അരൂർ-തുറവൂർ ഉയരപ്പാത നിർമാണം; സമയപരിധി നീട്ടി
text_fieldsഅരൂർ-തുറവൂർ ഉയരപ്പാത
അരൂർ: സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യമേറിയ ഒറ്റത്തൂൺ മേൽപ്പാലമായ അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേ തുറക്കുന്നത് വൈകും. 12.75 കിലോമീറ്റർ ദൈർഘ്യമുള്ള അരൂർ-തുറവൂർ ആറുവരി എലിവേറ്റഡ് ഹൈവേ ഡിസംബറിൽ പൂർത്തിയാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും പ്രവൃത്തി നീണ്ടതോടെ പുതിയ സമയപരിധി 2027 മാർച്ച് വരെ നീട്ടി.
കൊച്ചിക്കും ആലപ്പുഴയ്ക്കുമിടയിലുള്ള യാത്ര സുഗമമാക്കുന്നതിനായി 16,500 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ദേശീയപാത 66 വികസനത്തിന്റെ ഭാഗമായാണ് പദ്ധതി. രാജ്യത്തെ ഏറ്റവും നീളമേറിയതും സംസ്ഥാനത്തെ പ്രധാന പാതയായ എലിവേറ്റഡ് ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങളുടെ 94 ശതമാനവും പൂർത്തിയായി. വരും ദിവസങ്ങളിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ എലിവേറ്റഡ് പാതയിൽ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കും.
പാതയിലെ പ്രധാന ജോലികൾ പൂർത്തിയാകുന്ന സാഹചര്യത്തിൽ അടുത്ത ആഴ്ചയോടെ ഭാരപരിശോധന നടത്തും. അരൂർ ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണം, അരൂർ, എരമല്ലൂർ, തുറവൂർ എന്നിവിടങ്ങളിലായുള്ള മൂന്ന് എൻട്രി - എക്സിറ്റ് റാമ്പുകൾ പൂർത്തിയാക്കുന്നതുമാണ് ഇനി ബാക്കിയുള്ള ജോലികളെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥൻ അറിയിച്ചു.
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ പദ്ധതിയുടെ സമയപരിധി നീട്ടിയതിന് പ്രധാന കാരണം തുറവൂർ ഭാഗത്ത് വരുത്തിയ നിർമാണത്തിലെ മാറ്റമാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ തുറവൂർ ജങ്ഷനും കടന്ന് തുറവൂർ ക്ഷേത്രം വരെ എലിവേറ്റഡ് പാത നീട്ടാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ആറ് സ്പാനുകൾ (ഏകദേശം 150 മീറ്റർ) കൂടി കൂട്ടിച്ചേർക്കുന്നുണ്ട്.
നേരത്തെയുള്ള പദ്ധതി പ്രകാരം തിരക്കേറിയ ജങ്ഷനിൽ ഒരു ഭിത്തിയും പെട്ടെന്നുള്ള എക്സിറ്റ് റാമ്പുമായിരുന്നു ഉണ്ടായിരുന്നത്. ഇത് ഗതാഗതക്കുരുക്ക് കൂടുതൽ വഷളാക്കാൻ കാരണമായിരുന്നു. എലിവേറ്റഡ് പാത ഒരു പ്രത്യേക അതിവേഗ പാതയായി പ്രവർത്തിക്കുന്നതിനാൽ കുമ്പളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ അവിടെ ടോൾ നൽകിയാലും എരമല്ലൂരിലും ടോൾ നൽകേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി. എൻ.എച്ച്-66 ഇടനാഴിയിൽ വരാനിരിക്കുന്ന ടോൾ പോയിന്റുകളിലും ഈ സംവിധാനം നടപ്പിലാക്കാൻ എൻ.എച്ച്. എ.ഐ പദ്ധതിയിടുന്നുണ്ട്. സംസ്ഥാനത്തുടനീളം സുരക്ഷാ പരിശോധനകളും നടന്നുവരുന്നുണ്ട്.

