കള്ളിക്കാട് സെന്റ് സെബസ്ത്യാനോസ് പള്ളി തിരുനാൾ ഹിന്ദുക്കൾ നടത്തിപ്പുകാർ; കാഴ്ചക്കാരായി ക്രിസ്ത്യാനികൾ
text_fieldsപള്ളിയുടെ തിരുനാൾ മഹോത്സവവുമായി ബന്ധപ്പെട്ട് നടന്ന തിരുരൂപം എഴുന്നള്ളത്തിൽ രൂപക്കൂട് ചുമലിലേറ്റി പോകുന്ന ഹൈന്ദവ വിശ്വാസികൾ
ആറാട്ടുപുഴ: കള്ളിക്കാട് സെന്റ് സെബസ്ത്യാനോസ് പള്ളിയുടെ തിരുനാൾ മഹോത്സവം ഇക്കൊല്ലവും ഗംഭീരമായി നടന്നു. പള്ളിപ്പെരുന്നാൾ എന്ന് കേൾക്കുമ്പോൾ ക്രിസ്ത്യാനികൾ നേതൃത്വം നൽകുന്ന ആഘോഷമാണെന്ന് ആരും ധരിക്കേണ്ട. ഹിന്ദുക്കൾ നടത്തിപ്പുകാരും ക്രിസ്ത്യാനികൾ കാഴ്ചക്കാരുമാകുന്ന ഭക്തിയും സാഹോദര്യവും ഉൾച്ചേരുന്ന വേറിട്ട ഒരു പള്ളി പെരുന്നാളിന്റെ കൺകുളിർമ പകരുന്ന കാഴ്ചയാണ് ആറാട്ടുപുഴ കള്ളിക്കാട് സെന്റ് സെബസ്ത്യാനോസ് ചർച്ചിന്റെ മുറ്റത്ത് ഇക്കൊല്ലവും കണ്ടത്. ക്രിസ്ത്യാനികൾ ഇല്ലാത്ത നാട്ടിൽ ഒരു പള്ളിപ്പെരുന്നാൾ നാടിന്റെ ആഘോഷമായി മാറുന്ന കാഴ്ചകൾക്ക് പിന്നിൽ നൂറ്റാണ്ട് പിന്നിടുന്ന ചരിത്രമുണ്ട്.
ചരിത്രമിങ്ങനെ:
1900ൽ ആഴക്കടലിൽ മറിഞ്ഞ പായ്ക്കപ്പലിൽനിന്ന് കള്ളിക്കാട് തീരത്തേക്ക് ഒലിച്ചുവന്നതാണ് സെന്റ് സെബസ്ത്യാനോസ് പുണ്യവാളന്റെ തിരുരൂപം. നാട്ടുകാർ സ്നേഹത്തോടെ ‘വെളുത്തച്ഛൻ’ എന്ന് വിളിച്ചു തുടങ്ങിയ ആരൂപം തങ്ങളുടെ നാടിന്റെ ഗ്രാമദേവനായി മത്സ്യത്തൊഴിലാളികൾ വിശ്വസിച്ചു. ക്രിസ്തീയ വിശ്വാസവുമായി ബന്ധപ്പെട്ട രൂപമാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ കൊല്ലം അതിരൂപത ആസ്ഥാനത്തെത്തി വിവരം ധരിപ്പിക്കുകയായിരുന്നു. അന്ന് ആ പ്രദേശത്ത് ഒരു ക്രിസ്ത്യാനി പോലും ഉണ്ടായിരുന്നില്ലെങ്കിലും നിവാസികളുടെ ആഗ്രഹം മാനിച്ച് അവിടെ സന്ദർശിച്ച പുരോഹിതർ തിരുരൂപം തീരത്ത് പ്രതിഷ്ഠിച്ചു. തറയിൽ കിഴക്കേതിൽ കുടുംബം വിട്ടുനൽകിയ സ്ഥലത്ത് ഓലമേഞ്ഞ പള്ളിയുയർന്നു. അത് ‘വെളുത്തച്ഛന്റെ പള്ളി’ എന്ന് അറിയപ്പെട്ടു തുടങ്ങി. 1909ൽ കൊല്ലം രൂപത ഇവിടെ യു.പി സ്കൂൾ സ്ഥാപിച്ചു. പിന്നീട് തീരത്തുനിന്ന് മാറി കണ്ടത്തിൽ കുടുംബം നൽകിയ ഒരേക്കറോളം സ്ഥലത്തേക്ക് 1935 മേയ് 19ന് ഫ്രഞ്ച് മിഷനറിയുടെ സഹായത്തോടെയാണ് ഇപ്പോഴുള്ള പള്ളിയും സ്കൂളും ഇങ്ങോട്ട് മാറ്റിസ്ഥാപിച്ചത്.
വെളുത്തച്ഛനെ കൈവിടാതെ അരയസമാജം
ആയിരക്കണക്കിന് ജനങ്ങൾ ഒത്തുചേരുന്ന 10 ദിവസം നീളുന്ന വലിയ ആഘോഷമായിരുന്നു ഒരുകാലത്ത് കള്ളിക്കാട് പള്ളിയുടെ പെരുന്നാൾ. എടത്വ പള്ളി പെരുന്നാൾ പോലെ അറിയപ്പെടുന്ന ആഘോഷമായിരുന്നു ഇവിടെ നടന്നുവന്നത്. അന്നും പത്തിൽ താഴെ കുടുംബങ്ങൾ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.
