൾ നേരിടുന്ന ദുരിതങ്ങൾക്കും കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

