സ്വകാര്യതയില്ല; ആലപ്പുഴയിലെ അമ്മത്തൊട്ടിൽ 'നോക്കുകുത്തി'
text_fieldsആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിക്ക്
മുന്നിലെ അമ്മത്തൊട്ടിൽ
ആലപ്പുഴ: കുഞ്ഞുങ്ങളെ സുരക്ഷിതമായും രഹസ്യമായും ഉപേക്ഷിക്കാനാവാതെ വഴിയോരത്തെ അമ്മത്തൊട്ടിൽ. ആൾത്തിരക്കിൽ നോക്കുകുത്തിയായി നിലനിൽക്കുകയാണ് ആലപ്പുഴയിലെ അമ്മത്തൊട്ടിൽ. ജനിച്ച് അൽപസമയം മാത്രമായ പെൺകുഞ്ഞിനെ തുമ്പോളിയിൽ കാടുപിടിച്ച സ്ഥലത്ത് അമ്മ ഉപേക്ഷിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ബീച്ചിന് സമീപത്തെ ആശുപത്രി മതിലിനോട് ചേർന്നാണ് നിലവിലെ അമ്മത്തൊട്ടിൽ.
സമീപത്ത് ഓട്ടോസ്റ്റാൻഡും നിരവധി കച്ചവടക്കാരും റിസോർട്ടും ബീച്ചിലെ സന്ദർശകരും ഉള്ളത് അമ്മത്തൊട്ടിലിന്റെ സ്വകാര്യതക്ക് തടസ്സമാണ്. കുഞ്ഞുങ്ങളെ ഉപേക്ഷിക്കാനെത്തുന്നവർക്ക് ആരും കാണാതെ അമ്മത്തൊട്ടിലിൽ എത്താനാവാത്ത സ്ഥിതിയാണ്.
വഴിയോരത്തെ തൊട്ടിലിന് താഴെ തെരുവ്നായ്ക്കൾ കൂട്ടമായി തമ്പടിക്കുന്നതിനാൽ ഉക്ഷേിക്കുന്ന കുഞ്ഞിന്റെ ജീവൻപോലും അപകടത്തിലാകും. റോഡരികിൽ എല്ലാവരുടെയും നോട്ടം പതിയുന്നതിനാൽ സ്വകാര്യത ഉറപ്പാക്കാൻ നിലവിലെ അമ്മത്തൊട്ടിൽ മാറ്റാൻ ശിശുക്ഷേമ സമിതി തീരുമാനിച്ചിട്ടുണ്ട്. ഹൈടെക് രീതിയിൽ ആശുപത്രിയിലെ ബീച്ചിനോട് ചേർന്ന ഭാഗത്തെ മതിലിനോട് ചേർന്നാവും പുതിയ അമ്മത്തൊട്ടിൽ നിർമിക്കുക. ഇതിന്റെ സാധ്യത വിലയിരുത്താൻ രണ്ടാഴ്ച മുമ്പ് ജില്ല കലക്ടർ വി.ആർ. കൃഷ്ണതേജയുടെ നേതൃത്വത്തിൽ സംഘം സ്ഥലം സന്ദർശിച്ചിരുന്നു. സമാനരീതിയിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വാർഡിനോട് ചേർന്നും അമ്മത്തൊട്ടിൽ നിർമിക്കാൻ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. കുട്ടികൾ സുരക്ഷിതമല്ലാതെ ഉപേക്ഷിക്കപ്പെടുന്നത് തടയാനാണ് പുതിയ അമ്മത്തൊട്ടിലുകൾ സ്ഥാപിക്കുന്നത്. ആലപ്പുഴ വനിത-ശിശു ആശുപത്രിയോട് ചേർന്ന് 12 വർഷം മുമ്പാണ് നിലവിലെ അമ്മത്തൊട്ടിൽ സ്ഥാപിച്ചത്. നവജാതശിശുക്കളടക്കം 15 കുഞ്ഞുങ്ങളെയാണ് അമ്മത്തൊട്ടിലിലൂടെ കിട്ടിയത്. ഇവർ ഉൾപ്പെടെ 17കുട്ടികൾ ശിശുക്ഷേമസമിതിയുടെ ശിശുപരിചരണ കേന്ദ്രത്തിലാണ് കഴിയുന്നത്.
'ഹൈടെക്' അമ്മത്തൊട്ടിൽ
ആധുനികസംവിധാനത്തോടെയുള്ള ഹൈടെക് അമ്മത്തൊട്ടിൽ വേറിട്ടതാണ്. കുട്ടികളെ ഉപേക്ഷിക്കാൻ എത്തുന്ന അമ്മമാരെ നിരുത്സാഹപ്പെടുത്തുന്നതാണ് പുതിയരീതി. ''അരുത്....സ്വന്തം കുഞ്ഞിന് ലോകത്ത് ആരും നിങ്ങളെപ്പോലെ അമ്മയാകില്ല''...മുന്നിലെത്തിയാൽ റെക്കോഡ് ചെയ്ത ഈ ശബ്ദമാകും ആദ്യമെത്തുക. മനസ്സ് മാറാനുള്ള പ്രേരണയാണിത്. എന്നിട്ടും കുട്ടിയെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുന്നവർക്ക് മുന്നിൽ വാതിൽ തുറക്കും. കുട്ടിയെ കിടത്തിയാൽ പിന്നെ കാണാൻ കഴിയാത്തവിധം വാതിൽ അടയും. മൊബൈലിലൂടെ അപ്പോൾ തന്നെ ജില്ല കലക്ടർക്കും ശിശുക്ഷേമസമിതി ഭാരവാഹികൾക്കും സന്ദേശമെത്തും. കുട്ടിയുടെ ചിത്രവും ഭാരവും തൊട്ടിലിൽ വീണത് ആണോ പെണ്ണോയെന്ന് തിരിച്ചറിയാനും ഈ സന്ദേശത്തിലൂടെ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

