വിവാഹ വാഗ്ദാനത്തിൽനിന്നും കാമുകൻ പിന്മാറി; യുവതി ആത്മഹത്യ ചെയ്തു
text_fieldsആറാട്ടുപുഴ: വിവാഹ വാഗ്ദാനം നൽകിയതിന് ശേഷം കാമുകൻ പിന്മാറിയതിൽ മനംനൊന്ത് നഴ്സിങ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പെരുമ്പള്ളി മുരിക്കിൽ വിശ്വനാഥെൻറയും ഗീതയുടെയും മകൾ അർച്ചനയാണ് (21) കഴിഞ്ഞ ദിവസം വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെ വീട്ടിനുള്ളിൽ അവശനിലയിൽ കണ്ട യുവതിയെ ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ച 3.30ഓടെ മരിച്ചു.
കായംകുളം കണ്ടല്ലൂർ പുതിയവിള സ്വദേശിയായ യുവാവുമായി സ്കൂളിൽ പഠിക്കുന്ന കാലം മുതൽ പ്രണയത്തിലായിരുന്നു. കൊല്ലം വി.എൻ.എസ്.എസ് കോളജിൽ ബി.എസ്സി നഴ്സ് അവസാന വർഷത്തിന് പഠിക്കുകയായിരുന്നു അർച്ചന. വിവാഹ അഭ്യർഥനയുമായി യുവാവ് ഒരുവർഷം മുമ്പ് യുവതിയുടെ വീട്ടുകാരെ സമീപിച്ചതായാണ് വിവരം. പഠനം കഴിഞ്ഞിട്ട് നടത്താമെന്ന മറുപടിയാണ് യുവതിയുടെ വീട്ടുകാർ നൽകിയത്. പിന്നീട് സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയത്തെ ചൊല്ലി വിവാഹത്തിൽനിന്നും യുവാവിെൻറ വീട്ടുകാർ പിന്തിരിയുകയായിരുന്നു എന്നാണ് ആരോപണം.
തുടർന്ന് മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിക്കുകയും വിവാഹ നിശ്ചയം തീരുമാനിക്കുകയും ചെയ്തു. ഇതിൽ മനംനൊന്താണ് യുവതി വിഷക്കായ കഴിച്ച് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. പൊലീസ് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിലും വിവാഹം മുടങ്ങിയതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് വ്യക്തമാകുന്നുണ്ട്.