കൊല്ലം അതിരൂപതയുടെ ഇടപെടൽ മൂലം ഇവിടെ വന്ന് താമസിച്ച ക്രിസ്ത്യൻ കുടുംബങ്ങളായിരുന്നു ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. കാലങ്ങൾക്കിപ്പുറം പള്ളി പരിപാലിച്ചിരുന്ന കുടുംബങ്ങൾ നാടുവിട്ടുപോയി.
മത്സ്യത്തൊഴിലാളികൾ ഗ്രാമദേവനായി കണ്ടിരുന്ന വെളുത്തച്ഛന്റെ പെരുന്നാൾ മുടക്കാൻ നാട്ടുകാർ തയാറായിരുന്നില്ല. 1994 മുതൽ കള്ളിക്കാട് ശ്രീചിത്തിര വിലാസം അരയസമാജം പെരുന്നാൾ ആഘോഷങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആഘോഷ കമ്മിറ്റിയിൽ ഒരു ക്രിസ്ത്യാനി പോലുമില്ലെങ്കിലും നാടിന്റെ നന്മ മുറ്റിനിൽക്കുന്ന കാഴ്ചയാണെങ്ങും. നിലവിൽ ഒരു ക്രിസ്ത്യൻ കുടുംബം മാത്രമാണ് ഈ ഭാഗത്തുള്ളത്. കള്ളിക്കാട് ശ്രീ ചിത്തിരവിലാസം അരയ കരയോഗം പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരിൽ നോട്ടീസ് അടിച്ചാണ് പള്ളിപ്പെരുന്നാളിന്റെ ആഘോഷത്തിന് ആളുകളെ ക്ഷണിക്കുന്നത്.
പള്ളിപ്പെരുന്നാളിനായി പണം പിരിക്കുന്നതും നോട്ടീസ് അച്ചടിക്കുന്നതും മുതൽ റാസയിൽ തിരുരൂപം തോളിൽ ചുമക്കുന്നതും കുർബാന കേൾക്കാൻ ഇരിക്കുന്നതും പ്രദേശത്തെ ഹിന്ദുക്കളാണ്. കരയോഗം അങ്കണത്തിൽനിന്ന് വൻ ജനാവലി അണിനിരന്ന് ആരംഭിക്കുന്ന
എഴുന്നള്ളത്ത് വഴിയോരങ്ങളിൽ നിലവിളക്ക് കൊളുത്തിയാണ് ആബാലവൃദ്ധം ജനങ്ങൾ സ്വീകരിക്കുന്നത്. ചെണ്ടയുടെയും ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെ നീങ്ങുന്ന പ്രദക്ഷിണത്തിൽ ഒന്നോ രണ്ടോ വികാരിമാരും അവരോടൊപ്പം വിരലിൽ എണ്ണാവുന്ന ഏതാനും പേരും മാത്രമാണ് ക്രിസ്ത്യൻ വിശ്വാസികളായുണ്ടാകുക.
ഉണക്ക തേങ്ങയിട്ട് വറുത്ത അരിയാണ് ഇവിടത്തെ പ്രധാന നേർച്ച. എഴുന്നള്ളത്ത് കടന്നുപോകുമ്പോൾ നേർച്ച വാങ്ങാനും നൽകാനും നൂറുകണക്കിനാളുകൾ വഴിയോരങ്ങളിൽ തടിച്ചുകൂടും. പള്ളി അങ്കണത്തിൽ ഗ്രാമത്തിലെ സ്ത്രീകൾ ഒത്തുചേർന്നൊരുക്കുന്ന വിപുലമായ നേർച്ചസദ്യ ഈ കൂടിച്ചേരലിന് രുചിപകരുകയും ചെയ്യുന്നു.
ഞായറാഴ്ച സമാപിച്ച തിരുനാൾ ആഘോഷങ്ങളിൽ കൊല്ലം രൂപതയുടെ കീഴിലുള്ള മുതുകുളം ചൂളത്തെരുവ്, വെമ്പുഴ ഇടവകകളിൽ നിന്നുള്ള നിരവധി വിശ്വാസികളും പങ്കുചേർന്നു. എല്ലാവർക്കും നാട്ടുകാർ സദ്യ വിളമ്പി. ശ്രീചിത്തിര വിലാസം അരയസമാജം പ്രസിഡന്റ് എസ്. ലിജു, സെക്രട്ടറി യു. സുമേഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ശിവനട ക്ഷേത്ര കമ്മിറ്റിയുടെ പിന്തുണയും ആഘോഷങ്ങൾക്ക് ഉണ്ടായിരുന്നു.
ഫാ. ജോബി പുളിക്കൽ കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ഡി.എൻ. ലോറൻസ് വചനപ്രഘോഷണം നടത്തി. പരുമല വികാരി ഫാ. റൊമാരിയോ സമാപന ദിവ്യബലിക്ക് നേതൃത്വം നൽകി. മതവിശ്വാസികൾക്കിടയിൽ വെറുപ്പ് പടരുന്ന വർത്തമാനകാലത്ത് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഈ പെരുന്നാൾ മഹോത്സവം ലോകത്തിനുതന്നെ മാതൃകയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

