അരൂർ ഗവ. ആശുപത്രി കെട്ടിടത്തിന് ‘ആരോഗ്യ’മില്ല; രോഗികൾ പെരുവഴിയിൽ
text_fields1. സാങ്കേതിക വിദഗ്ധർ ഉപയോഗശൂന്യമെന്ന് കണ്ടെത്തിയ അരൂർ ആശുപത്രി കെട്ടിടം 2. ചീട്ടെടുക്കാൻ രോഗികൾ വെയിലത്ത് കാത്തുനിൽക്കുന്നു
അരൂർ: അരൂർ ഗവ. പ്രാഥമികാരോഗ്യകേന്ദ്രം ഇല്ലായ്മകളിൽ വലയുന്നു. ആശുപത്രി പ്രവർത്തിച്ചിരുന്ന കെട്ടിടം ഉപയോഗപ്രദമല്ലെന്ന് സാങ്കേതിക വിദഗ്ധർ വിലയിരുത്തിയതോടെ ആശുപത്രിയുടെ പ്രധാന കെട്ടിടം അടച്ചുപൂട്ടിയിട്ട് രണ്ടുമാസം കഴിഞ്ഞു. തൊട്ടരികിലുള്ള കെട്ടിടത്തിലാണ് ആശുപത്രിയുടെയും ആരോഗ്യ കേന്ദ്രത്തിന്റെയും എല്ലാ പ്രവർത്തനങ്ങളും തിങ്ങി ഞെരുങ്ങി നടക്കുന്നത്.
ഡോക്ടർമാരുടെ പരിശോധനയും മരുന്നു വിതരണവും കുത്തിവെപ്പും മുറിവിൽ മരുന്ന് വയ്ക്കലും ലാബ് പരിശോധനകളും കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്ക്കലും തുടങ്ങി ആരോഗ്യപ്രവർത്തകരുടെ യോഗങ്ങൾ ഉൾപ്പെടെ നടത്തുന്നതും ഈ കെട്ടിടത്തിലാണ്. ആശുപത്രിയിൽ എത്തുന്നവർക്ക് ചീട്ട് എടുക്കാൻ പോലും സൗകര്യമില്ല. വരുന്നവർ മഴയത്തും വെയിലത്തും പുറത്ത് നിരയായി നിൽക്കേണ്ടിവരും. ദിവസേന ശരാശരി 200ലധികം രോഗികൾ എത്തുന്ന ആതുരാലയമാണിത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പഴയ കെട്ടിടം തകർന്നുവീണപ്പോൾ സംസ്ഥാനത്താകെ ആശുപത്രി കെട്ടിടങ്ങളുടെ ദുരവസ്ഥയിൽ വ്യാപക പരിശോധന നടന്നു. അക്കൂട്ടത്തിലാണ് അരൂരിലെ ആശുപത്രി കെട്ടിടവും അൺഫിറ്റാണെന്ന് കണ്ടെത്തിയത്. ആശുപത്രിയുടെ പ്രവർത്തനം വാടക കെട്ടിടത്തിലേക്ക് മാറ്റുന്നതിന് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കെട്ടിടം ലഭിച്ചില്ലെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് കുന്നേൽ പറഞ്ഞു.
നിലവിലുള്ള കെട്ടിടത്തിന്റെ മുകളിൽ പണിയുന്നതിന് 25 ലക്ഷം രൂപ അരൂർ ഗ്രാമപഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയാക്കി പണികൾ ഉടനെ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വലിയ ആശുപത്രി കെട്ടിടം പണിയുന്നതിന് ഷൈലജ ടീച്ചർ ആരോഗ്യവകുപ്പ് മന്ത്രിയായിരിക്കെ ശിലാസ്ഥാപനം നടത്തിയതാണ്. മൂന്നു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
തുടർനടപടികൾ ഒരിടത്തും എത്തിയില്ല. ആശുപത്രിയുടേതെന്നു കരുതിയിരുന്ന സ്ഥലത്തിൽ അഞ്ചു സെന്റ് സ്ഥലം വില്ലേജ് ഓഫീസ് നിർമിക്കുന്നതിന് റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അതിന്റെ നിർമാണം ഉടൻ നടക്കുമെന്നറിയുന്നു. ആശുപത്രി കെട്ടിടം നിർമിക്കാനുള്ള നടപടികൾ ഒരിടത്തും എത്തിയിട്ടില്ല.
ഇപ്പോൾ ഉപയോഗശൂന്യമാണെന്ന് വിലയിരുത്തിയ കെട്ടിടത്തിന്റെ കുറേ ഭാഗം ഉപയോഗപ്രദമാണെന്ന് ഒരു വിഭാഗം സാങ്കേതിക വിദഗ്ധർക്ക് അഭിപ്രായമുണ്ടെങ്കിലും അംഗീകരിക്കാൻ ആരോഗ്യവകുപ്പ് അധികൃത തയ്യാറാകാത്തതാണ് ആശുപത്രി പ്രവർത്തനം ഇങ്ങനെ തിങ്ങി ഞെരുങ്ങാൻ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

