കുഞ്ഞുങ്ങളെ ഉപേക്ഷിക്കരുത്, അമ്മത്തൊട്ടിൽ ഇവിടുണ്ട്
text_fieldsആലപ്പുഴ: നവജാത ശിശുക്കൾക്കുനേരെ ജില്ലയിൽ അക്രമവും ഹത്യയും വർധിച്ച സാഹചര്യത്തിൽ പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്താൻ അമ്മത്തൊട്ടിൽ സേവനം ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം.
ജില്ലയിൽ അടുത്തിടെ രണ്ട് നവജാതശിശുക്കളുടെ ജീവൻ പൊലിഞ്ഞ സാഹചര്യത്തിലാണ് ജില്ല മെഡിക്കൽ ഓഫിസ് രംഗത്തെത്തിയത്. പള്ളിപ്പുറത്ത് നവജാതശിശുവിനെ അമ്മയും ആൺസുഹൃത്തും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടതാണ് ഏറ്റവും ഒടുവിലത്തേത്.
കഴിഞ്ഞമാസം പൂച്ചാക്കലിൽ വീട്ടിൽ പ്രസവിച്ച കുഞ്ഞിനെ മാതാവ് കാമുകനും സുഹൃത്തിനും കൈമാറി തകഴി കുന്നമ്മ പാടശേഖരത്തിൽ കുഴിച്ചുമൂടിയ സംഭവത്തിന് പിന്നാലെയാണിത്.
ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിയോട് ചേർന്നുള്ള റോഡിൽ റെയിൽവേ ക്രോസ് കടന്ന് മുന്നോട്ടുപോകുമ്പോൾ ഇടത് ഭാഗത്തായിട്ടാണ് ജില്ലയിലെ അമ്മത്തൊട്ടിൽ പ്രവർത്തിക്കുന്നത്. കുഞ്ഞിന്റെ സ്വകാര്യത പൂർണമായും ഉറപ്പാക്കി തൊട്ടിലിൽ നിക്ഷേപിക്കാം. വിവരങ്ങൾ നൽകേണ്ട ഉത്തരവാദിത്തമില്ലാതെ മാതാവിനും മറ്റുള്ളവർക്കും ഈതൊട്ടിലിൽ കുഞ്ഞിനെ കൊണ്ടുവെക്കാം. ഇവിടെയെത്തുന്ന കുഞ്ഞുങ്ങളുടെ തുടർപരിചരണവും സംരക്ഷണവും ബന്ധപ്പെട്ട വകുപ്പുകൾ ഏറ്റെടുത്ത് ചെയ്യും.
ദത്തെടുക്കൽ നിയമപ്രകാരം കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കാത്തിരിക്കുന്ന അനേകം ദമ്പതിമാരുണ്ട്. വനിത-ശിശു മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള cara.nic.in എന്ന വെബ്സൈറ്റില് ദത്തെടുക്കലുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും അറിയാനാകും. ദത്തെടുക്കൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർക്ക് കുട്ടികളെ ദത്ത് നൽകാൻ കഴിയുമെന്ന് ഡി.എം.ഒ അറിയിച്ചു.
അപ്രതീക്ഷിത ഗർഭധാരണം ഒഴിവാക്കാൻ ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കണം. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, നഗരങ്ങളിലെ കുടുംബക്ഷേമ കേന്ദ്രങ്ങൾ, ജില്ല, ജനറൽ, താലൂക്ക് ആശുപതികളിൽ പ്രവർത്തിക്കുന്ന പോസ്റ്റ്-പാർട്ടം കേന്ദ്രങ്ങൾ (പി.പി യൂനിറ്റ്) എന്നിവയിലൂടെ സേവനം ലഭ്യമാണ്. ഉചിതമായ മാർഗങ്ങൾ തെരഞ്ഞെടുക്കാനും കൂടുതൽ വിവരങ്ങൾക്കും സമീപത്തെ ആരോഗ്യ കേന്ദ്രവുമായും ആരോഗ്യ പ്രവർത്തകരെയും സമീപിക്കാം. 1056 ദിശ നമ്പറിലും സേവനങ്ങൾ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

