അംഗൻവാടികളിൽ ‘ചിരിക്കിലുക്കം’ പ്രവേശനോത്സവം വർണാഭമായി
text_fieldsതാമരക്കുളം ഗ്രാമ പഞ്ചായത്ത് ടൗൺ വാർഡ് 107-ാം നമ്പർ അംഗൻവാടിയിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര
ആലപ്പുഴ: കുരുന്നുകളുടെ ചിരിക്കിലുക്കവുമായി അംഗൻവാടി പ്രവേശനോത്സവം. പുത്തൻബാഗും കുടയും ചൂടിയെത്തിയ കുരുന്നുകളെ വിവിധ വർണങ്ങളിലുള്ള തൊപ്പിയും സമ്മാനപ്പൊതികളുമായിട്ടാണ് അധ്യാപകർ സ്വീകരിച്ചത്.
സമ്മാനങ്ങൾ കിട്ടിയിട്ടും മാതാപിതാക്കളെ വിട്ടുമാറില്ലെന്ന പിടിവാശിയിലായിരുന്നു ചിലർ. പുതിയ കളിപ്പാട്ടങ്ങളും കൂട്ടുകാരെയുമെല്ലാം കണ്ടപ്പോൾ മനസ്സ് മാറിയവരും ഇക്കൂട്ടത്തിലുണ്ട്. ചൊവ്വാഴ്ച ജില്ലയിലെ 2150 അംഗൻവാടികളാണ് പ്രവേശനോത്സവം നടന്നത്.
സംസ്ഥാന ശിശുവകുപ്പിന്റെ നേതൃത്വത്തിൽ ‘ചിരിക്കിലുക്കം’ എന്നപേരിലാണ് ആദ്യദിനം ആലോഷിച്ചത്. ഇനി ജൂൺ അഞ്ചുവരെ നീളുന്ന വിവിധ പരിപാടികളുമുണ്ടാകും.
കുട്ടികളെ പ്രകൃതിപരിചയപ്പെടുത്തും.. ‘ഒരു തൈ നടാം’ എന്ന പേരിൽ വീടുകളിൽ വൃക്ഷത്തൈകൾ നടും. ‘എന്റെ തോട്ടം’ എന്ന പേരിൽ പൂന്തോട്ടം ഒരുക്കലും ഉണ്ടാകും.
ഹരിപ്പാട്: ചിങ്ങോലി പഞ്ചായത്ത് 61 -ാം നമ്പർ അംഗൻവാടി പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് അശ്വതി തുളസി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് മെമ്പർ ഗീത ശ്രീജി, വാർഡ് മെമ്പർ ഇന്ദുലത, അംഗൻവാടി അധ്യാപിക ഗീതമ്മ, നിയാസ് വന്ദികപള്ളി എന്നിവർ സംസാരിച്ചു.
എസ്.എസ്.എൽ.സി.പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിച്ചു.
ചേർത്തല: വയലാർ പഞ്ചായത്ത് 12ാം വാർഡിൽ അംഗൻവാടി പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി നായർ ഉദ്ഘാടനം ചെയ്തു. ചേർത്തല നഗരത്തിലെ ടൗൺ എൽ പി സ്കൂളിൽ എൽ കെ ജി പ്രവേശനോത്സവം നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഇന്ന് രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും. ഒന്നാം ക്ലാസിൽ മാത്രം 152 കുട്ടികൾ പ്രവേശനത്തിനുണ്ട്.
കടക്കരപ്പള്ളി ഗവൺമെന്റ് എൽ.പി.എസിൽ ഒന്നിന് നടക്കുന്ന പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കു തറ ഉദ്ഘാടനം ചെയ്യും. വയലാർ പഞ്ചായത്ത് നോർത്ത് എൽപിഎസിൽ നടക്കുന്ന പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് കവിതാ ഷാജി ഉദ്ഘാടനം ചെയ്യും.
അമ്പലപ്പുഴ: സംസ്ഥാനത്ത് അംഗൻ വാടികളിൽ ആദ്യമായി യൂണിഫോം ഏർപ്പെടുത്തിയ കരുമാടി 116-ാം നമ്പർ അംഗൻ വാടിയിൽ ഇക്കുറിയും നിറപ്പകിട്ടാർന്ന രീതിയിലാണ് പ്രവേശനോത്സവം നടന്നത്. കുരുന്നുകളുടെ പ്രാർത്ഥനാ ഗാനവും നടന്നു. എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾക്കൊപ്പം കുടയും നൽകി. ആദ്യ ദിവസം പായസവും നൽകി. തകഴി പഞ്ചായത്ത് പ്രസിഡന്റ് എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. രക്ഷാകർതൃ സമിതി പ്രസിഡന്റ് കരുമാടി മോഹനൻ അധ്യക്ഷത വഹിച്ചു. മതി കുമാർ, സുരേഷ്, വർക്കർ സൽമ, ഹെൽപ്പർ പ്രിൻസി എന്നിവർ പങ്കെടുത്തു.
ചാരുംമൂട്: താമരക്കുളം ഗ്രാമ പഞ്ചായത്തിലെ 17 വാർഡുകളിലെയും അംഗൻവാടികളിൽ ആഘോഷപൂർവം പ്രവേശനോത്സവം നടന്നു. പ്രസിഡൻറ് ജി.വേണു, വൈസ് പ്രസിഡൻറ് ഷൈജ അശോകൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.ബി.ഹരികുമാർ, ആർ.ദീപ, ദീപ ജ്യോതിഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ദീപ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
തുറവൂർ: പ്രവേശനോത്സവത്തിനത്തിൽ പള്ളിത്തോട് ഇല്ലിക്കലിലെ മൂന്ന് അങ്കണവാടിയിലെ 50-ളാം കുരുന്നുകൾക്ക് പള്ളിത്തോട് എൽഡരാടോ ക്ലബിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നല്കി. തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. രഞ്ജിത്ത് എം ആർ, നെൽസൺ കെ എം, മേരി എം ജെ, അഭിയ പി കെ, സന്ധ്യ കെ പി എന്നിവർ സംസാരിച്ചു.
തൃക്കുന്നപ്പുഴ: പാനൂർ 14ാം വാർഡിൽ 134 ാം നമ്പർ അംഗൻവാടിയിലെ പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു. മെംബർ ഷാജില ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. അധ്യാപിക രതി, അബ്ദുൽ റസാഖ് ചക്കിട്ടപറമ്പൻ തമീംകാട്ടിൽ അംഗം. താഹിറ, ഹനീഫ എന്നിവർ സംസാരിച്ചു.