കടലോളം ആവേശത്തിൽ തീരഗ്രാമങ്ങൾ
text_fieldsആറാട്ടുപുഴ ബസ് സ്റ്റാൻഡിന് തെക്ക് ഭാഗത്ത് കടൽത്തീരത്ത് ഉയർത്തിയ താരങ്ങളുടെ കട്ടൗട്ടുകൾ
ആറാട്ടുപുഴ: ഭൂഗോളത്തിന്റെ മറുകരയിൽ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ കാൽപന്തുകളിയുടെ പുതിയ ലോക മാമാങ്കത്തിന് തുടക്കം കുറിക്കുമ്പോൾ ഇപ്പുറത്ത് ആവേശ തിരമാലകൾ ഉയർന്നുപൊങ്ങുകയാണ്. അറബിക്കടലിന്റെ ഓരത്തെ തീരദേശ ഗ്രാമങ്ങളായ ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും കാൽപ്പന്തിനെ നെഞ്ചിലേറ്റിയ ആരാധകർ ഇളകി മറിയുന്നു. ഫുട്ബാൾ മാമാങ്കത്തെ വരവേൽക്കാൻ തെരുവുകളിൽ ആഘോഷങ്ങളുടെ അലയൊലികൾ തീർത്ത ആരാധകർക്ക് ഇനിയുള്ളത് ഉറക്കമില്ലാത്ത രാവുകൾ. സമയവ്യത്യാസം കാരണം മത്സരങ്ങൾ അർധ രാത്രിയിലും പുലർച്ചെയുമാണെങ്കിലും, തങ്ങളുടെ ഇഷ്ട താരങ്ങൾ അമേരിക്കൻ മണ്ണിൽ ഗോൾ വലകൾ കുലുക്കുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അവർ.
അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ജർമനി, ഫ്രാൻസ് എന്നീ ടീമുകൾക്കാണ് ഇവിടെ ഏറെ ആരാധകർ ഉള്ളത്. തെരുവോരങ്ങളിൽ വലിയ കട്ടൗട്ടുകളും ഫ്ലക്സുകളും സ്ഥാപിച്ച് മത്സരിക്കുകയാണ് ഇവർ. തെരുവോരങ്ങളിൽ വിവിധ രാജ്യങ്ങളുടെ പതാകകൾ പാറിക്കളിക്കുന്നു.
ആറാട്ടുപുഴ ബസ് സ്റ്റാൻഡിലും കാർത്തിക ജങ്ഷനിലും പത്തിശ്ശേരി ജങ്ഷനിലും കള്ളിക്കാട്ടും വട്ടച്ചാലും ആവേശം കൂടുതൽ പ്രകടമാണ്. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കരയിൽ ബ്രസീൽ ആരാധകർ പതിയാങ്കര ജങ്ഷനിൽ സ്ഥാപിച്ച കൂറ്റൻ ബോർഡ് ശക്തമായ കാറ്റിൽ കഴിഞ്ഞദിവസം നശിച്ചത് സംഘാടകരെ സങ്കടത്തിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

