പൈപ്പ് പൊട്ടി നീർച്ചാൽ; ജല അതോറിറ്റിക്ക് കുലുക്കമില്ല
text_fieldsആറാട്ടുപുഴ: ഭൂമിക്കടിയിലൂടെയുള്ള കുടിവെള്ളപൈപ്പ് പൊട്ടി നീർച്ചാൽ രൂപപ്പെട്ടിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല. ആറാട്ടുപുഴ പഞ്ചായത്ത് ഒന്നാം വാർഡിൽ മംഗലം ആൽത്തറ ജങ്ഷൻ ഭാഗത്ത് വലിയഴീക്കൽ-തൃക്കുന്നപ്പുഴ റോഡിന്റെ അടിയിലൂടെ പോകുന്ന പൈപ്പാണ് പൊട്ടിയത്. രണ്ടാഴ്ചയോളമായെങ്കിലും പ്രശ്നം പരിഹരിച്ചിട്ടില്ല.
നൂറുകണക്കിന് ലിറ്റർ കുടിവെള്ളമാണ് ദിവസേന പാഴാകുന്നത്. നീർച്ചാൽ കണക്കെ വെള്ളം കിഴക്കോട്ട് ഒഴുകി വഴികളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വെള്ളം കെട്ടിനിന്ന് റോഡിന്റെ തകർച്ചക്ക് കാരണമാകുന്നു. പൈപ്പ് പൊട്ടിയ ദിവസം തന്നെ ജലഅതോറിറ്റി അധികൃതരെ വിവരമറിയിച്ചിരുന്നു. ബന്ധപ്പെട്ട ആളുകളെത്തി പ്രശ്നം ബോധ്യപ്പെട്ട് പോയിട്ട് ദിവസങ്ങളായെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഈ അവസ്ഥയിലാണ് വെള്ളം പാഴാകുന്നത്. അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.

